എഡിൻബർഗ് സ്കൂൾ ഓഫ് മെഡിസിൻ ഫോർ വിമൻ 1886 ഒക്ടോബറിൽ വനിതകളുടെ മെഡിക്കൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നാഷണൽ അസോസിയേഷന്റെ പിന്തുണയോടെ സ്കോട്ട്‌ലൻഡിലെ എഡിൻബർഗിൽ സോഫിയ ജെക്സ്-ബ്ലേക്കിൻറെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട ഒരു വൈദ്യശാസ്ത്ര വിദ്യാലയമായിരുന്നു. സോഫിയ ജെക്സ്-ബ്ലേക്ക് ഈ മെഡിക്കൽ വിദ്യാലയത്തിൻറെ ഡയറക്ടർ, ഡീൻ ചുമതലകളിൽ നിയമിക്കപ്പെട്ടു. എഡിൻബർഗ് സ്കൂൾ ഓഫ് മെഡിസിൻ ഫോർ വുമണിലെ ആദ്യ ക്ലാസ്സിലെ എട്ട് വിദ്യാർത്ഥിനികളിലെ ഏറ്റവും ഇളയ കുട്ടിക്ക് പത്തൊമ്പത് വയസ്സായിരുന്നു പ്രായം. അതിന്റെ പന്ത്രണ്ട് വർഷത്തെ പ്രവർത്തനത്തിലുടനീളം, സ്‌കൂൾ തുറന്ന് പ്രവർത്തിക്കാനുള്ള സാമ്പത്തിക ധനസഹായം കണ്ടെത്താൻ വളരെ ബുദ്ധിമുട്ടിയിരുന്നു.[1] പിതാവ് ജോൺ ഇംഗ്ലിസിന്റെ സഹായത്തോടെ എൽസി ഇംഗ്ലിസ് സ്ഥാപിച്ച എഡിൻബർഗ് കോളേജ് ഓഫ് മെഡിസിൻ ഫോർ വിമൻ എന്ന എതിർ സ്ഥാപനം, മാർത്ത കാഡൽ, ഗ്രേസ് കേഡൽ എന്നിവർ ഉൾപ്പെടെ ജെക്സ്-ബ്ലേക്കിൻറെ നിരവധി വിദ്യാർത്ഥിനികളെ ആകർഷിച്ചു. ഗ്ലാസ്‌ഗോയിലെ സെന്റ് മുംഗോസ് കോളേജും ക്വീൻ മാർഗരറ്റ് കോളേജും വനിതാ മെഡിക്കൽ വിദ്യാർത്ഥിനികളെ സ്വീകരിക്കാൻ തുടങ്ങുകയും സ്കോട്ടിഷ് സർവ്വകലാശാലകൾ അങ്ങനെ ചെയ്യാൻ തുടങ്ങിയതോടെ എഡിൻബർഗ് സ്കൂൾ ഓഫ് മെഡിസിന് അവരോട് മത്സരിക്കാനായില്ല.[2] 1898-ൽ സ്കൂൾ അടച്ചുപൂട്ടി. മെഡിക്കൽ വിദ്യാലയത്തിൻറെ പന്ത്രണ്ട് വർഷത്തെ പ്രവർത്തനത്തിനിടയിൽ, എഡിൻബർഗ് സ്കൂൾ ഓഫ് മെഡിസിൻ ഏകദേശം എൺപതോളം വിദ്യാർത്ഥിനികൾക്ക് മെഡിക്കൽ വിദ്യാഭ്യാസം നൽകി. ആ എൺപത് വിദ്യാർത്ഥിനികളിൽ, മുപ്പത്തിമൂന്ന് പേർ എഡിൻബർഗ് സ്കൂളിൽനിന്ന് മെഡിക്കൽ പരിശീലനത്തിന്റെ മുഴുവൻ കോഴ്സും പൂർത്തിയാക്കിയപ്പോൾ, മറ്റ് പലരും പുറത്തുള്ള സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ തീരുമാനിച്ചു.[3]
മെഡിക്കൽ പ്രോഗ്രാമിൽ പ്രവേശനം നേടാനുള്ള സോഫിയ ജെക്സ്-ബ്ലേക്കിന്റെ യാത്രയുടെ ആദ്യ പടി, എഡിൻബർഗ് യൂണിവേഴ്സിറ്റി മെഡിക്കൽ കോളേജിലെ സമ്മർ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് മെഡിക്കൽ ഫാക്കൽറ്റിയുടെ ഡീനായി സേവനമനുഷ്ഠിച്ചിരുന്ന പ്രൊഫസർ ജെജെ ബാൽഫോറിനോട് അനുമതി അഭ്യർത്ഥിച്ചുകൊണ്ടുള്ളതായിരുന്നു. ഈ അഭ്യർത്ഥനയെത്തുടർന്ന്, യൂണിവേഴ്സിറ്റിയിലെ ഫാക്കൽറ്റികൾ ബ്ലെയ്ക്കിന്റെയും ഭാവിയിലെ സ്ത്രീകളുടെ മെഡിക്കൽ പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന്റെയും വിധി നിർണ്ണയിക്കുന്നതിനുള്ള ഒരു വോട്ടെടുപ്പ് നടത്തി. ഒരു വശത്ത്, സ്ത്രീകൾക്ക് പ്രസവചികിത്സ, ഗൈനക്കോളജി എന്നിവയിൽ മാത്രം വിദ്യാഭ്യാസം ലഭിച്ചിരുന്നിടത്തോളം കാലം മെഡിക്കൽ വിദ്യാഭ്യാസം പിന്തുടരുന്നതിൽ അവൾക്ക് പിന്തുണ ലഭിച്ചു. എന്നിരുന്നാലും, ബൗദ്ധികമായ അപകർഷതയുടെ അടിത്തറയിൽ സ്ത്രീകളെ മെഡിസിൻ പഠിക്കാൻ അനുവദിക്കുന്നതിനെ മറ്റ് ഫാക്കൽറ്റി അംഗങ്ങൾ നഖശിഖാന്തം എതിർത്തു. അത്തരത്തിലുള്ള ഒരാളായിരുന്ന റോബർട്ട് ക്രിസ്റ്റിസൺ, സ്ത്രീകൾ പുരുഷന്മാരേക്കാൾ ബുദ്ധിശക്തി കുറവാണെന്ന് മാത്രമല്ല, അത്തരം ഒരു തൊഴിൽ ആവശ്യപ്പെടുന്ന കഠിനമായ കോഴ്‌സ് വർക്ക് സഹിക്കാൻ കഴിയാത്തത്ര ദുർബലരുമാണ് അവരെന്ന് ചിന്തിക്കുകയും സ്ത്രീകളെ മെഡിസിൻ പഠിക്കാൻ അനുവദിക്കുന്നത് മെഡിക്കൽ മേഖലയുടെ ഗുണനിലവാരം കുറയ്ക്കുമെന്നും വിശ്വസിച്ചു. സോഫിയ ജെക്സ്-ബ്ലേക്കിന്റെ അഭ്യർത്ഥനയോട് ചില എതിർപ്പുകൾ ഉണ്ടായിരുന്നിട്ടും, ഫാക്കൽറ്റിയുടെ വോട്ട് അവളുടെ വൈദ്യശാസ്ത്ര പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അനുകൂലമായി അവസാനിച്ചു.[4]