കർത്താവ് | റോബർട്ട് എ. ഹൈൻലൈൻ |
---|---|
പുറംചട്ട സൃഷ്ടാവ് | [[Irv Docktor]|ഇർവ് ഡോക്ടർ]] |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | ശാസ്ത്ര ഫിക്ഷൻ |
പ്രസാധകർ | വിക്ടർ ഗൊല്ലാൻക്സ് ലിമിറ്റഡ് |
പ്രസിദ്ധീകരിച്ച തിയതി | 1963 |
മാധ്യമം | അച്ചടി |
ISBN | 9780671318451 |
OCLC | 751436515 |
ശേഷമുള്ള പുസ്തകം | ടൈം ഇനഫ് ഫോർ ലവ് |
റോബർട്ട് എ. ഹൈൻലൈൻ രചിച്ച ശാസ്ത്ര ഫിക്ഷൻ നോവലാണ് ഓർഫൻ ഓഫ് ദ സ്കൈ. "യൂണിവേഴ്സ്" (അസ്റ്റൗണ്ടിംഗ് സയൻസ് ഫിക്ഷൻ, മേയ് 1941), ഇതിന്റെ രണ്ടാം ഭാഗമായ "കോമൺ സെൻസ്" (അസ്റ്റൗണ്ടിംഗ് സയൻസ് ഫിക്ഷൻ, ഒക്റ്റോബർ 1941) എന്നിങ്ങനെ രണ്ടായാണ് ഈ കൃതി ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. 1963-ലാണ് ഈ രണ്ട് നോവെല്ലകളും ഒരുമിച്ച് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത്. 1951-ൽ "യൂണിവേഴ്സ്" 10¢ വിലയുള്ള ഡെൽ പേപ്പർബാക്ക് കൃതിയായി പ്രസിദ്ധീകരിച്ചിരുന്നു. തലമുറാന്തര ശൂന്യാകാശപേടകം എന്ന പ്രമേയം ചർച്ച ചെയ്യുന്ന ആദ്യ കൃതികളിലൊന്നാണിത്.
"ഫാർ സെന്റോറസ്" എന്ന നക്ഷത്രത്തിലേയ്ക്ക് തിരിക്കുന്ന സിലിണ്ടർ ആകൃതിയുള്ളതും ഭീമാകാരമായതുമായ വാൻഗാർഡ് എന്ന ഒരു തലമുറാന്തര ശൂന്യാകാശ പേടകം ശൂന്യാകാശത്തിലൂടെ നിയന്ത്രണമില്ലാതെ നീങ്ങുകയാണ്. വളരെപ്പണ്ട് നടന്ന ഒരു കലാപം മിക്ക ഓഫീസർമാരുടെയും മരണത്തിനിടയാക്കിയതാണ് ഇതിനു കാരണം. യാത്രികരിൽ 90% ഈ സംഭവത്തിൽ മരണമടയുന്നു. രക്ഷപ്പെട്ടവരുടെ പിൻതലമുറക്കാർ തങ്ങളുടെ യാത്രയുടെ ലക്ഷ്യമെന്താണെന്നും തങ്ങളുടെ പേടകത്തിന്റെ സ്വഭാവമെന്താണെന്നും കാലക്രമേണ മറന്നുപോവുകയുണ്ടായി. സാങ്കേതിക വിദ്യ സ്വായത്തമല്ലാത്തതും അന്ധവിശ്വാസികളുമായ ആൾക്കാരാണ് ഇപ്പോൾ കപ്പലിലെ യാത്രക്കാർ. "പേടകം" പ്രപഞ്ചമാണെന്നും "പേടകം നീക്കുക" എന്നത് ഒരു വിരോധാഭാസമാണെന്നും, പേടകത്തിന്റെ "യാത്ര" മതപരമായ ഒരു ബിംബം മാത്രമാണെന്നുമാണ് ഇവർ വിശ്വസിക്കുന്നത്. "ഓഫീസർമാരും" "ശാസ്ത്രജ്ഞന്മാരും" ചേർന്ന ഒരു സംവിധാനമാണ് യാത്രികരെ ഭരിക്കുന്നത്. മിക്ക