ഒരു പലസ്തീനിയൻ എഴുത്തുകാരനും രാഷ്ട്രീയക്കാരനുമായിരുന്നു ആരിഫ് അൽ ആരിഫ് ( അറബി: عارف العارف). 1950 കളിൽ കിഴക്കൻ ജറുസലേം മേയറായി ആരിഫ് അൽ ആരിഫ് സേവനമനുഷ്ഠിച്ചു.
1892 ൽ ജറുസലേമിലാണ് ആരിഫ് അൽ ആരിഫിന്റെ ജനനം. [1] പച്ചക്കറി കച്ചവടക്കാരനായിരുന്നു പിതാവ്. പ്രൈമറി സ്കൂളിലെ പഠനത്തിൽ മികവ് പുലർത്തിയ അദ്ദേഹത്തെ തുർക്കിയിലെ ഹൈസ്കൂളിലേക്ക് അയച്ചു. മർജാൻ പ്രിപ്പറേറ്ററി സ്കൂളിലും ഇസ്താംബൂളിലെ മുൽക്കിയ കോളേജിലും പഠിച്ചു. കോളേജ് പഠനകാലത്ത് അദ്ദേഹം ഒരു തുർക്കി പത്രത്തിന് വേണ്ടി എഴുതിത്തുടങ്ങി. വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഭാഷകനായി ജോലിചെയ്തു. [2] ഒന്നാം ലോകമഹായുദ്ധത്തിൽ ഓട്ടോമൻ സേനയിലെ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിക്കവേ പിടിയിലായ അദ്ദേഹം സൈബീരിയയിലെ ക്രാസ്നോയാർസ്കിൽ മൂന്നുവർഷം യുദ്ധതടവുകാരനായിരുന്നു. അക്കാലത്ത്, നകത്തുല്ല [ദൈവത്തിന്റെ ഒട്ടകം] എന്ന പേരിൽ ഒരു കയ്യെഴുത്തുപത്രം തയ്യാറാക്കിയിരുന്നു. ഏണസ്റ്റ് ഹേക്കലിന്റെ ഡൈ വെൽട്രെത്സെൽ (" ദി റിഡിൽസ് ഓഫ് ദി യൂണിവേഴ്സ് ") തുർക്കിയിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തു. റഷ്യൻ വിപ്ലവത്തിനുശേഷം രക്ഷപ്പെട്ട അദ്ദേഹം പലസ്തീനിലേക്ക് മടങ്ങി.
ജൂലൈ 30, 1973 ന് അൽ-ബിരെഹിൽ വെച്ച് ആരിഫ് മരണപ്പെട്ടു .