ആന്റ് ദ ഓസ്കാർ ഗോസ് ടു... | |
---|---|
![]() | |
സംവിധാനം | സലിം അഹമ്മദ് |
രചന | സലിം അഹമ്മദ് |
അഭിനേതാക്കൾ | ടൊവിനോ തോമസ് അനു സിത്താര നിക്കി റേ ഹാലോ ശ്രീനിവാസൻ സിദ്ദിഖ് സലിം കുമാർ |
സംഗീതം | ബിജിബാൽ |
ഛായാഗ്രഹണം | മധു അമ്പാട്ട് |
ചിത്രസംയോജനം | വിജയ് ശങ്കർ |
സ്റ്റുഡിയോ | അലൻസ് മീഡിയ കനേഡിയൻ മൂവീ |
വിതരണം | കലാസംഘം ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 124 മിനിറ്റുകൾ |
2019 സലിം അഹമ്മദ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ആന്റ് ദ ഓസ്കാർ ഗോസ് ടു.... ടൊവിനോ തോമസ്, ശ്രീനിവാസൻ, സിദ്ദിഖ്, അനു സിത്താര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബിജിബാൽ ആണ്.[1][2] ആദാമിന്റെ മകൻ അബു എന്ന തന്റെ ആദ്യ ചിത്രം നിർമ്മിച്ചതുമായ ബന്ധപ്പെട്ട് സംവിധായകനുണ്ടായ അനുഭവങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം.[3] ഓസ്കാർ പുരസ്കാര ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. [4]
ചലച്ചിത്ര സംവിധായകനാകാൻ ആഗ്രഹിക്കുന്ന ഒരു യുവാവാണ് ഇസഹാക്ക് ഇബ്രാഹിം (ടൊവിനോ തോമസ്). തന്റെ നാട്ടിലെ മൊയ്ദുക്കയുടെ (സലിം കുമാർ) ജീവിതത്തെ ആസ്പദമാക്കി മുൻപ് എഴുതിയ തിരക്കഥയുപയോഗിച്ച് ഇസഹാക്ക് സ്വന്തമായൊരു സിനിമ സംവിധാനം ചെയ്യാനും ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാകാൻ തീരുമാനിക്കുകയും ചെയ്യുന്നു. നിർമ്മാണത്തിനാവശ്യമായ പണത്തിനു വേണ്ടി ഇസഹാക്ക്, സ്വത്തിൽ തന്റെ ഭാഗമായി ലഭിച്ച സ്ഥലം പണയം വയ്ക്കുന്നു. തുടർന്ന് അഭിനേതാവായ അരവിന്ദനോടും (ശ്രീനിവാസൻ) ഛായാഗ്രാഹകനായ ശിവകുമാറിനോടും (ലാൽ) ഈ കഥ പറയുകയും അവർ സിനിമ ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്യുന്നു. ചിത്രീകരണത്തിനിടയിൽ ആവശ്യത്തിന് പണമില്ലാത്തതുമൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിലും ഒടുവിൽ 'മിന്നാമിനുങ്ങുകളുടെ ആകാശം' എന്ന പേരിൽ തന്റെ ആദ്യ ചിത്രം പൂർത്തിയാക്കുന്നു. ദേശീയ പുരസ്കാരത്തിന് അപേക്ഷിക്കേണ്ട അവസാന തീയതിയിൽ ശിവകുമാറിന്റെ കൂടി സഹായത്തോടെ ഇസഹാക്ക്, ചിത്രം പുരസ്കാരത്തിനു വേണ്ടി സമർപ്പിക്കുന്നു. ആ വർഷത്തെ ദേശീയ പുരസ്കാരങ്ങളിൽ അരവിന്ദന് മികച്ച നടനുള്ള പുരസ്കാരവും ഈ ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള പുരസ്കാരവും ലഭിച്ചു. കൂടാതെ ആ വർഷത്തെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിന് ഇന്ത്യയിൽ നിന്ന് ഔദ്യോഗികമായി ഇസഹാക്കിന്റെ ചിത്രം നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇതിനെത്തുടർന്ന് ഇസഹാക്കിന്റെ ചിത്രം കാണുന്ന വിദേശ മാർക്കറ്റിങ് കമ്പനി പ്രതിനിധിയായ മരിയ, ഇസഹാക്കുമായി സംസാരിച്ച് ഈ ചലച്ചിത്രം ഓസ്കാർ പുരസ്കാരം ലഭിക്കുന്നതിനു വേണ്ടി മാർക്കറ്റ് ചെയ്യാമെന്ന് ധാരണയിലെത്തുകയും ചെയ്യുന്നു.
