ശാസ്ത്രജ്ഞരുടെ സഹകരണത്തിനും സഹപ്രവർത്തനത്തിനും വേദിയൊരുക്കുന്ന മൂന്നു ശാസ്ത്ര അക്കാദമികളിൽ ഒന്നാണ് ബാംഗ്ലൂരിലുളള ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ്. മററു രണ്ടെണ്ണം ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി , ന്യൂഡൽഹിയിലും നാഷണൽ അക്കാദമി ഓഫ് സയൻസസ്, ഇന്ത്യ അലഹബാദിലുമാണുളളത്. പേരിലും പ്രവൃത്തിയിലുമുളള സാമ്യതകളെ മുൻനിർത്തി ഇവ ഏകീകരിക്കാനുളള ശ്രമങ്ങൾ പലപ്പോഴായി നടന്നിട്ടുണ്ടെങ്കിലും ഇവ മൂന്നും ഇന്നും സ്വതന്ത്രസ്ഥാപനങ്ങളായി തുടരുന്നു.
1934-ൽ രൂപം കൊണ്ട ഈ ലാഭരഹിത സംഘടനയുടെ സ്ഥാപകൻ നോബൽ പുരസ്കാരം നേടിയ സർ സി.വി. രാമനാണ്.65 അംഗങ്ങളടങ്ങിയ സ്ഥാപകസമിതിയുടെ പ്രഥമ യോഗം സർ സി.വി. രാമനെ പ്രസിഡൻറായി തിരഞ്ഞെടുക്കുകയും അക്കാദമിയുടെ ഭരണഘടന അംഗീകരിക്കുകയും ചെയ്തു.
അക്കാദമിയുടെ മുഖ്യലക്ഷ്യങ്ങളിൽ ചിലത് ഇപ്രകാരമാണ്. ശാസ്ത്ര ചിന്ത വളർത്തിയെടുക്കുക, വിവിധ ശാസ്ത്രങ്ങളുടെ പ്രധാന മേഖലകളിൽ നടക്കുന്ന മൌലികവും പ്രയോഗയോഗ്യവുമായ ഗവേഷണങ്ങൾക്ക് പ്രോത്സാഹനം നൽകുക, സമാനവീക്ഷണങ്ങളുളള മററു സമിതികളുമായി സഹകരിക്കുക, ശാസ്ത്രചർച്ചകൾക്കും സമ്മേളനങ്ങൾക്കും അനുയോജ്യമായ വേദിയൊരുക്കുക, മികച്ച ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിക്കുക,
അംഗം ഫെല്ലോ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. നാമനിർദ്ദേശങ്ങൾ, വിലയിരുത്തൽ തിരഞ്ഞെടുപ്പ് എന്നീ പടവുകളിലൂടെ നിലവിലിരിക്കുന്ന അംഗങ്ങൾ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. അംഗത്വം ആജീവനാന്തമാണ്.ഇപ്പോഴത്തെ അംഗസംഖ്യ 983. ഇന്ത്യക്ക് പുറത്തുളള വിശിഷ്ടവ്യക്തികളെ ഓണററി ഫെല്ലോസ് ആയി അക്കാദമിയിൽ ചേർക്കാനുളള സംവിധാനവുമുണ്ട്. ഇപ്പോൾ അത്തരം 51 പേരുണ്ട്
പ്രസിഡൻറ്, രണ്ടു വൈസ് പ്രസിഡൻറുമാർ, രണ്ടു സെക്രട്ടറികൾ, ട്രെഷറർ, മററു പ്രത്യേക അംഗങ്ങൾ എന്നിവരടങ്ങിയ കൌൺസിലിനാണ് ഈ ചുമതല. അക്കാദമിയുടെ പ്രഥമ പ്രസിഡൻറ് സർ സി.വി. രാമൻ 36 വർഷക്കാലം (1934-1970) സേവനമനുഷ്ഠിച്ചു. പിന്നീട് കൌൺസിലിന്റെ കാലാവധി മൂന്നു വർഷമാക്കി. അക്കാദമിയുടെ ഇന്നത്തെ പ്രസിഡൻറ് പ്രസിദ്ധ ഭൌതശാസ്ത്രജ്ഞനായ അജയ് കുമാർ സൂദാണ്. ഇദ്ദേഹം ബെംങ്കളൂരിലെ ഇന്ത്യൻ ഇൻസ്ററിട്ട്യൂട്ട് ഓഫ് സയൻസിലെ ഫിസിക്സ് വിഭാഗത്തിൽ പ്രൊഫസ്സറാണ്.
ഇന്ത്യൻ ശാസ്ത്രജ്ഞകളുടെ ആത്മകഥാപരമായ ലേഖനങ്ങളടങ്ങിയ ഈ പുസ്തകം 2008-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഇത്തരം ഒരു സംരംഭം ഇതാദ്യമായാണ്. അക്കാദമി അംഗങ്ങളായ രോഹിണി ഗോഡ്ബോളെയും രാം രാമസ്വാമിയുമാണ് സംയോജകർ.
അക്കാദമിയുടെ സ്ഥാപക പ്രസിഡൻറായിരുന്ന സർ സി.വി. രാമന്റെ ബഹുമാനാർത്ഥം ഇന്ത്യൻ ഗവണ്മെൻറ് 1972-ൽ രാമൻ ചെയർ സ്ഥാപിച്ചു. ഇതിൽ ഉപവിഷ്ടരാകാനായി കൌൺസിൽ ഇന്ത്യക്ക് അകത്തും പുറത്തുമുളള വിശിഷ്ട ശാസ്ത്രജ്ഞരെ ക്ഷണിക്കുന്നു. 2010 വരെ 27 ശാസ്ത്രജ്ഞർ ഈ ബഹുമതി സ്വീകരിച്ചിട്ടുണ്ട്.
മൂന്നു അക്കാദമികളും ഒത്തു ചേർന്ന് പ്രതാഭാശാലികളായ കോളേജ് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേനലവധിക്കാലത്ത് ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിലുളള അക്കാദമി അംഗങ്ങളോടൊപ്പം ഗവേഷണം നടത്താനുളള അവസരങ്ങൾ നല്കുന്നു. സ്കൂളുകളിലും കോളേജുകളിലും അനുയോജ്യമായ ഗവേഷണ വിഷയങ്ങളിൽ പ്രഭാഷണ പരമ്പരകൾ ആസൂത്രണം ചെയ്യുന്നു