ബ്രിട്ടീഷ് ഇന്ത്യയിൽ 1891-
വ്യാപകമായി നിലനിന്നിരുന്ന ശിശുവിവാഹങ്ങൾ നിയന്ത്രിക്കുകയായിരുന്നു നിയമത്തിന്റെ ലക്ഷ്യം. പെട്ടെന്ന് ഈ നിയമനിർമ്മാണത്തിലേക്ക് നയിച്ചത് രണ്ട് കേസുകളായിരുന്നു.
1875-ൽ പതിനൊന്നാം വയസ്സിൽ വിവാഹിതയായ രുക്മാഭായ്, പക്ഷെ തന്റെ ഭർത്താവായിരുന്ന ദാദാജി ബികാജിയെ ഒന്നിച്ചുള്ള ജീവിതമാരംഭിക്കാൻ അനുവദിച്ചിരുന്നില്ല. തന്റെ വളർത്തച്ഛനായ സഖാറാം അർജുൻ പിന്തുണച്ചതോടെ രുക്മാഭായ് ഭർതൃഭവനത്തിലേക്ക് പോകാൻ വിസമ്മതിച്ചു. 1884-ൽ വളർത്തച്ഛനെതിരെ കേസുമായി ബികാജി രംഗത്തുവന്നു. ചെറുപ്രായത്തിൽ നടത്തപ്പെട്ട വിവാഹമായതിനാൽ ഭർതൃവീട്ടിലേക്ക് പോകാൻ നിർബന്ധിക്കാനാവില്ലെന്ന 1885-ലെ ആദ്യ വിധി രുക്മാഭായിക്ക് അനുകൂലമായിരുന്നു. 1886-ൽ വീണ്ടും വിചാരണക്ക് വന്ന കേസിനിടയിൽ പക്ഷെ കാര്യങ്ങൾ മാധ്യമങ്ങളും നേതാക്കളും ബികാജിക്കനുകൂലമായി വ്യാപകമായ പ്രചാരണം നടത്തി. ഹിന്ദു വികാരങ്ങളെ നോവിപ്പിക്കുന്ന വിധിയായി അവരതിനെ വ്യാഖ്യാനിച്ചു. 1887-ലെ അന്തിമ വിധിയിൽ ഹിന്ദു നിയമപ്രകാരം ഭർത്താവിന്റെ കൂടെ പോകാൻ കോടതി വിധിച്ചു. [1][2]. അല്ലെങ്കിൽ ആറുമാസത്തെ ജയിൽ വാസമാണ് കോടതി രുക്മാഭായ്ക്ക് വിധിച്ചത്. തടവ് തെരഞ്ഞെടുത്തതായി രുക്മാഭായ് പറഞ്ഞു. ഇതോടെ കാര്യങ്ങൾ കൂടുതൽ വിവാദങ്ങളിലേക്ക് നീങ്ങി. രുക്മാഭായ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഫലമായാണ് വിമതസ്വരമുയർത്തുന്നതെന്ന് പറഞ്ഞ ബാലഗംഗാധര തിലകൻ ഹിന്ദുമതം അപകടത്തിലാണെന്ന് പ്രഖ്യാപിച്ചു.
രണ്ടാമത്തെ കേസിൽ 1887-ൽ ഫൂൽമണി ദാസി എന്ന പതിനൊന്നുകാരി നവവധു, ഭർത്താവിന്റെ നിർബന്ധിത ലൈംഗികബന്ധത്താൽ മരിച്ചിരുന്നു. വിവാഹേതര ബലാത്സംഗങ്ങൾ മാത്രവേ നിയമപ്രകാരം കുറ്റകരമാവൂ എന്നതിനാൽ തുടർന്ന് നടന്ന കോടതിവ്യവഹാരത്തിൽ ഭർത്താവ് കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു.
ഈ സംഭവങ്ങളെത്തുടർന്ന്[3][4] നിയമഭേദഗതിയെക്കുറിച്ച് ബ്രിട്ടീഷുകാർ ആലോചിച്ചുതുടങ്ങി[5][6]. 1882-ലെ നിയമം പ്രകാരം സമ്മതപ്രായം 10 ഉണ്ടായിരുന്നത് 12 ആക്കിയതോടൊപ്പം[2] [7] [1] വിവാഹിതരായ ശിശുക്കളെക്കൂടി നിയമപരിധിയിൽ കൊണ്ടുവന്നു.
1891 ജനുവരി 9-ന് കൽക്കത്തയിലെ ലെജിസ്ലേറ്റീവ് കൗൺസിലിൽ സർ ആൻഡ്രൂ സ്കോബിൾ ബിൽ അവതരിപ്പിച്ചു[8]. ഹിന്ദു നിയമങ്ങളിൽ ഇടപെടുന്നതായി കരുതുമെന്നതിനാൽ സർ രമേഷ് സുന്ദർ മിറ്റർ എന്ന കൗൺസിൽ അംഗം എതിർത്തെങ്കിലും മറ്റ് അംഗങ്ങളെല്ലാം പിന്തുണച്ചതിനാൽ ബിൽ 19 മാർച്ച് 1891-ന് നിയമമായി മാറി.[8][9]
ഇന്ത്യൻ പരിഷ്കർത്താവായിരുന്ന ബെഹ്റാംജി മലബാറി, സ്ത്രീസംഘടനകൾ[10], സാമൂഹ്യസംഘടനകൾ തുടങ്ങിയവർ നിയമത്തെ സ്വാഗതം ചെയ്ത് രംഗത്ത് വന്നു. എന്നാൽ ബാലഗംഗാധരതിലകൻ ഉൾപ്പെടെയുള്ള തീവ്ര ഹിന്ദു നേതാക്കൾ നിയമത്തിനെതിരെ രംഗത്ത് വന്നു. മറ്റ് മിതവാദി ദേശീയനേതാക്കളും പൊതുവിൽ ബ്രിട്ടീഷ് ഇടപെടലിനെതിരായിരുന്നു[11].