ഇസല വാൻ ഡൈസ്റ്റ് | |
---|---|
![]() Photograph portrait of Isala Van Diest | |
ജനനം | |
മരണം | 9 ഫെബ്രുവരി 1916 | (പ്രായം 73)
ദേശീയത | ![]() |
തൊഴിൽ | മെഡിക്കൽ ഡോക്ടർ |
ഇസല വാൻ ഡൈസ്റ്റ് (ജീവിതകാലം: 7 മെയ് 1842 - 9 ഫെബ്രുവരി 1916) ബെൽജിയത്തിലെ ആദ്യത്തെ വനിതാ മെഡിക്കൽ ഡോക്ടറും സർവ്വകലാശാലാ ബിരുദം നേടിയ ആദ്യ വനിതയുമായിരുന്നു.[1][2]
1842 മെയ് 7 ന് ബെൽജിയത്തിലെ ലൂവെയ്‌നിലാണ് ആനി കാതറിൻ ആൽബർട്ടിൻ ഇസല വാൻ ഡയസ്റ്റ് ജനിച്ചത്. തുറന്ന മനസ്സുള്ള ഒരു ശസ്ത്രക്രിയാ വിദഗ്ധനും പ്രസവചികിത്സകനുമായിരുന്ന പിയറി ജോസഫ് വാൻ ഡൈസ്റ്റിന്റെ മകളായിരുന്നു അവർ. വാൻ ഡൈസ്റ്റിനും അവളുടെ സഹോദരിമാർക്കും സഹോദരനു ലഭിച്ച അതേ വിദ്യാഭ്യാസംതന്നെയാണ് ലഭിച്ചത്. മാതാവ് അവരെ ഇംഗ്ലണ്ടിലേക്ക് ഒരു യാത്രയ്ക്ക് കൊണ്ടുപോയതോടെ, അവിടെ അവർ പുരോഗമനപരമായ അന്തരീക്ഷവുമായി സമ്പർക്കം പുലർത്താൻ ഇടയായി.
അക്കാലത്ത് പെൺകുട്ടികൾക്ക് സെക്കണ്ടറി ഹൈസ്കൂൾ വിദ്യാഭ്യാസം ബെൽജിയത്തിൽ ലഭ്യമായിരുന്നില്ല എന്നതിനാൽ വാൻ ഡൈസ്റ്റ് സർവ്വകലാശാല വിദ്യാഭ്യാസത്തിന് തയ്യാറെടുക്കാൻ സ്വിറ്റ്സർലൻഡിലെ ബേണിലേക്ക് പോയി. 1873-ൽ ബെൽജിയത്തിലേക്ക് മടങ്ങിയ അവർ കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് ലൂവെയ്‌നിലെ വൈദ്യശാസ്ത്ര ഫാക്കൽറ്റിയിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചുവെങ്കിലും ഒരു മിഡ്‌വൈഫ് ആകാൻ നിർദ്ദേശിച്ചുകൊണ്ട് റോമൻ കാത്തലിക് മതശ്രേണി അത് നിരസിച്ചു. സ്വിസ് സർവ്വകലാശാലകൾ യൂറോപ്പിൽ ആദ്യമായി സ്ത്രീകൾക്കായി തുറന്നുകൊടുക്കപ്പെടുകയും അവർക്ക് അവിടെ മെഡിക്കൽ നടത്തുകയും ചെയ്യാമെന്നതിനാൽ ഈ നിർദ്ദേശം നിരസിച്ച വാൻ ഡൈസ്റ്റ് ബേണിലേക്ക് മടങ്ങിപ്പോയി. 1879 ൽ അവർ അവിടെനിന്ന് വൈദ്യശാസ്ത്ര ബിരുദം നേടി.
1866 മുതൽ വനിതാ ഡോക്ടർമാർക്ക് പ്രാക്ടീസ് ചെയ്യാൻ സ്വാതന്ത്ര്യമുള്ള ഇംഗ്ലണ്ടിൽ ഏകദേശം രണ്ട് വർഷത്തോളം വാൻ ഡയസ്റ്റ് തൊഴിൽ പരിശീലനം നടത്തി. ന്യൂ ഹോസ്പിറ്റൽ ഫോർ വുമണുമായി ബന്ധപ്പെട്ടിരുന്ന അവർ ആ സമയത്ത് നിരവധി ബ്രിട്ടീഷ് ഫെമിനിസ്റ്റുകളെ കണ്ടുമുട്ടി. വീണ്ടും ബെൽജിയത്തിലേക്ക് മടങ്ങിയെങ്കിലും അവിടെ മെഡിക്കൽ യോഗ്യതകൾ അംഗീകരിക്കപ്പെടാൻ, 1880 മുതൽ സ്ത്രീകൾക്കായി തുറന്ന ബ്രസ്സൽസിലെ ഫ്രീ യൂണിവേഴ്സിറ്റിയിൽ അധിക കോഴ്സുകൾ പൂർത്തിയാക്കാൻ അവർ നിർബന്ധിതയായി. 1884-ൽ ബ്രസ്സൽസിൽ സ്വന്തം മെഡിക്കൽ പ്രാക്ടീസ് തുടങ്ങാനുള്ള അനുവാദത്തിനായി അവർ ഒരു രാജകീയ ഉത്തരവ് നേടി.
1902-ൽ, ക്രമേണ അവരുടെ കാഴ്ചശക്തി നഷ്‌ടപ്പെട്ടതോടെ തന്റെ പ്രൊഫഷണൽ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച വാൻ ഡൈസ്റ്റ് നോക്കെയിലേക്ക് താമസം മാറുകയും അവസാന വർഷങ്ങൾ അവിടെ ചെലവഴിക്കുകയും ചെയ്തു.
1916 ഫെബ്രുവരി 9-ന് ബെൽജിയത്തിലെ നോക്കെയിൽ വച്ച് അവർ അന്തരിച്ചു.[3] വാൻ ഡൈസ്റ്റും മേരി പോപ്പലിനേയും ഒരുമിച്ച് ചിത്രീകരിച്ചിരിക്കുന്ന 2 യൂറോയുടെ സ്മാരക നാണയത്തിൻറെ 5 ദശലക്ഷം കോപ്പികൾ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് 2011-ൽ നാഷണൽ ബാങ്ക് ഓഫ് ബെൽജിയം പുറത്തിറക്കിയിരുന്നു.[4] ബെൽജിയത്തിൽ, രാജകുടുംബത്തിന്റെ ഭാഗമല്ലാത്ത സ്ത്രീകൾ ബെൽജിയൻ നാണയങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് ആദ്യമായിരുന്നു.