എലീനർ ഡേവിസ്-കോളി FRCS (ജീവിതകാലം: 21 ഓഗസ്റ്റ് 1874; പെറ്റ്വർത്ത്, സസെക്സ് - 10 ഡിസംബർ 1934; ലണ്ടൻ) ഒരു ബ്രിട്ടീഷ് ശസ്ത്രക്രിയാ വിദഗ്ധയായിരുന്നു. അക്കാലത്ത് ഏതാണ്ട് പൂർണ്ണമായും പുരുഷ മേധാവിത്വമുള്ള ഒരു തൊഴിലായിരുന്ന യുകെയിലെ ശസ്ത്രക്രിയാ മേഖലയിൽ ഈ തൊഴിൽ പിന്തുടർന്ന ആദ്യകാല വനിതകളിൽ ഒരാളായിരുന്ന അവർ സൗത്ത് ലണ്ടൻ ഹോസ്പിറ്റൽ ഫോർ വുമൺ ആൻഡ് ചിൽഡ്രന്റെ സഹസ്ഥാപകയെന്ന നിലയിലും ശ്രദ്ധേയയായിരുന്നു.[1]
സസെക്സിലെ പെറ്റ്വർത്തിൽ ജനിച്ച എലീനർ ഡേവിസ്-കോളിയുടെ പിതാവ് ജോൺ നെവിൽ കോലി ഡേവീസ്-കോളി ഗൈസ് ആശുപത്രിയിലെ ഒരു സർജനായിരുന്നപ്പോൾ അവളുടെ മാതൃ മുത്തച്ഛൻ തോമസ് ടർണർ ആ ആശുപത്രിയുടെ ട്രഷററായിരുന്നു.[2] ഒരു ചിത്രകാരിയായിരുന്ന ഫ്രാൻസിസ് ബേക്കർ അവരുടെ മൂത്ത സഹോദരിയും ഫെമിനിസ്റ്റും പ്രസാധകയുമായിരുന്ന ഹാരിയറ്റ് വീവർ അവളുടെ കസിനുമായിരുന്നു.
ബേക്കർ സ്ട്രീറ്റ് ഹൈസ്കൂൾ ഫോർ ഗേൾസിലും ലണ്ടനിലെ ക്വീൻസ് കോളേജിലുമാണ് അവൾ വിദ്യാഭ്യാസം നിർവ്വഹിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം, അവൾ ആദ്യം ലണ്ടനിലെ ഈസ്റ്റ് എൻഡിൽ നിർദ്ധനരായ കുട്ടികൾക്കൊപ്പം ജോലി ചെയ്തു.[3]
ലണ്ടൻ സ്കൂൾ ഓഫ് മെഡിസിൻ ഫോർ വുമണിൽ (1902–7) വൈദ്യശാസ്ത്രം പഠിച്ച എലീനർ ഡേവീസ്-കോളി 1907-ൽ എം.ബി.ബി.എസ്. ബിരുദം നേടുകയും 1910-ൽ ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽനിന്ന് എം.ഡി. ബിരുദം കരസ്ഥമാക്കുകയും ചെയ്തു.[4] 1911-ൽ അവർ റോയൽ കോളേജ് ഓഫ് സർജൻസിലെ ആദ്യത്തെ വനിതാ ഫെലോ ആയി.[5][6]
ഒരു സർജനെന്ന നിലയിലുള്ള എലീനർ ഡേവീസ്-കോളിയുടെ ജീവിതം ഏകദേശം മുപ്പത് വർഷത്തോളം നീണ്ടുനിന്നു.[7] 1907-ൽ ബിരുദം നേടിയ ശേഷം, എലിസബത്ത് ഗാരറ്റ് ആൻഡേഴ്സൺ സ്ഥാപിച്ച ന്യൂ ഹോസ്പിറ്റൽ ഫോർ വുമണിൽ മൌഡ് ചാഡ്ബേണിന്റെ കീഴിൽ (അവരോടൊപ്പം ഇരുപത്തിയഞ്ച് വർഷം ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്തു) അവൾ ഒരു ഹൗസ് സർജനായി ജോലി ചെയ്തു. 1917-ൽ ഗാരറ്റ് ആൻഡേഴ്സന്റെ മരണശേഷം എലിസബത്ത് ഗാരറ്റ് ആൻഡേഴ്സൺ ഹോസ്പിറ്റൽ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഇത് ഇപ്പോൾ യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ ഹോസ്പിറ്റലുകളുടെ ഭാഗമാണ്.[8][9] തുടർന്ന് ലണ്ടൻ സ്കൂൾ ഓഫ് മെഡിസിനിൽ അനാട്ടമിയിൽ ഡെമോൺസ്ട്രേറ്ററും റോയൽ ഫ്രീ ഹോസ്പിറ്റലിൽ സർജിക്കൽ രജിസ്ട്രാറും ആയി. സൗത്ത് ലണ്ടൻ ഹോസ്പിറ്റലിലെ ജോലിക്ക് പുറമേ, പിന്നീടുള്ള ജീവിതത്തിൽ അവർ മേരി ക്യൂറി കാൻസർ ഹോസ്പിറ്റലിൽ ഒരു സർജനും എലിസബത്ത് ഗാരറ്റ് ആൻഡേഴ്സൺ ഹോസ്പിറ്റലിൽ സീനിയർ ഒബ്സ്റ്റട്രീഷ്യനുമായിരുന്നു.[10] 1917-ൽ അവർ മെഡിക്കൽ വിമൻസ് ഫെഡറേഷന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു.[11]