ഇസബെൽ കോബ്

ഇസബെൽ കോബ്
a photographic bust-portrait of a dark-haired woman, her hair pulled back and parted in the middle; wearing a dress with flowered collar; and glancing down and to her left
ഇസബെൽ കോബ്, M.D.
ജനനം
ഇസബെൽ കോബ്

ഒക്ടോബർ 25, 1858
മരണംആഗസ്റ്റ് 11, 1947
ദേശീയതചെറോക്കി, അമേരിക്കൻ
മറ്റ് പേരുകൾബെല്ലെ
തൊഴിൽഫിസിഷ്യൻ (എം.ഡി.), അധ്യാപകൻ
അറിയപ്പെടുന്നത്ഇന്ത്യൻ പ്രദേശത്തെ ആദ്യ വനിതാ ഫിസിഷ്യൻ

ഇസബെൽ "ബെല്ലെ" കോബ് (ജീവിതകാലം: ഒക്‌ടോബർ 25, 1858 - ഓഗസ്റ്റ് 11, 1947) ഒരു അമേരിക്കൻ ഇന്ത്യൻ വംശജയായ ചെറോക്കി വനിതയും ഡോക്ടറും അധ്യാപികയുമായിരുന്നു. തദ്ദേശവാസിയായ ആദ്യത്തെ വനിതാ വൈദ്യൻ എന്ന നിലയിലാണ് ഇസബെൽ കോബ് അറിയപ്പെടുന്നത്.[1][2]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

ടെന്നസിയിലെ മോർഗൻടൗണിനടുത്ത് ജോസഫ് ബെൻസൻ, ഇവാലിൻ ക്ലിംഗ്മാൻ കോബ് എന്നിവരുടെ ഏഴ് മക്കളിൽ മൂത്തവളായിട്ടായിരുന്നു കോബ് ജനിച്ചത്. 1870 വരെ ടെന്നസിയിലെ ക്ലീവ്‌ലാൻഡിലെ സ്കൂളിൽ വിദ്യാഭ്യാസം നടത്തിയ അവർ, 12 വയസ്സുള്ളപ്പോൾ, കുടുംബത്തോടൊപ്പം ചെറോക്കി നേഷനിലെ കൂവീസ്‌കൂവി ഡിസ്ട്രിക്റ്റിലേക്ക് (ഒക്ലഹോമയ്ക്ക് സമീപമുള്ള ഇന്നത്തെ വാഗണർ,) താമസം മാറി. മികച്ച വിദ്യാർത്ഥിനിയായിരുന്ന കോബ്, ടെന്നസിയിലെ വിദ്യാലയത്തിലെ പഠനകാലത്ത് പുരസ്കാരങ്ങൾ നേടിയിരുന്നു. ഇത് അവളുടെ വിദ്യാഭ്യാസ തൃഷ്ണയെ ഉദ്ദീപിപ്പിക്കുകയും കുടുംബം ഇന്ത്യൻ പ്രദേശത്തേക്ക് താമസം മാറിയതിനുശേഷം ഭാവി പഠനങ്ങളിൽ മികവ് പുലർത്താനുള്ള കഴിവിന് അടിത്തറയിടുകയും ചെയ്തു. ചെറോക്കി നേഷനിൽ എത്തി അധികം താമസിയാതെ മാതാവ് കോബിന്റെ ഇളയ സഹോദരിക്ക് ജന്മം നൽകി. വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രസവമായിരുന്നു അത്. ആ സമയത്ത് പ്രദേശത്ത് ഡോക്ടർമാരില്ലാത്തതിനാൽ കുടുംബത്തിന് ഒരു മിഡ്‌വൈഫിനെ സഹായത്തിന് വിളിക്കേണ്ടി വന്നു. അവളുടെ മാതാവ് പ്രസവത്തെ അതിജീവിച്ചെങ്കിലും, ഈ സംഭവം യുവതിയിൽ വൈദ്യശാസ്ത്ര രംഗത്തേക്കുറിച്ച് ശാശ്വതമായ ഒരു മതിപ്പ് അവശേഷിപ്പിക്കാനിടയാക്കുകയും അവളുടെ ഭാവി കരിയറിനെ ഈ സംഭവം പ്രചോദിപ്പിക്കുകയും ചെയ്തു.

