ദേശീയ ആരോഗ്യപദ്ധതിയുടെ (NHM) ഭാഗമായി ഓരോ വില്ലേജിലും ഭാരത സർക്കാറിനാൽ നിയമിക്കപ്പെടുന്ന അംഗീകൃത സാമൂഹിക ആരോഗ്യപ്രവർത്തകരാണ് ആശ (Accredited Social Health Activists - ASHA) അഥവാ ആശ വർക്കർ. ഇവർ ആരോഗ്യരംഗത്തെ ആക്ടിവിസ്റ്റുകൾ അഥവാ സന്നദ്ധ പ്രവർത്തകരാണ്. സ്ത്രീകളാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. [1] 2005ൽ ആണ് ഈ ദൗത്യസംഘം ആരംഭിച്ചത്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടു വളരെ വലിയ സേവനമാണ് ഇവർ ചെയ്തു പോരുന്നത്.[2][3]
കേരളത്തിലെ ആയിരം ജനസംഖ്യക്ക് ഒരു ആശാപ്രവർത്തക എന്നതാണ് ലക്ഷ്യം. 2007 പ്രവർത്തനം തുടങ്ങിയ കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളിലെ ഓരോ വാർഡിലും നിയമിക്കുന്ന സാമൂഹിക ആരോഗ്യ പ്രവർത്തകരാണ് ആശാ വർക്കർമാർ. അതാതു ഗ്രാമപ്രദേശങ്ങളിലുള്ള സ്ത്രീകളെയാണ് ആശ വർക്കർമാരായി പരിശീലനം നൽകിക്കൊണ്ട് നിയമിക്കുന്നത്. ഗവണ്മെന്റ് സാമൂഹ്യ ക്ഷേമ വിഭാഗത്തിന് കീഴിലായാണ് ആശ വർക്കർമാർ പ്രവർത്തിക്കുന്നത്.
അതത് വില്ലേജിലെ 24-45 പ്രായപരിധിയിൽപെട്ട ഒരു വനിതയെ ആണ് ആശാപ്രവർത്തകയായി തിരഞ്ഞെടുക്കുന്നത്.
8 ഘട്ടങ്ങളായി 40 ദിവസത്തെ ശാസ്ത്രീയമായ പരിശീലനം നേടിയാണ് ആശ വർക്കർമാർ ആരോഗ്യ പ്രവർത്തനത്തിൽ പങ്കാളികളാകുന്നത്. 8 ഘട്ടങ്ങളിലായി ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും അനുബന്ധ കാര്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
ആശാപ്രവർത്തകർ സന്നദ്ധസേവകർ ആണെങ്കിലും പ്രവർത്തിക്കുന്ന ദിവസങ്ങളിൽ വേതനം നൽകാറുണ്ട്. 7000 മുതൽ 9000 രൂപ വരെയാണ് ഒരു ആശാ പ്രവർത്തകയുടെ വേതനം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് വേതനം നൽകുന്നത്.[4] മറ്റു ജോലികളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് പൊതുവെ കുറവാണ്. വേതനം വർധിപ്പിക്കണം എന്നാവശ്യപെട്ടുകൊണ്ടു ആശാ പ്രവർത്തകർ സമരം ചെയ്തത് വാർത്ത ആയിരുന്നു.