പിയറി-ആഗസ്റ്റേ റെനോയിർ 1868-ൽ ചിത്രീകരിച്ച ഓയിൽ-ഓൺ-കാൻവാസ് ചിത്രം ആണ് ഇൻ സമ്മർ(French: En été) ഈ ചിത്രത്തിന് മാതൃകയായിരുന്നത് 1866 മുതൽ 1871 വരെ റെനോയിറിന്റെ കൂട്ടുകാരിയായിരുന്ന ഇരുപത് വയസ്സു പ്രായമുള്ള ലിസ ട്രെഹോട്ട് ആയിരുന്നു. 1867-ൽ ചിത്രീകരിച്ചതും 1868-ൽ പാരീസ് സലൂണിൽ റെനോയിറിന്റെ ആദ്യ നിർണായക വിജയമായിരുന്ന ലിസ വിത്ത് എ പാരസോൾ ചിത്രം ഉൾപ്പെടെ 23 തവണയെങ്കിലും അദ്ദേഹം അവരെ ചിത്രീകരിച്ചിരുന്നു. ഈ വിജയം റെനോയിറിനെ വീണ്ടും വരയ്ക്കാൻ പ്രേരിപ്പിക്കുകയും തുടർന്ന് കൂടുതൽ അനൗപചാരികവും അടുപ്പമുള്ളതുമായ ശൈലിയിൽ ചിത്രീകരിക്കാനും തുടങ്ങി.
അനൗപചാരികമായി വസ്ത്രം ധരിച്ച്, പച്ചപ്പുള്ള പശ്ചാത്തലത്തിൽ കസേരയിൽ ഇരിക്കുന്ന ഒരു യുവതിയുടെ ഛായാചിത്രം റെനോയിർ ശ്രദ്ധാപൂർവ്വം പൂർത്തിയാക്കിരിക്കുന്നു. നേർത്ത ചുവന്ന ഹെയർബാൻഡ് ഉപയോഗിച്ചിരിക്കുന്നതിനാൽ അവരുടെ തലമുടി മുഖത്ത് വീഴാതെ പിന്നിലൂടെ മുൻവശത്ത് ഇരുവശങ്ങളിലൂടെയും കിടക്കുന്നു. അവരുടെ മടിയിൽ കിടക്കുന്ന കൈകളിൽ വലതു കൈയിൽ കുറച്ച് പച്ച ഇലകൾ പിടിച്ചിരിക്കുന്നു.
ഇംപ്രഷനിസ്റ്റ് ശൈലി വികസിപ്പിക്കുന്നതിൽ മുൻനിരയിൽ നിന്നിരുന്ന ഒരു ഫ്രഞ്ച് കലാകാരനായിരുന്നു പിയറി-അഗസ്റ്റെ റെനോയിർ. സൗന്ദര്യത്തിന്റെയും പ്രത്യേകിച്ച് സ്‌ത്രീത്വത്തിന്റെ വിഷയാസക്തി പകരുന്ന ചിത്രങ്ങൾ എന്ന നിലയിൽ, "റൂബൻസ് മുതൽ വാട്ടീയോ വരെയുള്ളവരുടെ പാരമ്പര്യത്തിന്റെ അന്തിമ പ്രതിനിധിയായിരുന്നു റെനോയർ.[1]
റെനോയിറിന്റെ ചിത്രങ്ങൾ അവയുടെ ഊർജ്ജസ്വലമായ പ്രകാശവും പൂരിത നിറവും കൊണ്ട് ശ്രദ്ധേയമാണ്. മിക്കപ്പോഴും അഗാധവും പക്ഷപാതമില്ലാത്ത രചനകളിലൂടെ ആളുകളെ കേന്ദ്രീകരിക്കുന്നു. സ്ത്രീ നഗ്നതയായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിഷയം. ഇംപ്രഷനിസ്റ്റ് ശൈലിയിൽ, റിനോയർ ഒരു രംഗത്തിന്റെ വിശദാംശങ്ങൾ സ്വതന്ത്രമായി ബ്രഷ് ചെയ്ത വർണ്ണ സ്പർശനങ്ങളിലൂടെ ചിത്രീകരിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ വരച്ച രൂപങ്ങൾ അവയുടെ ചുറ്റുപാടുകളുമായി പരസ്പരം മൃദുവായി സംയോജിക്കുകയും ചെയ്തിരുന്നു.