കടാസ്‌രാജ് ക്ഷേത്രം | |
---|---|
![]() | |
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | ചോവ സൈഡൻഷാ |
മതവിഭാഗം | ഹിന്ദുയിസം |
ജില്ല | ചക്‌വാൾ ജില്ല |
സംസ്ഥാനം | പഞ്ചാബ് |
രാജ്യം | പാകിസ്താൻ |
പാകിസ്താനിലെ പഞ്ചാബിലെ ചക്‌വാൾ ജില്ലയിൽ ചോവ സൈഡൻഷായിലെ കടാസ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രസമുച്ചയമാണ് കടാസ്‌രാജ് ക്ഷേത്രം (പഞ്ചാബി, ഉർദു: کٹاس راج مندر) എന്നറിയപ്പെടുന്നത്. ശിവക്ഷേത്രമായ ഇത് മഹാഭാരത കാലത്ത് നിലവിലുണ്ടായിരുന്നു എന്നാണ് വിശ്വാസം. പാണ്ഡവർ വനവാസത്തിലെ വലിയൊരു പങ്ക് ഇവിടെയാണ് ചിലവഴിച്ചതെന്നും പിന്നീട് കൃഷ്ണനാണ് ക്ഷേത്രത്തിന്റെ തറക്കല്ലിട്ടത് എന്നുമാണ് ഐതിഹ്യം. ഒരു ലോക പൈതൃക സ്ഥാനമായി ഈ ക്ഷേത്രസമുച്ചയം നിർദ്ദേശിക്കാൻ പാകിസ്താൻ ഭരണകൂടം ആലോചിക്കുന്നുണ്ട്. 2007-ൽ ക്ഷേത്രം പുനരുദ്ധാരണം നടത്താനും ആലോചനയുണ്ടായിരുന്നു.[1] 2012-ൽ ഭൂഗർഭജലശോഷണം മൂലം ക്ഷേത്രക്കുളം വറ്റുന്ന അവസ്ഥയുണ്ടായിരുന്നു.[2]
ശിലായുഗകാലത്തെ മഴുവും ടെറാക്കോട്ട വളകളും പാത്രാവശിഷ്ടങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. [3] മദ്ധ്യത്തിലുള്ള വലിയ ക്ഷേത്രത്തിന് ചുറ്റുമായി നിർമിച്ചിട്ടുള്ള ചെറിയ ക്ഷേത്രങ്ങൾ ഏകദേശം 900 വർഷങ്ങൾക്ക് മുൻപുള്ളതാണെന്ന് കരുതപ്പെടുന്നു. ഇതിൽ ആദ്യത്തെ ക്ഷേത്രം എ.ഡി. ആറാം നൂറ്റാണ്ടിലേതാണ്.[4]
1947-ൽ ഹിന്ദുക്കൾ കിഴക്കൻ പഞ്ചാബിലേയ്ക്ക് പലായനം ചെയ്തപ്പോൾ ഈ ക്ഷേത്രം ഉപേക്ഷിക്കപ്പെട്ടു. ഇപ്പോഴും ഇത് ഒരു തീർത്ഥാടനകേന്ദ്രമാണ്.
മഹാഭാരത കാലത്തോളം ഇതിന് പഴക്കമുണ്ടെന്നാണ് വിശ്വാസം. പല ഐതിഹ്യങ്ങളും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. സംസ്കൃതത്തിലെ ഇതിഹാസ കഥയായ മഹാഭാരതത്തിലെ വീരന്മാരായ പാണ്ഡവർ ഇവിടെ താമസിച്ചിരുന്നു എന്നാണ് ഒരു വിശ്വാസം. പതിമൂന്ന് വർഷത്തെ വനവാസക്കാലത്ത് നാലുവർഷം പാണ്ഡവർ ഇവിടെയാണ് കഴിഞ്ഞതെന്ന് ഐതിഹ്യം അവകാശപ്പെടുന്നു. ക്ഷേത്ര സമുച്ചയത്തിന്റെ മദ്ധ്യത്തിലുള്ള കുളത്തിലെ വെള്ളം ശിവന്റെ കണ്ണുനീർ കൊണ്ട് നിറഞ്ഞതാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ഈ തീർത്ഥത്തിലെ വെള്ളത്തിന് മാന്ത്രിക ശക്തിയുണ്ടെന്നാണ് വിശ്വാസം. പാണ്ഡവരിലെ മൂത്ത സഹോദരനായ യുഥിഷ്ടിരൻ യക്ഷനെ തന്റെ ബുദ്ധിയുപയോഗിച്ച് പരാജയപ്പെടുത്തിയത് ഇവിടെവച്ചാണെന്ന് ഒരു ഐതിഹ്യ കഥയുണ്ട്.
