ശസ്ത്രക്രിയയിലൂടെ, ഐറിസിന്റെ ചെറിയ ഭാഗം നീക്കം ചെയ്യുന്നതിനെ ആണ് ഐറിഡെക്ടമി അല്ലെങ്കിൽ സർജിക്കൽ ഐറിഡെക്ടമി എന്ന് വിളിക്കുന്നത്.[1][2]ക്ലോസ്ഡ് ആംഗിൾ ഗ്ലോക്കോമ, ഐറിസ് മെലനോമ എന്നിവയുടെ ചികിത്സയിലാണ് ഈ ശസ്ത്രക്രിയ നടപടിക്രമം സാധാരണയായി നടത്തുന്നത്. തടസ്സങ്ങൾ ഒഴിവായി കണ്ണിനുള്ളിലെ ദ്രാവകമായ അക്വസ് ഹ്യൂമർപിൻ അറയിൽ നിന്നും മുൻ അറയിലേക്ക് സുഗമമായി ഒഴുകുന്നതിന് ആണ് ഈ ശസ്ത്രക്രിയ പ്രധാനമായും ചെയ്യുന്നത്.
പുരാതന ഹിന്ദു ഐറിഡെക്ടമി കത്തിയും ഒരു ആധുനിക കത്തിയും
അക്യൂട്ട് ആംഗിൾ-ക്ലോഷർ ഗ്ലോക്കോമ രോഗികളിൽ, സർജിക്കൽ ഐറിഡെക്ടമിയെക്കാൾ കൂടുതലായി ചെയ്യുന്ന നടപടിക്രമം യാഗ് ലേസർ ഐറിഡോട്ടമി ആണ്. ഇതിന് കാരണം ലേസർ നടപടിക്രമം കൂടുതൽ സുരക്ഷിതമാണ് എന്നതാണ്. കണ്ണിലെ മർദ്ദം ഉയർന്നിരിക്കുന്നതിനാൽ, നേത്ര ഗ്ലോബിനുണ്ടാക്കുന്ന മുറിവ് സുപ്രകോറോയിഡൽ, എക്സ്പൾസിവ് ഹെമറേജുകൾക്ക് സാധ്യത വർദ്ധിപ്പിക്കുന്നു. ഐറിസിൽ ഒരു ദ്വാരം സൃഷ്ടിക്കാൻ ലേസർ ഉപയോഗിക്കുമ്പോൾ അത്തരം അപകടങ്ങൾ ഒഴിവാകുന്നു.
കണ്ണിന്റെ കോശജ്വലനാവസ്ഥയിൽ ഇൻട്രാഒക്യുലർ മർദ്ദം കുറയ്ക്കുന്നതിന് ഐറിസിന്റെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതാണ് ആന്റിഫോഗിസ്റ്റിക് ഐറിഡെക്ടമി.[1]
ഐറിസിന്റെ റൂട്ട് ഉൾപ്പെടുന്ന ഒരു ഐറിഡെക്ടമി ആണ് ബേസൽ ഐറിഡെക്ടമി.[1]
പ്യൂപ്പിൾ വലുപ്പം കൂട്ടുന്നതിനോ അല്ലെങ്കിൽ ഒരു കൃത്രിമ പ്യൂപ്പിൾ രൂപപ്പെടുത്തുന്നതിനോ ഐറിസിന്റെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതാണ് ഒപ്റ്റിക്കൽ ഐറിഡെക്ടമി.
ഐറിസ് റൂട്ടിൻ്റെ ഭാഗത്തുനിന്ന്, ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതാണ് പെരിഫറൽ ഐറിഡെക്ടമി. ഇതിൽ പ്യൂപ്പിലറി മാർജിനും സ്പിൻക്റ്റർ പേശികളും കേടുകൂടാതെയിരിക്കും. ഗ്ലോക്കോമ ചികിത്സയിൽ ഇത് ഉപയോഗിക്കുന്നു.[2]
തിമിര ശസ്ത്രക്രിയ നടപടിക്രമത്തിൽ ഐറിസിന്റെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതാണ് പ്രിലിമിനറി ഐറിഡെക്ടമി അഥവാ പ്രിപ്പറേറ്ററി ഐറിഡെക്ടമി. തിമിരലെൻസ് നീക്കംചെയ്യാൻ ഇത് സഹായിക്കുന്നു.
ഒരു സെക്ടർ ഐറിഡെക്ടമി (കംപ്ലീറ്റ് ഐറിഡെക്ടമി അല്ലെങ്കിൽ ടോട്ടൽ ഐറിഡെക്ടമി എന്നും അറിയപ്പെടുന്നു) പ്യൂപ്പിളറി മാർജിൻ മുതൽ ഐറിസിന്റെ റൂട്ട് വരെ നീളുന്ന ഐറിസിന്റെ പൂർണ്ണ റേഡിയൽ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യുന്ന പ്രക്രിയയാണ്.[1] ഐറിസിന്റെ വെഡ്ജ് ആകൃതിയിലുള്ള ഭാഗം നീക്കംചെയ്യുന്നതിലൂടെ ഒരു കീ-ഹോൾ പ്യൂപ്പിൾ ശേഷിക്കുന്നു.[3]
ഇടുങ്ങിയ കഷ്ണം അല്ലെങ്കിൽ ഐറിസിന്റെ ഒരു വളരെ ചെറിയ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതാണ് സ്റ്റെനോപിക് ഐറിഡെക്ടമി എന്ന് അറിയപ്പെടുന്നത്. ഇതിൽ സ്പിൻക്റ്റർ പേശികൾ കേടുകൂടാതെയിരിക്കും.
ഒക്യുലാർ രോഗം ഭേദമാക്കുന്നതിനോ തടയുന്നതിനോ ഐറിസിന്റെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതാണ് തെറാപ്യൂട്ടിക് ഐറിഡെക്ടമി.