എമിലിയ ഫോഗൽക്ലോ | |
---|---|
![]() Emilia Fogelklou in the 1930s. | |
ജനനം | സിമ്രിഷാമം, സ്വീഡൻ | ജൂലൈ 20, 1878
മരണം | ഫെബ്രുവരി 26, 1972 ഉപ്‌സല, സ്വീഡൻ | (പ്രായം 93)
തൊഴിൽ | ദൈവശാസ്ത്രജ്ഞ, എഴുത്തുകാരി |
ഭാഷ | സ്വീഡിഷ് |
ദേശീയത | സ്വീഡിഷ് |
എമിലിയ മരിയ ഫോഗൽക്ലോ-നോർലിൻഡ് (ജീവിതകാലം: 20 ജൂലൈ 1878 സിമ്രിഷാമിൽ - 26 സെപ്റ്റംബർ 1972 സ്വീഡനിലെ ഉപ്സാലയിൽ) ഒരു സ്വീഡിഷ് സമാധാനവാദിയും ദൈവശാസ്ത്രജ്ഞയും ഫെമിനിസ്റ്റും എഴുത്തുകാരിയും പ്രഭാഷകയുമായിരുന്നു. ദൈവശാസ്ത്രത്തിൽ ബിരുദം നേടിയ സ്വീഡനിലെ ആദ്യത്തെ വനിതയായിരുന്ന അവളുടെ രചനകൾ 28 പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ ഉൾക്കൊള്ളുന്നതാണ്.[1][2]
ഒരു ജില്ലാ രജിസ്ട്രാറുടെ മകളായിരുന്ന എമിലിയ ഫോഗൽക്ലോ ഒരു വിദ്യാർത്ഥിനിയെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. കുംഗ്ലിഗ ഹോഗ്രെ ലാററിനെസെമിനേറിയറ്റിൽ പങ്കെടുത്ത ശേഷം, ഗോഥെൻബർഗിൽ അധ്യാപികയായ അവർ തുടക്കത്തിൽ മതപരമായ വിദ്യാഭ്യാസത്തെക്കുറിച്ച് എഴുതാൻ തുടങ്ങി. തൊഴിലാളികളുടെ വിദ്യാഭ്യാസ പ്രസ്ഥാനത്തിൽ ഏർപ്പെട്ടിരുന്ന അവർ പുരോഗമനപരമായ വിദ്യാഭ്യാസ പരിഷ്കരണത്തിനായും എഴുതി. 1909-ൽ സ്വീഡനിൽ ദൈവശാസ്ത്രത്തിൽ ബിരുദം നേടുന്ന ആദ്യ വനിതയായി.[3][4]
1915-ൽ, ഹേഗിൽവച്ച് നടന്ന വനിതാ സമാധാന സമ്മേളനത്തിൽ ഫോഗൽക്ലോ പങ്കെടുത്തു. സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള വിമൻസ് ഇന്റർനാഷണൽ ലീഗിന്റെ ആദ്യകാല അംഗമായിരുന്ന അവർ കൂടാതെ ലിബറൽ ഫെമിനിസ്റ്റ് മാസികയായ ടിഡ്വാർവെറ്റിലേക്ക് സംഭാവന നൽകുകയും ചെയ്തു. അന്താരാഷ്ട്ര സമാധാനത്തോടുള്ള അവളുടെ പ്രതിബദ്ധത പിന്നീട് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സർവീസ് സിവിൽ ഇന്റർനാഷണലുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് ഇടയാക്കി.[5][6]
52-ആം വയസ്സിൽ, ഫോഗെൽക്ലോവിന് ന്യൂയോർക്കിലും ഷിക്കാഗോയിലും സോഷ്യോളജിയും സൈക്കോളജിയും പഠിക്കാൻ അനുവദിക്കുന്ന സ്വീഡൻ-അമേരിക്ക ഫൗണ്ടേഷന്റെ സോൺ സ്കോളർഷിപ്പ് ലഭിച്ചു . സ്വീഡനിലേക്ക് മടങ്ങിയെത്തിയപ്പോൾ അവൾ ഈ വിഷയങ്ങളിൽ പ്രഭാഷണം നടത്തിയെങ്കിലും 1938-ൽ ഉപ്സാലയിൽ പ്രൊഫസർഷിപ്പ് നിഷേധിക്കപ്പെട്ടതോടെ അവളുടെ വിദ്യാഭ്യാസ ജീവിതത്തിന് തിരിച്ചടി നേരിട്ടു. എന്നിരുന്നാലും, 1941-ൽ ദൈവശാസ്ത്രത്തിൽ ഓണററി ഡോക്ടറേറ്റ് ലഭിക്കുന്ന ആദ്യ വനിതയായി അവർ മാറി.[7]