ഉള്ളിയേരി

Ulliyeri
Map of India showing location of Kerala
Location of Ulliyeri
Ulliyeri
Location of Ulliyeri
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Kozhikode
ഏറ്റവും അടുത്ത നഗരം കോഴിക്കോട്
ലോകസഭാ മണ്ഡലം കോഴിക്കോട്
നിയമസഭാ മണ്ഡലം ബാലുശ്ശേരി
ജനസംഖ്യ 30,742 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
കോഡുകൾ

11°26′0″N 75°47′0″E / 11.43333°N 75.78333°E / 11.43333; 75.78333

കോഴിക്കോട് ജില്ലയിലെ ഒരു ചെറിയ പട്ടണമാണു ഉള്ളിയേരി. കൊയിലാണ്ടിയിൽ നിന്നും താമരശ്ശേരിയിലേക്കുള്ള സംസ്ഥാനപാതയിലെ ആദ്യത്തെ പ്രധാന കവലയാണിത്. കോഴിക്കോട് നിന്നും പാവങ്ങാട്, അത്തോളി വഴി കുറ്റിയാടിയിലേക്കും തുടർന്ന് മാനന്തവാടിയിലേക്കും പോകുന്ന മറ്റൊരു സംസ്ഥാനപാത ഉള്ളിയേരിയിൽ വെച്ച് താമരശ്ശേരി ഹൈവെയുമായി സന്ധിക്കുന്നു. കൊയിലാണ്ടി, താമരശ്ശേരി, കോഴിക്കോട്, പേരാമ്പ്ര എന്നിവിടെങ്ങളിലേക്കുല്ല യാത്രക്കാർ പ്രധാനമായി അശ്രയിക്കുന്ന ഒരു ബസ്സ് സ്റ്റേഷൻ ഉള്ളിയേരി ടൗണിന്റെ പ്രത്യേകതയാണ്.

പൊതുവിവരങ്ങൾ

[തിരുത്തുക]

