ക്രിക്കറ്റിൽ പൊതുവേ ഉപയോഗിക്കുന്ന ഒരു പദപ്രയോഗമാണ് ഇന്നിങ്സ്. ക്രിക്കറ്റ് മത്സരത്തിന്റെ ദൈർഘ്യം സംബന്ധിച്ച മാനദണ്ഡമാണിത്. സാമാന്യമായി ഒരു ടീമിന്റെ ബാറ്റിങ് തുടരുന്ന (അല്ലെങ്കിൽ ബൗളിങ് തുടരുന്ന) കാലയളവിനെ ഇന്നിങ്സ് എന്നു പറയാമെങ്കിലും ക്രിക്കറ്റിന്റെ വിവിധ വകഭേദങ്ങളിൽ ഈ പ്രയോഗത്തിന്റെ കൃത്യാർത്ഥത്തിൽ വ്യത്യാസങ്ങളുണ്ട്.
ഒരിന്നിംഗ്സ് താഴെപ്പറയുന്ന രീതികളിലാണ് അവസാനിക്കുന്നത്;
ടെസ്റ്റ് മൽസരങ്ങൾ രണ്ടിന്നിങ്സ് വീതമുള്ളതാണ്. അതായത് ഓരോ ടീമിനും രണ്ടുതവണ വീതം ബാറ്റിങും ബൗളിങും ചെയ്യുവാനുള്ള അവസരമുണ്ട്. ടെസ്റ്റ് മത്സരങ്ങളിൽ ഒരു ടീമിലെ പത്തു വിക്കറ്റുകളും നഷ്ടപ്പെട്ടാൽ ഇന്നിംഗ്സ് പൂർത്തിയായി എന്ന് പറയുന്നു. ബാറ്റ് ചെയ്യുന്ന ടീം ഡിക്ലയർ ചെയ്താലും ഇന്നിങ്സ് പൂർത്തിയായതായി കണക്കാക്കപ്പെടുന്നു.
ഏകദിന/ട്വന്റി-ട്വന്റി മത്സരങ്ങൾ ഉൾപ്പെട്ട പരിമിത ഓവർ മത്സരങ്ങളിൽ, നിശ്ചിത ഓവറുകൾ അവസാനിക്കുകയോ, ടീമിലെ പത്തു വിക്കറ്റുകളും നഷ്ടപ്പെടുകയോ, ഏത് ആദ്യം സംഭവിക്കുന്നുവോ അവിടെ ഇന്നിങ്സ് പൂർത്തിയാകുന്നു. ഒരു ടീമിലെ ഏതെങ്കിലും ഒരാൾക്കോ, ഒന്നിൽക്കൂടുതൽ കളിക്കാർക്കോ ബാറ്റ് ചെയ്യാനാവാത്ത സാഹചര്യത്തിൽ (ഉദാഹരണം:പരിക്ക്) അവർ ബാറ്റ് ചെയ്യാതിരുന്നാലും ഇന്നിങ്സ് പൂർത്തിയായതായി കണക്കാക്കപ്പെടുന്നു. അതായത് ഒരാൾക്ക് ബാറ്റ് ചെയ്യാനാവില്ലെങ്കിൽ ഒമ്പതാമത്തെ വിക്കറ്റ് വീഴുമ്പോൾ ഇന്നിങ്സ് അവസാനിക്കുന്നു.
ഒന്നിലധികം ഇന്നിങ്സുകൾ ഉള്ള മത്സരത്തിൽ ഒരു ടീം ഒരിന്നിങ്സിൽ എടുത്ത സ്കോറിനെക്കാൾ കുറവ് റണ്ണുകൾക്ക് മറ്റേ ടീമിന്റെ ഇന്നിങ്സുകൾ രണ്ടുതവണ അവസാനിപ്പിക്കപ്പെട്ടാൽ രണ്ടമത്തെ ടീം ഒരു ഇന്നിങ്സിനു തോറ്റതായി കണക്കാക്കപ്പെടുന്നു.