യാത്രികരും അക്ഷരാഭ്യാസമില്ലാത്ത കർഷകരാണ്. "മ്യൂട്ടികൾ" ("മ്യൂട്ടന്റുകൾ" എന്ന വാക്കിന്റെയോ കലാപകാരികൾ എന്നർത്ഥമുള്ള "മ്യൂട്ടിനീർസ്" എന്ന വാക്കിന്റെയോ ചുരുക്കമായാണ് ഇതുപയോഗിക്കുന്നത്) താമസിക്കുന്ന "ഉയർന്ന ഡെക്കുകളിലേയ്ക്ക്" ഇവർ പോകാറേയില്ല. യാത്രികർക്കിടയിൽ ജനിക്കുന്ന കുഞ്ഞുങ്ങളിൽ ജനിതകവ്യതിയാനം കാണുന്നവയെ കൊന്നുകളയുകയാണ് ചെയ്യുന്നത്. ഇരുപതിലൊന്ന് കുഞ്ഞുങ്ങൾക്ക് ഇത്തരത്തിലാണ് ജനിക്കുന്നത്. കപ്പലിന്റെ പ്രധാന ഊർജ്ജസ്രോതസ്സ് പ്രവർത്തിക്കാതായതോടെ ദോഷകരമായ വികിരണങ്ങളിൽ നിന്നുള്ള സംരക്ഷണം നഷ്ടമായതാണ് ഈ ജനിതക വ്യതിയാന വർദ്ധനവിനു കാരണം.
ഹ്യൂ ഹോലാന്റ് എന്ന ജിജ്ഞാസുവായ ഒരു യാത്രികനാണ് പ്രധാന കഥാപാത്രം. ഒരു സയന്റിസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കാൻ ഹ്യൂവിനെ തിരഞ്ഞെടുക്കുന്നു. കപ്പലിന്റെ പ്രവർത്തനം തുടരുന്നതിനാവശ്യമായ പ്രവൃത്തികൾ ഒരു ചടങ്ങെന്നപോലെയാണ് സയന്റിസ്റ്റുകൾ ചെയ്യുന്നത്.
മുകളിലെ ഡെക്കുകളിൽ പോകുന്നതിനിടെ ഹ്യൂ മ്യൂട്ടികളുടെ പിടിയിലാകുന്നു. ഭക്ഷിക്കപ്പെടുന്നതിൽ നിന്ന് കഷ്ടിച്ചാണ് ഹ്യൂ രക്ഷപെടുന്നത്. രണ്ടു ശിരസ്സുകളുള്ള ജോ-ജിം ഗ്രിഗറി എന്ന ഒരു മ്യൂട്ടി സംഘനേതാവിന്റെ അടിമയായി ഹ്യൂ മാറുന്നു. ജോ, ജിം എന്ന രണ്ടു ശിരസ്സുകളും വളരെ ഉയർന്ന ബുദ്ധിശക്തിയുള്ള വ്യത്യസ്ത വ്യക്തികളാണ്. കപ്പലിന്റെ ഉപയോഗമെന്തെന്ന് ഇവർക്ക് ഏകദേശധാരണയുണ്ട്.
പേടകത്തിന്റെ യഥാർത്ഥ ലക്ഷ്യമെന്താണെന്ന് മനസ്സിലാക്കുന്ന ഹ്യൂ കോളനിവൽക്കരണം സാദ്ധ്യമാക്കുവാൻ ശ്രമിക്കാൻ ജോ-ജിമ്മിനെ പ്രേരിപ്പിക്കുന്നു. ഒരു നക്ഷത്രം കഴിഞ്ഞ കുറേ വർഷങ്ങളായി വലിപ്പം വർദ്ധിച്ചുവരുന്നത് ജോ-ജിം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മറ്റുള്ള യാത്രികരെ സത്യം ബോദ്ധ്യപ്പെടുത്തുവാനായി ഹ്യൂ താഴേയ്ക്ക് മടങ്ങുന്നുവെങ്കിലും ബിൽ എർട്ട്സ് എന്ന യജമാനൻ ഹ്യൂവിനെ പിടികൂടി വധശിക്ഷ നൽകാൻ വിധിക്കുന്നു. ഹ്യൂ ഭ്രാന്തനോ ജനിതകവ്യതിയാനം സംഭവിച്ചയാളോ ആണ് എന്നാണ് മറ്റുള്ളവർ കരുതുന്നത്.
