മുൻ ഇന്ത്യൻ കേന്ദ്രമന്ത്രിയും ബി.സി.സി.ഐ അധ്യക്ഷനുമായിരുന്നു നരേന്ദ്രകുമാർ സാൽവെ എന്ന എൻ.കെ.പി സാൽവെ.( - 1 ഏപ്രിൽ 2012).
മധ്യപ്രദേശിലെ ചിന്നവാഡയിൽ ജനിച്ചു. ചാർട്ടേഡ് അക്കൗണ്ടന്റായി ജീവിതം തുടങ്ങിയ സാൽവെ പിന്നീട് പൊതു പ്രവർത്തനത്തിലേക്ക് തിരിഞ്ഞു. അഞ്ചാം ലോക് സഭയിലേക്ക് മധ്യപ്രദേശിലെ ബീതുളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.[1] പിന്നീട് രാജ്യസഭാംഗമായി. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, പി.വി. നരസിംഹറാവു എന്നീ പ്രധാനമന്ത്രിമാരുടെ സർക്കാറുകളിൽ സാൽവെ കേന്ദ്ര മന്ത്രിയായിരുന്നു. അദ്ദേഹം കേന്ദ്രത്തിൽ ഉരുക്കു വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. വിദർഭ പ്രദേശത്തെ മഹാരാഷ്ട്രയിൽ നിന്ന് വേർപെടുത്തി പ്രത്യേക സംസ്ഥാനം ആക്കണമെന്ന അഭിപ്രായക്കാരനായിരുന്നു സാൽവെ. മറ്റൊരു കോൺഗ്രസ് നേതാവായ വസന്ത് സാഠേയുമായി ചേർന്ന് ഈ ആവശ്യം ശക്തമായി ഉന്നയിച്ച അദ്ദേഹം തുടർന്ന് അതിന്റെ പേരിൽ പാർട്ടി വിട്ടു. ക്രിക്കറ്റ് ഭരണരംഗവുമായി ദീർഘകാലത്തെ ബന്ധമുണ്ടായിരുന്ന് സാൽവെക്ക് 1987-ലെ ലോകകപ്പ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കൊണ്ടുവന്നതിൽ വലിയ പങ്കുണ്ട്. ഇംഗ്ലണ്ടിനു പുറത്ത് ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നത് അതാദ്യമായിരുന്നു.[2] സാൽവയുടെ പേരിലാണ് ബി.സി.സി.ഐ ചലഞ്ചർ ട്രോഫി കിരീടം നാമകരണം ചെയ്‌തിരിക്കുന്നത്.[3]