കോഴിക്കോട് ജില്ലയിൽ, കൊയിലാണ്ടി താലൂക്കിൽ, ബാലുശ്ശേരി ബ്ലോക്കിലാണ് ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഉള്ളിയേരി വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന ഉള്ളിയേരി ഗ്രാമപഞ്ചായത്തിനു 25.6 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് നടുവണ്ണൂർ, കോട്ടൂർ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ബാലുശ്ശേരി, അത്തോളി, കോട്ടൂർ പഞ്ചായത്തുകളും, തെക്കുഭാഗത്ത് അത്തോളി, ചെങ്ങോട്ടുകാവ് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് അരിക്കുളം ചെങ്ങോട്ടുകാവ് പഞ്ചായത്തുകളും, കൊയിലാണ്ടി മുനിസിപ്പാലിറ്റിയുമാണ്. 1961 ഡിസംബർ 12-ാം തിയതിയാണ് ഉള്ളിയേരി പഞ്ചായത്ത് നിലവിൽ വന്നത്. ആദ്യത്തെ പഞ്ചായത്തുതെരഞ്ഞെടുപ്പ് 1963 സെപ്തംബർ 21-നു നടന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി ഭരണസമിതിയെ തെരഞ്ഞെടുക്കുവാൻ ഒരു ശ്രമം നടന്നെങ്കിലും അഭിപ്രായസമന്വയത്തിൽ എത്താൻ കഴിയാതിരുന്നതിനാൽ മത്സരം അനിവാര്യമാകുകയാണുണ്ടായത്. 1963 മുതൽ 1979 വരെ നിലവിലിരുന്ന ഭരണസമിതിയുടെ പ്രസിഡന്റ് പി.ഗോവിന്ദൻ കുട്ടിനായരും, വൈസ് പ്രസിഡന്റ് കോയക്കുട്ടി ഹാജിയുമായിരുന്നു. നിരവധി കുന്നുകൾ ഉൾപ്പെടുന്ന ഉയർന്നപ്രദേശങ്ങളും, ഫലഭൂയിഷ്ഠമായ സമതലങ്ങളും, വെള്ളക്കെട്ടുകളും, തീരദേശവും, പുഴകളും ഉൾപ്പെടുന്നതാണ് ഈ പഞ്ചായത്ത്. കേരളത്തിന്റെ പൊതുഭൂപ്രകൃതിയിൽ ഇടനാട് വിഭാഗത്തിൽപ്പെടുന്ന ഈ പ്രദേശത്തിന്, മലനാട്, ഇടനാട്, തീരദേശം എന്നീ തരത്തിലുള്ള പൊതുസ്വഭാവ സവിശേഷതയുമുണ്ട്. വടക്കും പടിഞ്ഞാറും കോരപ്പുഴയുടെ വിവിധഭാഗങ്ങൾ അതിരുകളായി കണക്കാക്കാം. വടക്ക് നടുവണ്ണൂർ പഞ്ചായത്തിനെയും ഈ പഞ്ചായത്തിനെയും തെരുവത്ത് കടവ്പാലം ബന്ധിപ്പിക്കുന്നു. ചുരുക്കം ചില കുന്നുകളുടെ ഉയർന്ന ഭാഗങ്ങൾ മാറ്റി നിർത്തിയാൽ പൊതുവെ സസ്യാവൃതമാണ്. നെല്ല്, തെങ്ങ്, കവുങ്ങ്, കശുവണ്ടി എന്നിവയാണ് പ്രധാനവിളകൾ. പഞ്ചായത്തിൽ ഏതാണ്ട് 14 കി.മീ. പുഴയോര പ്രദേശമാണ്. ഇവിടം ഒരു ജലപ്രദേശമാണ്. നെൽ കൃഷിക്ക് യോഗ്യമല്ലാത്ത പ്രദേശങ്ങളാണിവ. കോരപുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധപ്പെട്ട് രാമൻപുഴ, അയനിക്കാട് പുഴ, ഒള്ളൂർ പുഴ, തോരായിമുട്ട് എന്നീ പേരുകളിൽ അറിയപ്പെടുന്നു. മേടക്കുന്ന്, കക്കാട് മല, കോട്ടക്കുന്ന്, വെങ്കൽകുന്ന്, എളങ്ങോട്ട് മല, പാലോറമല, അരിയാട്ടുമ്മൽ, നൂഞ്ഞിലക്കുന്ന്, തോന്ന്യൻമല, തണ്ണീരിയൻ മല, കൊലയാൻ മല, കൈപ്രം കുന്ന്, ചമ്മുങ്കര, ഒയലമല, മൊടാലത്ത് കുന്ന്, ചങ്ങരം കുന്ന് തുടങ്ങിയ ചെറുതും വലുതുമായ ഏതാണ്ട് 42 ഓളം കുന്നുകളും മഞ്ചായക്കൽ മുട്ട്, കടുക്കയി മുട്ട്, പുത്തഞ്ചേരി കെട്ട്, കുന്നത്തറ ബണ്ട് എന്നീ വെള്ളക്കെട്ട് പ്രദേശവും ഉൾപ്പെടുന്നതാണ് ഈ ഗ്രാമം. വിനോദസഞ്ചാരത്തിന് ഏറെ സാദ്ധ്യതകളുള്ള ഒരു മേഖലയാണിത്. പുത്തഞ്ചേരിയിലുള്ള കോട്ടക്കുന്നും വെള്ളക്കെട്ടും ഇതിൽ പ്രധാനപ്പെട്ടതാണ്. ചേരമാൻ പെരുമാളിന്റെ പടയോട്ടക്കാലത്ത് അദ്ദേഹത്തിന്റെ ഇടത്താവളമായി ഉപയോഗിക്കപ്പെട്ട കോട്ട സ്ഥിതി ചെയ്തിരുന്നത് ഇവിടെയായിരുന്നു. ഇതിന് തെളിവായി പറയുന്നത് കുന്നിന്റെ താഴ്വരയിലുള്ള കൂറ്റൻ കിടങ്ങാണ്. മൂന്നുഭാഗവും വെള്ളവും ഒരു ഭാഗത്ത് കിടങ്ങും ഈ കുന്നിന്റെ യുദ്ധതന്ത്ര പ്രാധാന്യം വെളിവാക്കുന്നു.

പൊതുവിവരങ്ങൾ

[തിരുത്തുക]

ജില്ല : കോഴിക്കോട്
ബ്ലോക്ക്: ബാലുശ്ശേരി
വിസ്തീർണ്ണം : 25.6 ച.കി.മീ
വാർഡുകളുടെ എണ്ണം : 19
ജനസംഖ്യ : 27805
പുരുഷൻമാർ: 13756
സ്ത്രീകൾ : 14049
ജനസാന്ദ്രത: 1074
സ്ത്രീ : പുരുഷ അനുപാതം : 1021
മൊത്തം സാക്ഷരത : 90.15
സാക്ഷരത (പുരുഷൻമാർ ): 95.79
സാക്ഷരത (സ്ത്രീകൾ )  : 84.7
Source : Census data 2001

മുൻ പ്രസിഡന്റുമാർ

[തിരുത്തുക]


1 പി.ഗോവിന്ദൻ നായർ
2 പി.ടി.ശങ്കരൻ
3 എ.പി.കുഞ്ഞികൃഷ്ണൻ നായർ
4 ടി.കെ.ഇന്ദിര
5 കെ.പി.ബാബു
6 എ.കെ.മണി
7 എ. പി. പ്രസന്ന