അക്കാലത്ത് ഇന്ത്യൻ ടെറിട്ടറിയിൽ പരിമിതമായ വിദ്യാലയങ്ങൾ മാത്രമാണുണ്ടായിരുന്നത് എന്നതിനാൽ ഒക്‌ലഹോമയിലെ തഹ്‌ലെക്വയിലെ ചെറോക്കി ഫീമെയിൽ സെമിനാരിയിൽ പഠനത്തിന് ചേർന്ന കോബ് അവിടെനിന്ന് 1879-ൽ ബിരുദം നേടി. ഒഹായോയിലെ ഗ്ലെൻഡേലിലുള്ള ഗ്ലെൻഡേൽ ഫീമെയിൽ കോളേജിൽ തുടർ വിദ്യാഭ്യാസം നിർവ്വഹിച്ച അവർ അവിടെനിന്ന് 1881-ൽ  ബിരുദം നേടി. ജീവിതത്തിലെ ഈ ഘട്ടത്തിൽ, കോബിന് അവളുടെ കാലത്തെ മിക്ക സ്ത്രീകളേക്കാളും കൂടുതലയി വിദ്യാഭ്യാസം ലഭിച്ചു. സെമിനാരിയിൽ പഠിപ്പിക്കാൻ ഇന്ത്യൻ ടെറിട്ടറിയിലേക്ക് മടങ്ങിപ്പോയ കോബ് 1882 മുതൽ 1887-ൽ അത് അഗ്നിക്കിരയാക്കുന്നതുവരെ അവിടെ പഠിപ്പിച്ചു. പ്രസവസമയത്തെ മാതാവിൻറെ ബുദ്ധിമുട്ടുകൾ നേരിട്ടു കണ്ട് അവൾ തൻറെ ജില്ലയിൽ ഡോക്ടർമാരുടെ സേവനത്തിൻറെ ആവശ്യകതയെ മുൻനിറുത്തി വീണ്ടും പ്രദേശം വിട്ടുപോകുകയും 1888-ൽ പെൻസിൽവാനിയയിലെ വുമൺസ് മെഡിക്കൽ കോളേജിൽ പഠനത്തിന് ചേരുകയും ചെയ്തു. അക്കാലത്ത് സ്ത്രീകൾക്ക് എം.ഡി ബിരുദം നൽകുന്ന ലോകത്തിലെ രണ്ടാമത്തെ സ്ഥാപനമായിരുന്നു അത്. 1892-ൽ കോബ് അവിടെനിന്ന് എം.ഡി ബിരുദം നേടി.

ഔദ്യോഗിക ജീവിതം

[തിരുത്തുക]

ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡ് നഴ്‌സറി ആൻഡ് ചൈൽഡ് ഹോസ്പിറ്റലിൽ ഏകദേശം ആറുമാസക്കാലം ഇന്റേൺഷിപ്പിൽ ചെലവഴിച്ച ശേഷം, വാഗണർ കൗണ്ടിയിലെ ഗ്രാമീണ മേഖലകളിൽ വൈദ്യപരിശീലനം ആരംഭിക്കുന്നതിനായി 1893-ൽ കോബ് വീണ്ടും വീട്ടിലേക്ക് മടങ്ങി. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു പുരയിടത്തിലെ ഫാം ഹൗസ് കേന്ദ്രീകരിച്ച് ജോലി ചെയ്ത അവർക്ക് പ്രതിവർഷം കഷ്ടിച്ച് ഇരുന്നൂറോളം രോഗികളെ ശുശ്രൂഷിക്കുന്നതിന് സാധിച്ചു. അവൾ പ്രധാനമായും സ്ത്രീകളിലും കുട്ടികളിലുമാണ് തൻറെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. "ഡോ. ബെല്ലെ" എന്നറിയപ്പെട്ടിരുന്ന അവൾ രോഗിയുടെ വീടിനുള്ളിൽ നിരവധി ശസ്ത്രക്രിയകൾ നടത്തിയതോടൊപ്പം, കുതിരവണ്ടിയിൽ നിരവധി മൈലുകൾ സഞ്ചരിക്കുകയും, അവളുടെ സേവനങ്ങൾക്ക് പ്രതിഫലം ഈടാക്കാൻ പലപ്പോഴും വിസമ്മതിക്കുകയും ചെയ്തിരുന്നു.

അവസാനകാലം

[തിരുത്തുക]

1930-ലെ വീഴ്ചയിൽ  ഇടുപ്പിന് തകരാർ സംഭവിക്കുന്നതുവരെയുള്ള കാലത്ത് കോബ് അവളുടെ വൈദ്യ പരിശീലനം തുടർന്നു. ആരോഗ്യം ക്ഷയിച്ചതിനേത്തുടർന്ന് അവൾ രോഗ പരിചരണ രംഗത്തുനിന്ന് വിരമിച്ചു. ഒരിക്കലും വിവാഹം കഴിച്ചിട്ടില്ലാത്ത കോബ്, എന്നാൽ 1895-ൽ ആറുവയസ്സുള്ള ഒരു ഇറ്റാലിയൻ അനാഥയെ ദത്തെടുത്തിരുന്നു. കോബ് പ്രെസ്ബിറ്റേറിയൻ സഭയിലും വാഗണർ കൗണ്ടിയിലെ നിരവധി സാഹിത്യ സംഘങ്ങളിലും അംഗമായിരുന്നു. 1947 ഓഗസ്റ്റ് 11 ന് വാഗണറിൽ വെച്ച് സ്വാഭാവിക മരണം സംഭവിച്ച കോബ്, പയനിയർ മെമ്മോറിയൽ സെമിത്തേരിയിൽ സംസ്‌കരിക്കപ്പെട്ടു.

അവലംബം

[തിരുത്തുക]
  1. Mullins, Jonita (2019). Oklahoma Originals: Early Heroes, Heroines. Villains and Vixens. Charleston, SC: The History Press. pp. 78–80. ISBN 9781467143523.
  2. "Cobb, Isabel (1858-1947)". okhistory.org. Oklahoma Historical Society. Retrieved 26 August 2020.