ആര്യ | |
---|---|
ജനനം | ജംഷാദ് സീതിരകത്ത് ഡിസംബർ 11, 1980 |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 2005 – മുതൽ |
തമിഴിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് ആര്യ എന്ന പേരിലറിയപ്പെടുന്ന ജംഷാദ് സീതിരകത്ത്. 1980 ഡിസംബർ 11-ന് കേരളത്തിലെ കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിൽ ജനിച്ച ജംഷാദ് 2005-ൽ 'ഉള്ളം കേക്കുമേ' എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ചു. 'അറിന്തും അറിയാമലും' ആണ് ആദ്യം റിലീസായ ചിത്രം. ഇരുപതിലധികം തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. പറ്റിയൽ (2006), നാൻ കടവുൾ (2009), മദ്രാസപ്പട്ടിണം (2010), ബോസ് എങ്കിറ ബാസ്‌കരൻ (2010) എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.
തൃക്കരിപ്പൂരിൽ 1980 ഡിസംബർ 11-ന് ജനിച്ച ആര്യ ചെന്നൈയിലെ എസ്.ബി.ഒ.എ മെട്രിക്കുലേഷൻ ആന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ചെന്നൈയിലെ തന്നെ ക്രസന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പൂർത്തിയാക്കി. ഷാഹിർ (തമിഴ് നടൻ സത്യ), റാസി എന്നീ സഹോദരന്മാരുണ്ട്. സിനിമയിലെത്തുന്നതിനു മുമ്പ് ആര്യ മോഡലിംഗ് ചെയ്യാറുണ്ടായിരുന്നു. ചെന്നൈയിലെ അണ്ണാനഗറിൽ ആര്യയുടെ കുടുംബം ഒരു റസ്‌റ്റോറണ്ട് നടത്തുന്നുണ്ട്.
കമ്പ്യൂട്ടർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നതിനിടെ സംവിധായകൻ ജീവയാണ് ആര്യയെ കണ്ടെത്തുന്നത്. ചെന്നൈയിൽ ഒരേ പ്രദേശത്തുള്ള വീടുകളിൽ താമസിച്ചിരുന്ന ഇരുവരും പള്ളിയിൽ വെച്ചും മറ്റും കണ്ടുമുട്ടാറുണ്ടായിരുന്നു. ജീവയുടെ 'ഉള്ളം കേക്കുമേ' എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ തന്നെ ആര്യ ശ്രദ്ധേയനായി. ഈ സിനിമയിൽ തന്നെയാണ് മലയാളി നടി അസിൻ തോട്ടുങ്കൽ തമിഴിൽ അരങ്ങേറുന്നത്. വിഷ്‌ണുവർധന്റെ 'അറിന്തും അറിയാമലും' ആണ് ആര്യയുടേതായി പുറത്തിറങ്ങിയ ആദ്യ ചിത്രം. ഈ ചിത്രത്തിലെ 'കുട്ടി' എന്ന കഥാപാത്രത്തിന് തമിഴിലെ മികച്ച പുരുഷ അരങ്ങേറ്റക്കാരനുള്ള ഫിലിംഫെയർ പുരസ്‌കാരം ലഭിച്ചു. നാൻ കടവുൾ, മദ്രാസിപട്ടണം എന്നീ ചിത്രങ്ങളിൽ ആര്യയുടെ അഭിനയം നിരൂപകശ്രദ്ധ പിടിച്ചുപറ്റി.
മികച്ച തമിഴ് പുതുമുഖത്തിനുള്ള ഫിലിംഫെയർ അവാർഡ്, ഗൾഫ് ഡോട്ട്‌കോം സിനിമാ അവാർഡ്