8 ഷാജു ചെറുക്കാവിൽ

9 സി അജിത(നിലവിലെ പ്രസിഡന്റ്)

ചരിത്രം

[തിരുത്തുക]

ബ്രിട്ടീഷിന്ത്യയുടെ ഭാഗമായിരുന്ന മദിരാശി സംസ്ഥാനത്തിലെ മലബാർ ജില്ലയിൽപ്പെട്ട കുറുമ്പ്രനാട് താലൂക്കിലെ കുന്നത്തറ അംശം, ഉള്ളിയേരി അംശം, നടുവണ്ണൂർ അംശത്തിലെ കൊയക്കാട്, കക്കഞ്ചേരി ദേശങ്ങൾ എന്നിവ അടങ്ങുന്നതാണ് നിലവിലുള്ള ഉള്ളിയേരി പഞ്ചായത്ത.് വൈദേശിക മേധാവിത്വത്തിനു മുമ്പു തന്നെ ഈ പഞ്ചായത്തിലുൾപ്പെട്ട ഗ്രാമങ്ങൾ (ദേശങ്ങൾ) സ്വയം സമ്പൂർണ്ണങ്ങളായിരുന്നു. ഓരോ ദേശത്തിനും ദേശക്കോയ്മകൾ എന്നറിയപ്പെട്ടിരുന്ന ദേശത്തലവന്മാർ ഉണ്ടായിരുന്നു. ചാതുർവർണ്യ വ്യവസ്ഥ നിലനിന്നിരുന്ന അക്കാലത്ത് വ്യത്യസ്ത തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന വിഭിന്ന ഉപജാതികൾ ഓരോ ദേശത്തും ഉണ്ടായിരുന്നു. മേൽക്കോയ്മയിൽ അധിഷ്ഠിതമായ അടിമത്ത വ്യവസ്ഥ നിലനിന്നിരുന്നുവെങ്കിലും വിഭിന്ന ഉപജാതികളുടെ സംരക്ഷണം ജന്മികളായ ദേശവാഴികളിൽ നിക്ഷിപ്തമായിരുന്നു. ഓരോ ജാതിക്കാരുടേയും ചുമതലകളും അവകാശങ്ങളും പ്രത്യേകം പ്രത്യേകം നിർവചിക്കപ്പെട്ടിരുന്നു. പുരാതനങ്ങളായ നിരവധി ക്ഷേത്രങ്ങളും പള്ളികളും ഈ പഞ്ചായത്ത് അതിർത്തിയിൽ ഉണ്ട്. പ്രധാന ക്രിസ്ത്യൻ ദേവാലയം പുത്തഞ്ചേരി ക്രിസ്ത്യൻ പള്ളിയാണ്. മിക്കവാറും ക്ഷേത്രങ്ങളിൽ വർഷം തോറും ഉത്സവങ്ങൾ നടക്കാറുണ്ട്. അതുപോലെ നേർച്ചകൾ നടക്കുന്ന പള്ളികളും ഈ പഞ്ചായത്തിൽ ഉണ്ട്. പുത്തഞ്ചേരി കോട്ടക്കുന്ന് ചേരമാൻ പെരുമാളുടെ പടയോട്ടകാലത്തെ ഇടത്താവളമായിരുന്നുവെന്ന് പഴമക്കാർ പറയുന്നു. മൂന്നുഭാഗവും വെള്ളവും ഒരു ഭാഗത്ത് കിടങ്ങുമുള്ള ഈ പ്രദേശം വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പോന്നതാണ്. ജനങ്ങളിൽ ഭൂരിഭാഗവും കൃഷിയും അനുബന്ധ തൊഴിലുകളും ചെയ്ത് ഉപജീവനം കഴിക്കുന്നവരായിരുന്നു. ചകിരി തൊഴിൽ, കല്ലുവെട്ട്, മത്സ്യബന്ധനം എന്നീ തൊഴിലുകളും പണ്ടുമുതൽക്കേ നിലനിന്നിരുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് കണ്ടുവരുന്ന വ്യാപാര സ്ഥാപനങ്ങൾ നിലവിൽ വരുന്നതിന് മുമ്പ് ജനങ്ങൾ പ്രധാനമായും ആശ്രയിച്ചിരുന്നത് തെരുവത്ത് കടവിലുണ്ടായിരുന്ന ആഴ്ച ചന്തയെ ആയിരുന്നു.

