കേരളത്തിലെ പ്രമുഖ നാടോടിവിജ്ഞാനീയ പണ്ഡിതനായിരുന്നു മീത്തലെ വട്ടപ്പറമ്പത്ത് വിഷ്ണു നമ്പൂതിരി എന്ന ഡോ. എം.വി. വിഷ്ണുനമ്പൂതിരി (25 ഒക്ടോബർ 1939 - 9 മാർച്ച് 2019). അരനൂറ്റാണ്ട് കാലമായി ഫോക്ലോർ രംഗത്ത് ശേഖരണം, പഠനം, ഗവേഷണം, പ്രസിദ്ധീകരണം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നു. നാടൻപാട്ടുകളും, തോറ്റം പാട്ടുകളും ശേഖരിക്കുകയുംതെയ്യത്തെക്കുറിച്ച് പഠനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. കേരള ഫോക്‌ലോർ അക്കാദമി 2001 മുതൽ ചെയർമാനായിരുന്നു[1] 2019 മാർച്ച് 9 ശനിയാഴ്ച 79-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
കണ്ണൂർ ജില്ലയിലെ ഏഴിമലയുടെ സമീപ ഗ്രാമമായ കുന്നരു ഓണപ്പറമ്പിൽ മീത്തലെ വട്ടപ്പറമ്പത്തില്ലം സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും കുളപ്പുറം ഇല്ലത്തെ ദ്രൗപതി അന്തർജ്ജനത്തിന്റെയും മകനായി 1939 ഒക്ടോബർ 25 -നു ജനിച്ചു. കുന്നരു എലിമെന്ററി സ്കൂൾ, കുഞ്ഞിമംഗലം ഗോപാൽ ഹയർ എലിമെന്ററി സ്കൂൾ, പയ്യന്നൂർ ബോർഡ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം .1958 ൽ ഫസ്റ്റ് ക്ലാസൊടെ ഇ. എസ്. എൽ. സി. പാസായി. കണ്ണൂർ ട്രൈനിങ് സ്കൂളിൽ അധ്യാപകപരിശീലനം കഴിഞ്ഞു. പ്രൈമറി സ്കൂൾ അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. പിന്നീട് പഠിച്ച് ഉദ്ദ്യോഗകയറ്റങ്ങൾ നേടി. ഹൈസ്കൂൾ, ഹയർ സെക്കണ്ടറിസ്കൂൾ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു. 1995 -ൽ മണത്തണ ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും വിരമിച്ചു. കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് എം.എ ബിരുദവും കേരള സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി. സർവകലാശാലകളിൽ ഗവേഷണ ഗൈഡ്. 1995 മുതൽ കാലടി സംസ്കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാളം വകുപ്പ് തലവനായി. 2002 ൽ കണ്ണൂർ സർവകലാശാല കാഞ്ഞങ്ങാട് പി.സ്മാരക കാമ്പസിലും മലയാളം അദ്ധ്യാപകനായി. കോഴിക്കോട് സർവകലാശാലഫോക്ലോർ വിഭാഗം തലവനായി വിരമിച്ചു. നാടോടിവിജ്ഞാനീയവുമായി ബന്ധപ്പെട്ട അൻപത്തിമൂന്നു കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.[2] പുറച്ചേരി മരങ്ങാട്ടില്ലത്ത് സുവർണ്ണിനി ആണ് ഭാര്യ.