അലൻ മഹോണെ എന്ന തന്റെ സുഹൃത്തിനെ ജോ-ജിമ്മിനെ വിവരമറിയിക്കാൻ ഹ്യൂ നിയോഗിക്കുന്നു. ബില്ലിനെയും പിന്നീട് പേടകത്തിന്റെ മുന്നിലെത്തിച്ച് ഇവർ നക്ഷത്രങ്ങളെയും പേടകത്തെ നിയന്ത്രിക്കുന്ന ഉപകരണങ്ങളെയും കാണിച്ചുകൊടുക്കുന്നു. ബിൽ ക്യാപ്റ്റന്റെ സഹായിയായ ഫിനിയാസ് നെർബി എന്നയാളെ സഹായത്തിനായി സമീപിക്കുന്നു.
ജോ-ജിമ്മിന്റെ ഇഷ്ടകൃതിയായ ദ ത്രീ മസ്കറ്റീർസ് എന്ന കൃതിയിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് ഇവർ വാളുകൾ നിർമ്മിക്കുന്നു. ഇവ ഉപയോഗിച്ച് ഇവർ ക്യാപ്റ്റനെ വധിക്കുകയും നാർബിയെ ക്യാപ്റ്റനായി അവരോധിക്കുകയും ചെയ്യുന്നു. കപ്പലിനെ മുഴുവൻ തങ്ങളുടെ വരുതിയിലാക്കാൻ അവർ ശ്രമിക്കുന്നു.
നാർബിക്ക് ഹ്യൂവിനെ വിശ്വാസമില്ലായിരുന്നു എന്നും അധികാരം പിടിച്ചടക്കാനായാണ് ഇവർ ശ്രമിച്ചതെന്നും പിന്നീടാണ് വ്യക്തമാകുന്നത്. നിയന്ത്രണം പിടിച്ചടക്കിയശേഷം നാർബി മ്യൂട്ടികളെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നു. ജോ പോരാട്ടത്തിൽ കൊല്ലപ്പെടുന്നു. ഹ്യൂ, അലൻ, ബിൽ എന്നിവർക്കും അവരുടെ ഭാര്യമാർക്കും ഒരു ലൈഫ് ബോട്ടിൽ രക്ഷപ്പെടാൻ ആവശ്യത്തിന് സമയം ലഭിക്കുവാനായി ജിം മരണം വരെ പോരാടുന്നു. ഒരു വാതക ഭീമന്റെ ഉപഗ്രഹങ്ങളിലൊന്നിൽ ഹ്യൂ പേടകം ഇറക്കുന്നു.
ഈ കൃതി "ഒരു ആധുനിക ക്ലാസ്സിക്" ആണെന്ന് അവ്രാം ഡേവിഡ്സൺ പറയുകയുണ്ടായി. ഇതിന്റെ അന്ത്യം "പരിമിതമായ ഒന്നായിരുന്നു" എന്നത് തന്നെ നിരാശപ്പെടുത്തി എന്നും അദ്ദേഹം നിരീക്ഷിക്കുകയുണ്ടായി.[1]
ഈ കൃതിയിൽ പേടകം എത്ര നാൾ യാത്ര ചെയ്തു എന്ന് വ്യക്തമാക്കുന്നില്ല. തന്റെ പല കൃതികളുടെ ടൈം ലൈൻ ഹൈൻലൈൻ പ്രസിദ്ധീകരിച്ചിരുന്നു. ഇതനുസരിച്ച് ഇരുപത്തിരണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് വാൻഗാർഡ് യാത്രയാരംഭിക്കുന്നത്.[2] കൃതിയിലെ പ്രധാന സംഭവങ്ങൾ ഇതിനു നൂറ്റാണ്ടുകൾക്കു ശേഷമാണ് സംഭവിക്കുന്നത്.
