എലിസ ബ്രെറ്റോൺ ബിൻഡോർഫ് ഒരു ഫ്രഞ്ചു കലാകാരിയും എഴുത്തുകാരുയുമായിരുന്നു. ജനനം 1906 ഏപ്രിൽ 25 ന് ചിലിയിൽ. അവർ ഫ്രഞ്ച് എഴുത്തുകാരനും അയുക്തികതാവാദിയുമായിരുന്ന ആന്ദ്രേ ബ്രെറ്റോണിൻറെ മൂന്നാമത്തെ ഭാര്യയായിരുന്നു.
പിയാനോയിൽ അതീവ നൈപുണ്യമുള്ള എലിസ ബിൻഡോർഫ് ചിലിയൻ രാഷ്ട്രീയപ്രവർത്തകനായ ബെഞ്ചമിൻ ക്ലോരോയെയാണ് വിവാഹം കഴിച്ചിരുന്നത്. അവർക്ക് ക്സിമേന എന്ന മകളുണ്ടായിരുന്നു. വിവാഹമോചനത്തിനുശേഷം എലിസ ബിൻഡോർഫ് മകളോടൊപ്പം യു.എസിലേയക്കു കുടിയേറി. 1943 ആഗസ്റ്റ് 13 ന് ഒരു ബോട്ടുയാത്ര ചെയ്യവേ മസാച്ചുസെറ്റ്സ് തീരത്തു നിന്ന് അകലെയുണ്ടായ അപകടത്തിൽ മകളായ ക്സിമേന മുങ്ങിമരിക്കുകയുണ്ടായി. ജീവിതവിരക്തിയിൽ ആത്മഹത്യാശ്രമം നടത്തിയ എലിസയെ ആശ്വസിപ്പിക്കാനും സഹായിക്കാനുമായി ചിലിയിൽ നിന്ന് ഒരു സുഹൃത്ത് എത്തുകയും അവർ ന്യൂയോർക്കിലേയ്ക്കു താമസം മാറ്റുകയും ചെയ്തു. 1943 ഡിസംബർ മാസത്തിലൊരു ദിവസം അവർ മാൻഹാട്ടനിലെ 56 ആം തെരുവിലെ ഒരു ഫ്രഞ്ച് റെസ്റ്റോറൻറിൽ വച്ച് ആന്ദ്രേ ബെറ്റോണിനെ കണ്ടുമുട്ടി.[1] അദ്ദേഹം ആ തെരുവിലാണ് ജീവിച്ചിരുന്നത്. ഈ റെസ്റ്റോറൻറിലെ സ്ഥിരം സന്ദർശകനുമായിരുന്നു. അദ്ദേഹം എലിസയെ പരിചയപ്പെടുകുയം ഒരു ഫ്രഞ്ച് എഴുത്തുകാരനെന്ന നിലയിൽ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.
1945 ൽ നെവാഡയിലെ റെനോയിൽവച്ച് ആന്ദ്രേ ബ്രെറ്റോൺ എലിസ ബിൻഡോർഫിനെ വിവാഹം കഴിച്ചു. ഈ അവസരത്തിൽ അവർ ഹോപ്പി ഇന്ത്യൻ റിസർവേഷൻ സന്ദർശിച്ചിരുന്നു. 1946 മെയ് 25 ന് അവർ ഫ്രാൻസിലേയ്ക്കു തിരിച്ചുപോയി.