ആരതി ഗുപ്ത സാഹാ | |
---|---|
ജനനം | 24 സെപ്തംബർ1940 കൊൽക്കത്ത. പശ്ചിമബംഗാൾ |
മരണം | 23 ആഗസ്ത് 1994 കൊൽക്കത്ത. പശ്ചിമബംഗാൾ | (വയസ്സ്53)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | നീന്തൽ |
പുരസ്കാരങ്ങൾ | പദ്മശ്രീ 1960ൽ |
ഇന്ത്യക്കാരിയായ ദീർഘദൂര നീന്തൽ താരമായിരുന്നു ആരതി സാഹ (ഇംഗ്ലീഷ്:Arati Gupta Saha )( 24 സെപ്തംബർ 1940 – 23 ആഗസ്ത് 1994). കൽക്കത്തയിൽ ജനിച്ച ആരതി നാലു വയസ്സിലേ നീന്താൻ തുടങ്ങിയിരുന്നു. 1959 സെപ്റ്റംബർ 29 ന് ഇംഗ്ലീഷ് ചാനൽ നീന്തിക്കടക്കുന്ന ആദ്യത്തെ ഏഷ്യൻ വനിതയായി.[1] മിഹിർസെന്നായിരുന്നു പ്രചോദനം. 1960 ൽ രാജ്യം, ഇന്ത്യയിലെ ഏറ്റവും ഉയർന്ന നാലാമത്തെ സിവിലിയൻ ബഹുമതിയായ പദ്മശ്രീ നൽകി ആദരിച്ചു. പദ്മശ്രീ ലഭിക്കുന്ന ആദ്യത്തെ വനിതാ നീന്തൽ താരമായിരുന്നു ആരതി.
ഒരു ബംഗാളി മദ്ധ്യവർഗ്ഗ കുടുംബത്തിലാണ് 1940ൽ ആരതി ജനിച്ചത്. അച്ഛൻ പഞ്ചുഗോപാൽ സാഹ സൈന്യത്തിൽ ജോലി ചെയ്തിരുന്നു. മൂന്നു സഹോദരങ്ങളിൽ രണ്ടാമത്തെയാളാണ് ആരതി.[2] ആരതിക്കു രണ്ടുവയസ്സു കഴിഞ്ഞപ്പോൾ അവളുടെ അമ്മ മരിക്കുകയുണ്ടായി. അതുകൊണ്ട് ആരതിയെ ഉത്തര കൽക്കത്തയിലുള്ള അമ്മൂമ്മയാണ് പിന്നീട് വളർത്തിയത്. സഹോദരനും സഹോദരിയും അമ്മയുടെ വീട്ടിലുമായി വളർന്നു.
നാലു വയസ്സുള്ളപ്പോൾ അമ്മാവനോടൊപ്പം ചാമ്പതല നദിയിൽ കുളിക്കുവാൻ പോയിരുന്നു. അവിടെ വച്ച് അവൾ നീന്തൽ പഠിച്ചു. കൊച്ചു ആരതിയുടെ നീന്തൽ കണ്ട് അച്ഛൻ പാഞ്ചുഗോപാൽ സാഹ അവളെ 1946 ൽ ഹഡ്ഖോല നീന്തൽ ക്ലബ്ബിൽ ചേർത്തു. ഒരു വർഷം കഴിഞ്ഞപ്പോഴേക്കും ഷൈലേന്ദ്ര സ്മാരക നീന്തൽ മത്സരത്തിൽ 110 യാർഡ് ഫ്രീസ്റ്റൈൽ ഇനത്തിൽ ജയിച്ചു. അതായിരുന്നു ആരതിയുടെ നീന്തൽ ജീവിതത്തിന്റെ തുടക്കം.
1960 ൽ അവർക്ക് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ ലഭിച്ചു. 1996-ൽ ആരതി സാഹയുടെ വസതിക്ക് സമീപം അവരുടെ പ്രതിമ സ്ഥാപിക്കുകയും, അതിന് മുന്നിലുള്ള 100 മീറ്റർ നീളമുള്ള പാതയ്ക്ക് അവരുടെ പേര് നൽകുകയും ചെയ്തു.[3] 1999 ൽ ഇന്ത്യൻ തപാൽ വകുപ്പ്, ആരതി സാഹയോടുള്ള ആദരസൂചകമായി അവരുടെ ചിത്രം പതിച്ച 3 രൂപയുടെ തപാൽ സ്റ്റാമ്പ് പുറത്തിറക്കി.