വിദേശത്തെത്തിയ ഇസഹാക്ക് മൊയ്ദുക്കയുടെ സുഹൃത്തായ പ്രിൻസിനെ (സിദ്ദിഖ്) പരിചയപ്പെടുകയും പ്രിൻസിനെ ചിത്രത്തിന്റെ സ്ക്രീനിങ്ങിന് ക്ഷണിക്കുകയും ചെയ്തു. ഏതാനും സ്ക്രീനിങ്ങുകൾ വിജയകരമായി നടന്നുവെങ്കിലും പിന്നീട് നേരത്തേ തീരുമാനിച്ച പണം ഉടനെ തന്നെ ഇസഹാക്കിന് നൽകാൻ സാധിക്കാതെ പോയതിനെ തുടർന്ന് ഇസഹാക്കിനോട് മരിയ ദേഷ്യത്തോടെ പെരുമാറുകയും അവസാന സ്ക്രീനിങ്ങിനെത്തിയ അതിഥികൾക്കാവശ്യമായ ഭക്ഷണം ലഭിക്കാത്തതിന്റെ പേരിൽ ഇസഹാക്കുമായും പ്രിൻസുമായും മരിയ വഴക്കിടുകയും ചെയ്യുന്നു. സിനിമയോട് അതിയായ കമ്പമുള്ള പ്രിൻസ്, ഈ സംഭവത്തിൽ വളരെയധികം വേദനിക്കുന്നുണ്ട്. ദിവസങ്ങൾക്കു ശേഷം ഓസ്കാർ പുരസ്കാരത്തിനുള്ള അവസാന പട്ടികയിൽ തന്റെ ചിത്രം ഉൾപ്പെട്ടിട്ടില്ലെന്നറിയുന്ന ഇസഹാക്ക് തിരികെ നാട്ടിലേക്ക് പോകാനൊരുങ്ങുന്നു. പോകും മുമ്പ് അവിടെ വച്ച് ഉണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ആന്റ് ദ ഓസ്കാർ ഗോസ് ടു എന്ന പേരിലുള്ള പുതിയ ചിത്രത്തിന്റെ കഥ ഇസഹാക്ക് എഴുതി പൂർത്തിയാക്കുന്നു. നാട്ടിൽ തിരിച്ചെത്തുന്ന ഇസഹാക്ക് ആദ്യം മൊയ്ദുക്കയെ ചെന്നു കാണുന്നു. മൊയ്ദുക്കയുടെ വീട്ടിൽ വച്ച് മകൻ ഹർഷാദിനെയും കാണുന്നു. മിന്നാമിനുങ്ങുകളുടെ ആകാശം എന്ന ചിത്രത്തിൽ വിദേശത്ത് ജയിലിലാക്കപ്പെട്ട മൊയ്ദുക്കയുടെ മകനെ അവർക്ക് തിരികെ ലഭിക്കുന്നതോടെ ചിത്രം അവസാനിക്കുകയാണ്. എന്നാൽ യഥാർത്ഥത്തിൽ പൂർണ്ണ ആരോഗ്യവാനായി ഹർഷാദിനെ തിരിച്ചു കിട്ടിയില്ലെന്ന് മൊയ്ദുക്ക ഇസഹാക്കിനോട് പറയുന്നു. വിഷമത്തിലായ ഇസഹാക്ക് മൊയ്ദുക്കയോട് മാപ്പ് ചോദിക്കുകയും വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുകയും ചെയ്യുന്നു.
ലോസ് ആഞ്ചലസ്, കാനഡ, ചെന്നൈ, ബോംബെ, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലെല്ലാമായാണ് ആന്റ് ദ ഓസ്കാർ ഗോസ് ടു ചിത്രീകരിച്ചത്. ആദാമിന്റെ മകൻ അബു എന്ന ചലച്ചിത്രത്തിൽ മൊയ്ദുക്കയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സലിം കുമാറാണ്. ഈ ചിത്രത്തിൽ സലിം കുമാറിന് പകരം ശ്രീനിവാസൻ ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും സലിം കുമാർ, യഥാർത്ഥ മൊയ്ദുക്കയുടെ വേഷം അവതരിപ്പിക്കുകയും ചെയ്യുകയുണ്ടായി.