"യൂണിവേഴ്സ്" എൻ.ബി.സി.റേഡിയോയിൽ 1951 നവംബർ 26-നും 1955 മേയ് 15-നും പ്രക്ഷേപണം ചെയ്യുകയുണ്ടായി. കഥയിൽ കാര്യമായ മാറ്റങ്ങൾ ഈ റേഡിയോ രൂപാന്തരണത്തിനുണ്ടായിരുന്നു. കഥാന്ത്യത്തിൽ ഹ്യൂ കൊല്ലപ്പെടുകയും വാൻഗാർഡ് പേടക ജോലിക്കാർക്ക് പേടകത്തിനെപ്പറ്റിയുള്ള യഥാർത്ഥ ചിത്രം ലഭിക്കുകയുമാണ് ഇതിൽ സംഭവിക്കുന്നത്.
ഇതിനു വളരെ ശേഷം ടൈം ഇനഫ് ഫോർ ലവ് എന്ന നോവലിൽ വാൻഗാർഡ് എന്ന പേടകത്തെപ്പറ്റി ഹ്രസ്വമായി പ്രതിപാദിക്കുന്നുണ്ട്. മെതുസലാസ് ചിൽഡ്രൺ എന്ന നോവലിൽ ഹൊവാർഡ് കുടുംബങ്ങൾ മോഷ്ടിക്കുന്ന ന്യൂ ഫ്രണ്ടിയേഴ്സ് എന്ന പേടകം വാൻഗാർഡിനു ശേഷം നിർമിച്ചതാണെന്ന് ഈ കൃതിയിൽ പറയുന്നു. വാൻഗാർഡ് എന്ന പേടകത്തെ ഏതോ യന്ത്രത്തകരാറോടുകൂടി ഇതിലെ എല്ലാ മനുഷ്യരും മരിച്ച നിലയിൽ കണ്ടെത്തിയതായി ടൈം ഇനഫ് ഫോർ ലവ് എന്ന കൃതിയിൽ പറയുന്നു. പേടകത്തിന്റെ യാത്രാപഥം കണക്കുകൂട്ടിയതിൽ ഹ്യൂവിന്റെ പിൻതലമുറക്കാരെ ബുദ്ധിയുള്ളവരായ അപരിഷ്കൃതരായി ഒരു നക്ഷത്രത്തിനെ ഭ്രമണം ചെയ്യുന്ന വാതകഭീമന്റെ ഒരു ഉപഗ്രഹത്തിൽ കണ്ടെത്തുകയുമുണ്ടായി. വാൻഗാർഡിന്റെ യാത്രാപഥത്തിൽ മനുഷ്യവാസയോഗ്യമായ ഒരേയൊരു ജ്യോതിർ ഗോളമായിരുന്നു ഇത്.
പേടകം ഒടുവിൽ കണ്ടെത്തപ്പെടുന്നത് വർത്തമാനകാലത്തിന് 22 നൂറ്റാണ്ടുകൾക്ക് ശേഷമാണ്. വാതകഭീമന്റെ ഉപഗ്രഹവാസികൾ 700 വർഷമായി അവിടെ വസിക്കുന്നുണ്ടായിരുന്നു എന്നും ഈ കൃതിയിൽ പരാമർശിക്കുന്നു. ഇതിൽ നിന്ന് ഓർഫൻസ് ഇൻ ദ സ്കൈ എന്ന കൃതിയിൽ പരാമർശിക്കുന്ന സംഭവങ്ങൾ ശൂന്യാകാശപേടകം പതിമൂന്ന് നൂറ്റാണ്ടുകൾ സഞ്ചരിച്ചശേഷമാണ് നടന്നതെന്ന് കണക്കാക്കാം.