ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു മധുരൈ വൈദ്യനാഥ അയ്യർ എന്നും അയ്യർ എന്നും അറിയപ്പെട്ടിരുന്ന എ. വൈദ്യനാഥ അയ്യർ (1890-1955). 1939-ൽ മദ്രാസ് പ്രസിഡൻസിയിൽ നടന്ന ക്ഷേത്ര പ്രവേശനത്തിനായുള്ള സമരത്തിന് നേതൃത്വം നൽകുകയുണ്ടായി.
1890 മേയ് 16-ന് അന്ന് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന തഞ്ചാവൂർ എന്ന പ്രദേശത്ത് ജനിച്ചു. തമിഴ് ബ്രാഹ്മണ കുടുംബത്തിലെ അരുണാചലം അയ്യരുടെയും ലക്ഷ്മി അമ്മാളുടെയും എട്ട് മക്കളിൽ രണ്ടാമത്തെ മകനായാണ് ജനിച്ചത്. [1] രാമനാഥൻ, കമലാംബ, ശങ്കരൻ, വാലാംബ, പാർവ്വതി, സുബ്രഹ്മണ്യൻ, ശിവകാമി എന്നിവരായിരുന്നു വൈദ്യനാഥ അയ്യരുടെ സഹോദരങ്ങൾ. 1922-ൽ ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ ആരംഭിച്ചു. തുടർന്ന് ആ വർഷം നടന്ന നിസ്സഹകരണ പ്രസ്ഥാനത്തിലും പങ്കെടുക്കുകയുണ്ടായി. [1] കൂടാതെ 1930-ൽ നടന്ന വേദാരണ്യം ഉപ്പു സത്യാഗ്രഹത്തിലും 1942-ൽ നടന്ന ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്തിരുന്നു. [1]
1939-ൽ സി. രാജഗോപാലാചാരിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാർ, ക്ഷേത്ര പ്രവേശന നിയമം പാസാക്കിക്കൊണ്ട് ഹിന്ദു ക്ഷേത്രങ്ങളുടെ ഉള്ളിലേക്ക് ദളിതർക്ക് പ്രവേശിക്കാനുള്ള അനുമതി നൽകുകയുണ്ടായി. രാജഗോപാലാചാരിയുടെ സുഹൃത്തായിരുന്ന വൈദ്യനാഥ അയ്യർ ഇതിനുമുൻപ് നിയമം ലംഘിച്ചുകൊണ്ട് ക്ഷേത്രത്തിലേക്ക് അനധികൃതമായി കയറിയിരുന്നു. ഇതിനെതിരെ അയ്യർക്കെതിരെ നിയമനടപടി ഉണ്ടാകാതിരിക്കാനായാണ് സി. രാജഗോപാലാചാരി പുതിയ നിയമം പാസാക്കിയത്. ഈ സമയം തമിഴ്നാട് ഹരിജൻ സേവാ സംഘത്തിന്റെ പ്രസിഡന്റായിരുന്നു വൈദ്യനാഥ അയ്യർ. യു. മുത്തുരാമലിംഗം തേവർ, വൈദ്യനാഥ അയ്യരെ വളരെയധികം പിന്തുണയ്ക്കുകയുണ്ടായി. മീനാക്ഷി ക്ഷേത്രത്തിന്റെ വാതിലിനു മുന്നിൽ ഞാൻ ഉണ്ടാകും. ദളിതരെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നതിന് എതിര് നിൽക്കുന്നവർ അവിടെ വന്ന് എന്നെ കാണുക. ഞാൻ അവർക്കുള്ള മറുപടി നൽകാം എന്ന് മുത്തുരാമലിംഗം തേവർ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഈ പ്രസ്താവനയെത്തുടർന്ന് ദളിതരെ ക്ഷേത്രത്തിൽ കയറുന്നതിൽനിന്ന് വിലക്കാൻ മറ്റുള്ളവർ ഭയപ്പെട്ടു. [2] [3] [4] 1939 ജൂലൈ 8-ന്, സുഹൃത്തുക്കളായ എൽ.എൻ. ഗോപാലസ്വാമി, പി. കക്കൻ, മുരുകാനന്ദം, ചിന്നയ്യ, പൂർണലിംഗം, മുത്തു എന്നീ ദളിതരോടൊപ്പം വൈദ്യനാഥ അയ്യർ, മധുരൈ മീനാക്ഷി ക്ഷേത്രത്തിലേക്ക് കയറുകയുണ്ടായി. [5][6][7] ഈ സമയം ക്ഷേത്രത്തിലുണ്ടായിരുന്ന ഉയർന്ന ജാതിക്കാരായവരെല്ലാം ഈ പ്രവൃത്തിയെ എതിർത്തിരുന്നു. [7]
1955-ൽ വൈദ്യനാഥ അയ്യർ അന്തരിച്ചു. [1] 1999 ഡിസംബർ 9-ന് വൈദ്യനാഥ അയ്യരുടെ സ്മരണയ്ക്കായി ഭാരത സർക്കാരിന്റെ തപാൽ വകുപ്പ് പ്രത്യേക പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കുകയുണ്ടായി. [1][8]
{{cite book}}
: |work=
ignored (help)