ഗ്രാസിൽ ജനിച്ച ഒരു ഓസ്ട്രിയൻ ഗൈനക്കോളജിസ്റ്റായിരുന്നു ഏണസ്റ്റ് വെർട്ടൈം (21 ഫെബ്രുവരി 1864 - 15 ഫെബ്രുവരി 1920).
വെളുത്തുള്ളിയെക്കുറിച്ചുള്ള തന്റെ രാസപഠനത്തിന്റെ പേരിൽ ഓർമ്മിക്കപ്പെടുന്ന, ഗ്രാസ് സർവ്വകലാശാലയിലെ ഓസ്ട്രിയൻ കെമിസ്ട്രി പ്രൊഫസറായ തിയോഡോർ വെർതൈമിന്റെ മകനാണ് ഏണസ്റ്റ് വെർട്ടൈം. 1888 ഫെബ്രുവരി 29-ന് ഗ്രാസ് സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം പിന്നീട് ജനറൽ ആന്റ് എക്സ്പെരിമെന്റൽ പാത്തോളജി വിഭാഗത്തിൽ സഹായിയായി. 1889-ൽ അദ്ദേഹം വിയന്നയിലെ രണ്ടാമത്തെ യൂണിവേഴ്‌സിറ്റി ക്ലിനിക്കിൽ ഓട്ടോ കഹ്‌ലറുടെ (1849-1893) കീഴിൽ ജോലി ചെയ്തു, തുടർന്ന് റുഡോൾഫ് ക്രോബാക്കിന്റെ (1843-1910) കീഴിലുള്ള രണ്ടാമത്തെ വിയന്ന വനിതാ ക്ലിനിക്കിൽ നിയമനം നേടി. 1890 സെപ്റ്റംബർ 30 വരെ അദ്ദേഹം അവിടെ ജോലി ചെയ്തു. പിന്നീട്, യൂണിവേഴ്സിറ്റി വനിതാ ക്ലിനിക്കിലെ ഫ്രെഡറിക് ഷൗട്ടയുടെ (1849-1919) സഹായിയായി പ്രാഗിലേക്ക് സ്ഥലം മാറി. വിയന്നയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ തലവനായി ഷൗട്ടയെ നിയമിച്ചപ്പോൾ, വെർട്ടൈം അദ്ദേഹത്തെ പിന്തുടർന്ന് വിയന്നയിലേക്ക് മടങ്ങി, അവിടെ അദ്ദേഹം 1892-ൽ ഗൈനക്കോളജിയിലും ഒബ്സ്റ്റട്രിക്ക്‌സിലും ഹാബിലിറ്റേഷൻ നേടി.
1897-ൽ ബെറ്റിന പവലിയൻസ് ഡെർ എലിസബത്ത്-ക്ലിനിക്കിലെ ഗൈനക്കോളജിക്കൽ വിഭാഗത്തിൽ ചീഫ് സർജനായി, പിന്നീട് 1910-ൽ ആദ്യത്തെ വിയന്ന വനിതാ ക്ലിനിക്കിന്റെ ഡയറക്ടറായി.
1898 നവംബർ 16-ന്, സെർവിക്കൽ ക്യാൻസറിനുള്ള ആദ്യത്തെ റാഡിക്കൽ അബ്ഡൊമിനൽ ഹിസ്റ്റെരെക്ടമി വെർട്ടൈം നടത്തി. ഈ ഓപ്പറേഷനിൽ, അണ്ഡാശയത്തെ കേടുകൂടാതെ വിട്ടുകൊണ്ട് ഗർഭപാത്രം, പാരാമെട്രിയം, യോനിക്ക് ചുറ്റുമുള്ള ടിഷ്യുകൾ, പെൽവിക് ലിംഫ് നോഡുകൾ എന്നിവ നീക്കം ചെയ്യൽ ഉൾപ്പെടുന്നു. സെർവിക്കൽ ക്യാൻസറിനുള്ള അപകടകരമായ നടപടിക്രമമാണെങ്കിലും, പിന്നീട് വെർട്ടൈം ശസ്ത്രക്രിയ വളരെ സാധാരണമായി മാറി. സ്ത്രീ ജനനേന്ദ്രിയത്തിലെ ഗൊണോറിയയെക്കുറിച്ച് അദ്ദേഹം സുപ്രധാന ഗവേഷണം നടത്തി, പെരിറ്റോണിയത്തിൽ ഗൊണോകോക്കസിന്റെ സാന്നിധ്യം തെളിയിക്കുന്ന ആദ്യത്തെ വൈദ്യനായിരുന്നു അദ്ദേഹം. കൂടാതെ, മനുഷ്യ രക്തത്തിലെ സെറം കലർന്ന അഗർ കൾച്ചറിലാണ് ഗൊണോകോക്കസ് ഏറ്റവും നന്നായി വളരുന്നതെന്ന് അദ്ദേഹം കണ്ടെത്തി.
1899-ൽ വിയന്ന സർവകലാശാലയിൽ പ്രൊഫസറായി വെർട്ടൈം നിയമിതനായി. 1910-ൽ അദ്ദേഹത്തെ വിയന്നയിലെ സെക്കൻഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റി, അവിടെ യൂട്ടറിൻ പ്രോലാപ്‌സ് ചികിത്സിക്കുന്നതിനുള്ള ശസ്ത്രക്രിയാ വിദ്യകൾ വികസിപ്പിക്കുന്നതിൽ അദ്ദേഹം സ്വയം സമർപ്പിച്ചു.
1920-ൽ വിയന്നയിൽ വെച്ച് വെർട്ടൈം അന്തരിച്ചു. സെൻട്രൽഫ്രീഡ്ഹോഫിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ ലഭിച്ചു. [1]
"വെർട്ടൈംസ് വജൈനൽ ക്ലാമ്പ്" എന്ന് വിളിക്കപ്പെടുന്ന ഒരു തരം ഹിസ്റ്റെരെക്ടമി ഫോഴ്‌സ്‌പ്‌സിന് അദ്ദേഹത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. [2]