സമുദ്രത്തിലെ താപനില, ലവണാംശം, ജലപ്രവാഹങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങളെ നിരീക്ഷിക്കുവാൻ വേണ്ടി ലോകവ്യാപകമായി സ്ഥാപിക്കപ്പെട്ട ഒരു ഉപകരണവ്യൂഹമാണു് '''ആർഗൊ (Argo)'''. സമുദ്രത്തിൽ നിന്നും തദ്സമയവിവരങ്ങൾ ശേഖരിക്കുന്ന ആർഗൊ ഫ്ലോട്ടുകൾ എന്നറിയപ്പെടുന്ന ഉപകരണസംവിധാനങ്ങളും അപ്രകാരം ശേഖരിച്ച വിവരങ്ങളുടെ അപഗ്രഥനവും ഗുണനിലവാരപരിശോധനയും നടത്തി, അവ സൂക്ഷിച്ചു വയ്ക്കുന്ന കേന്ദ്രങ്ങളുമാണ് ഈ സംവിധാനത്തിന്റെ പ്രധാന ഭാഗങ്ങൾ. 2000 ആണ്ടിന്റെ തുടക്കത്തിലാണു് ആർഗൊ പ്രവർത്തനസജ്ജമാവുന്നത്. നിലവിൽ ഏകദേശം നാലായിരത്തിനടുത്തു് ആർഗൊ ഫ്ലോട്ടുകൾ നിരന്തരം സമുദ്രത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുന്നു[1][2]. സമുദ്രതാപപരിമാണം (Ocean Heat Content - OHC) അളന്നു കണ്ടുപിടിക്കുകയാണു് ഈ പദ്ധതിയുടെ പ്രത്യേക താല്പര്യങ്ങളിലൊന്നു്.