മലയാള ചലച്ചിത്ര അഭിനേതാവ്, ഗണിതാധ്യപകൻ, ജ്യോതിഷപണ്ഡിതൻ, പാചക വിദഗ്ധൻ എന്നീ നിലകളിൽ പ്രശസ്തനായ കലാകാരനായിരുന്നു മഠത്തിപ്പറമ്പിൽ ശേഷയ്യർ വെങ്കിട്ടരാമയ്യർ എന്നറിയപ്പെടുന്ന എം.എസ്.തൃപ്പൂണിത്തുറ (1941- 2006) [1][2][3]
1941 ഒക്ടോബർ എട്ടിന് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് ജനനം. മഠത്തിപ്പറമ്പിൽ ശേഷയ്യർ വെങ്കിട്ടരാമയ്യർ എന്നറിയപ്പെട്ടിരുന്ന എം.എസ്.തൃപ്പൂണിത്തുറ ഗണിതാധ്യപകനായിട്ടാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. അധ്യാപക ജോലിയോടൊപ്പം തന്നെ അഭിനയത്തിലും താത്പര്യമുള്ളയാളായിരുന്നു. അമച്വർ, പ്രൊഫഷണൽ നാടകങ്ങളിലും അഭിനയിച്ചിരുന്ന എം.എസ്. നാടകാഭിനയം തുടർന്നതോടെ അധ്യാപക ജോലിയിൽ നിന്ന് രാജിവച്ചു.
മോചനം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ആ അംഗീകാരം സിനിമയിലേക്കുള്ള വാതിലായിരുന്നു. 1963-ൽ റിലീസായ കടലമ്മ എന്ന ചിത്രത്തിലൂടെയാണ് എം.എസ്. തൻ്റെ അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം വേഷമിട്ടു.
ഒരിടത്ത്, ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം, പെരുന്തച്ചൻ, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. എം.എസ്.തൃപ്പൂണിത്തുറയുടെ ശബ്ദവും സംഭാഷണ രീതിയുമെല്ലാം മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്.
മലയാള ചലച്ചിത്ര അഭിനേതാവ് എന്നതിലുപരി കർണ്ണാടക സംഗീതജ്ഞനും പാചകത്തിലും ജ്യോതിഷത്തിലും സംസ്കൃതത്തിലും അറിവുള്ളയാളുമായിരുന്നു എം.എസ്.തൃപ്പൂണിത്തുറ.
2006 മാർച്ച് 8ന് ട്രെയിൻ യാത്രക്കിടയിലുണ്ടായ ഹൃദയഘാതത്തെത്തുടർന്ന് നിര്യാതനായി[4][5]