വിദ്യാഭ്യാസ ചരിത്രം

[തിരുത്തുക]

വിദ്യാഭ്യാസ മേഖലയിൽ ഒട്ടേറെ സംഭാവനകൾ നൽകിയ ഏറെ പഴക്കമുള്ള വിദ്യാലയങ്ങൾ ഉള്ള പ്രദേശമാണ് ഉള്ളിയേരി ഗ്രാമപഞ്ചായത്ത്. 1912-ൽ നിലവിൽ വന്ന ഒള്ളൂരിലെ എലിമെന്ററി സ്കൂളാണ് പഞ്ചായത്തിലെ പ്രഥമ വിദ്യാലയം. കക്കഞ്ചേരി ഗവ:എൽ.പി.സ്കൂൾ, നാറാത്ത് എ.യു.പി.സ്കൂൾ എന്നീ സ്കൂളുകൾ 1920-ന് മുമ്പ് നിലത്തെഴുത്ത് പള്ളികളായി സ്ഥാപിതമായവയാണ്. ഇത് കൂടാതെ പഴയകാലത്ത് കൊയക്കാട് ഭാഗത്ത് ഹരിജൻ വെൽഫെയർ സ്കൂൾ സ്ഥാപിതമായിരുന്നു. കൊയക്കാട്, മുണ്ടോത്ത് ഭാഗങ്ങളിൽ ഏകാധ്യാപക സ്കൂളുകൾ നിലവിലുണ്ടായിരുന്നു. ഇതിൽ രണ്ടും തുടർന്നു നടത്താതെ നിർത്തലാക്കി. മുണ്ടോത്ത്‌ പിന്നീട് ഗവ എൽ പി സ്‌കൂൾ വാടക കെട്ടിടത്തിൽ  ആരംഭിച്ചു. കെട്ടിട സൗകര്യങ്ങൾ ഇല്ലാതിരുന്നത് കൊണ്ട് നിർത്തലാക്കിയ സ്‌കൂളിന് വേണ്ടി കെട്ടിടം നിർമിച്ചു നൽകിയത് അന്നത്തെ പൗര പ്രമുഖൻ ആയ പുലാക്കണ്ടി വാസു അവർകൾ ആയിരുന്നു. 2005 ൽ സംസ്ഥാന തലത്തിൽ ലാഭകരമല്ലാത്ത സ്‌കൂളുകൾ അടച്ചു പൂട്ടുന്ന നിർദ്ദേശത്തോടെ, ഈ സ്‌കൂളും അടച്ചു പൂട്ടലിന്റെ വക്കിലെത്തി.തുടർന്ന് ഉണർന്നു പ്രവർത്തിച്ച നാട്ടുകാർ , ബക്കറ്റ് പിരിവും, സഹായമനസ്കർ ആയ ആളുകളെ കണ്ടും 2009 ൽ സ്വന്തമായി സ്ഥലം വാങ്ങിച്ചു പുത്തൻ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. 1മുതൽ 4 വരെ ക്ലാസ്സുകളിൽ 70 ൽ പരം കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 25 ൽ പരം കുട്ടികളും ആയി മെച്ചപ്പെട്ട സൗകര്യങ്ങളോടെ പഞ്ചായത്തിലെ മികച്ച ഗവ എൽ പി സ്‌കൂൾ ആയി ഇന്ന് ഈ സ്‌കൂൾ മാറിയിട്ടുണ്ട്. ഗതാഗത  സൗകര്യവും , കിണർ , അടുക്കള , ശുചിമുറികൾ, കലാപരിപാടികൾ  നടത്താൻ കഴിയുന്ന ഒന്നാം നിലയിലെ മികച്ച ഹാൾ , വായനാ മുറി തുടങ്ങിയവ ഈ സ്‌കൂളിനെ മികച്ചതാക്കുന്നു.

ഇന്ന് കൊയക്കാട് കക്കഞ്ചേരി ഭാഗത്ത് സ്ഥിതിചെയ്യുന്ന കക്കഞ്ചേരി എ.എൽ.പി.സ്കൂൾ മുൻപ് മുസ്ളീം ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സ്ഥാപിക്കപ്പെട്ടതായിരുന്നു. കക്കഞ്ചേരി ഗവ.എൽ.പി സ്കൂൾ കേന്ദ്രമാക്കി അവിടുത്തെ അധ്യാപകരായ ഒ.ഗോവിന്ദൻ മാസ്റ്റർ, എ.രാമമരാർ എന്നിവർ നേതൃത്വം കൊടുത്തുകൊണ്ട് ഹിന്ദി വിദ്യാഭ്യാസ പ്രചാരണത്തിനും വയോജന വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തനം നടത്തിയിരുന്നു. 1948-52 കാലഘട്ടത്തിൽ ഒളിവിൽ പ്രവർത്തിച്ചിരുന്ന കമ്മ്യൂണിസ്റ്റുകാർ വയോജന വിദ്യാഭ്യാസത്തിനും സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നു.

അവലംബങ്ങൾ

[തിരുത്തുക]