ഇന്ത്യയിലെ മുംബൈ നഗരത്തിലെ ഒരു ത്രികോണാകൃതിയിലുള്ള മൈതാനമാണ് ആസാദ് മൈതാനം.[1] ഛത്രപതി ശിവാജി ടെർമിനസ് സ്റ്റേഷന് സമീപം 25 ഏക്കർ (10 ഹെക്ടർ) സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്റർ സ്കൂൾ ക്രിക്കറ്റ് മത്സരങ്ങളുടെ സ്ഥിരം വേദിയാണിത്. പേർഷ്യൻ ഭാഷയിൽ ആസാദ് എന്ന പേരിന്റെ അർത്ഥം "സ്വാതന്ത്ര്യം" എന്നാണ്. മൈതാനം ക്രിക്കറ്റ് പിച്ചുകൾക്കും പ്രതിഷേധ യോഗങ്ങൾക്കും രാഷ്ട്രീയ റാലികൾക്കും പേരുകേട്ടതാണ് ഈ മൈതാനം.
പഴയകാലത്ത് ക്യാമ്പ് മൈദാൻ എന്ന് ഈ മൈതാനം അറിയപ്പെട്ടിരുന്നു. തിരക്കേറിയ ഫോർട്ട് പ്രദേശത്തെ കന്നുകാലികൾ ഈ മൈതാനം സ്വതന്ത്രമായി മേയാൻ ഉപയോഗിച്ചിരുന്നു. 1838-ൽ ബ്രിട്ടീഷ് ഭരണാധികാരികൾ പല കന്നുകാലി ഉടമകൾക്കും താങ്ങാൻ കഴിയാത്ത ഒരു 'മേച്ചിൽ കൂലി' ഇവിടെ കൊണ്ടുവന്നു. അതിനാൽ സർ ജംഷേട്ജി ജീജീഭായ് 20,000 രൂപ ചെലവഴിച്ച് ഠാക്കൂർദ്വാറിലെ കടൽത്തീരത്തിനടുത്തുള്ള പുൽമേടുകൾ സ്വന്തം നിലക്ക് വാങ്ങി അവിടെ കാലിമേച്ചിൽ അനുവദിക്കുകയുണ്ടായി മൈതാനത്തിന്റെ തെക്കേ അറ്റത്ത് 1875-ലാണ് ബോംബെ ജിംഖാന ക്ലബ്ബ് ഹൗസ് നിർമ്മിച്ചത്. അതേത്തുടർന്ന് ബോംബെ ജിംഖാന മൈതാനം എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.[2] ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഓവൽ മൈതാനം, ആസാദ് മൈതാനം, കൂപ്പറേജ് ഗ്രൗണ്ട്, ക്രോസ് മൈതാനം എന്നിവ ഉൾപ്പെടുന്ന വിശാലമായ ഭൂപ്രദേശം എസ്‌പ്ലനേഡ് എന്നറിയപ്പെട്ടിരുന്നു.[3]
1931 ഡിസംബറിൽ ആസാദ് മൈതാനിയിൽ നടന്ന രാഷ്ട്രീയ യോഗത്തെ മഹാത്മാഗാന്ധി അഭിസംബോധന ചെയ്തു. അന്നു വരെ നടന്നിട്ടുള്ളതിൽ വെച്ച് എക്കാലത്തെയും വലിയ രാഷ്ട്രീയ യോഗമായിരുന്നു അത്.[4]
ഈ ഗ്രൗണ്ടിൽ ഇരുപത്തിരണ്ട് ക്രിക്കറ്റ് പിച്ചുകളുണ്ട്. ഈ ഗ്രൗണ്ടിലെ ക്രിക്കറ്റ് പിച്ചുകൾ നിരവധി അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളെ സൃഷ്ടിച്ചു. 2013 നവംബർ 20-ന്, പൃഥ്വി ഷാ 546 റൺസുമായി ചരിത്രം സൃഷ്ടിച്ചത് ഇവിടെയാണ്. 1987-ൽ ആസാദ് മൈതാനത്ത് നടന്ന ഹാരിസ് ഷീൽഡ് സ്‌കൂൾ മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കറും വിനോദ് കാംബ്ലിയും ചേർന്ന് 664 റൺസിന്റെ ഒരു വലിയ റെക്കോർഡ് കൂട്ടുകെട്ട് പങ്കിട്ടു. ഇന്റർ-സ്കൂൾ, ക്ലബ് മത്സരങ്ങൾ ഉൾപ്പെടെ വർഷം മുഴുവനും നിരവധി ക്രിക്കറ്റ് മത്സരങ്ങൾക്ക് ആസാദ് മൈതാനം ആതിഥേയത്വം വഹിക്കുന്നു.