ശിവന്റെ പത്നിയായ സതിയുടെ മരണം സംബന്ധിച്ചുള്ളതാണ് മറ്റൊരു ഐതിഹ്യം. സതി മരിച്ചപ്പോൾ ശിവൻ ദുഃഖത്താൽ ഒഴുക്കിയ കണ്ണുനീരാണ് ഈ തീർത്ഥത്തിൽ എന്നാണ് വിശ്വാസം. ശിവന്റെ കണ്ണുനീരാൽ ഉണ്ടായ രണ്ട് കുളങ്ങളിൽ മറ്റൊന്ന് ഇന്ത്യയിലെ അജ്‌മേറിലെ പുഷ്കാരയാണ്. കേതാക്ഷ (പെയ്യുന്ന കണ്ണുകൾ) എന്ന പാകിസ്താനിലെ കുളമാണ് ലോപിച്ച് കടാസ് എന്ന സ്ഥലപ്പേരുണ്ടായത്. മറ്റൊരു കഥയനുസരിച്ച് കടാസ്‌രാജും നൈനിതാളുമാണ് ഈ രണ്ട് കുളങ്ങൾ.
മറ്റൊരു കഥയിൽ ശിവന്റെ കുതിരയായ കടാസ് ആണ് മരിക്കുന്നത് (സതിയല്ല). ആദ്യ ശിവലിംഗം കടാസിലായിരുന്നു എന്നും ഒരു കഥയുണ്ട്. ചില രേഖകളനുസരിച്ച് കടാസ് രാമൻ ജനിച്ച ഭൂമിയാണ് എന്നും അവകാസപ്പെടുന്നുണ്ട്. ഈ പ്രദേശത്തെ ഹിന്ദുക്കൾ ഇത് രാമൻ ജനിച്ച ഭൂമിയാണെന്ന് വിശ്വസിച്ചിരുന്നില്ല.
ചക്‌വാൾ ജില്ലയിൽ നിന്ന് 40 കിലോമീറ്റർ ദൂരത്താണ് ക്ഷേത്രങ്ങൾ. ഇസ്ലാമാബാദ്- ലാഹോർ റോഡായ എം2 മോട്ടോർവേയിൽ നിന്ന് കല്ലാർ കഹാറിൽ വച്ച് തിരിഞ്ഞ് ചോവ സൈദൻ ഷായിലേയ്ക്ക് 24 കിലോമീറ്റർ യാത്രചെയ്താൽ ക്ഷേത്ര സമുച്ചയത്തിലെത്താം.
ഇവിടെ സത്ഗൃഹ എന്ന് പേരുള്ള ഏഴ് പുരാതന ക്ഷേത്രങ്ങളുണ്ട്. ഒരു ബുദ്ധമത സ്തൂപത്തിന്റെ അവശിഷ്ടങ്ങളും ഏതാനം പുരാതന ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും ചില ഹവേലികളും അടുത്ത കാലത്തായി നിർമിച്ച ചില ക്ഷേത്രങ്ങളുമാണ് ഇവിടെയുള്ളത്. ഹിന്ദുക്കൾ പുണ്യതീർത്ഥമായി കരുതുന്ന ഒരു കുളത്തിന് ചുറ്റുമാണ് ഇവ സ്ഥിതി ചെയ്യുന്നത്.[5] ചതുരാകൃതിയിലാണ് ക്ഷേത്രങ്ങൾ നിർമിച്ചിട്ടുള്ളത്.
പതിറ്റാണ്ടുകളായി ഈ ക്ഷേത്രസമുച്ചയം നാശോന്മുഖമായിരുന്നു. കുളത്തിൽ ചപ്പുചവറുകൾ നിറഞ്ഞുകിടക്കുകയായിരുന്നു. ക്ഷേത്രത്തിനുള്ളിലെ ചുവർ ചിത്രങ്ങൾ കാലക്രമേണ നശിച്ചുപോയി. ഇവ സംരക്ഷിക്കാനുള്ള ശ്രമങ്ങളൊന്നും നടന്നിരുന്നില്ല.
2006-07-ൽ പാകിസ്താൻ ഹിന്ദു ദൈവങ്ങളുടെ പ്രതിമകൾ ക്ഷേത്രത്തിൽ സ്ഥാപിക്കുവാനും ക്ഷേത്രം പൂർവ്വസ്ഥിതിയിലാക്കി സന്ദർശകരെ ആകർഷിക്കാനും തീരുമാനിച്ചു.[1] 5.106 കോടി രൂപയായിരുന്നു ഇതിനനുവദിച്ച ബഡ്ജറ്റ്. ലാൽ കൃഷ്ണ അദ്വാനി 2005-ൽ ഈ ക്ഷേത്രം സന്ദർശിച്ചിട്ടുണ്ട്.[6] ഇന്ത്യയിലെയും പാകിസ്താനിലെയും വിവിധ സ്ഥലങ്ങളിൽ നിന്ന് ഇവിടേയ്ക്ക് പ്രതിമകൾ കൊണ്ടുവരാൻ പാകിസ്താൻ ഗവണ്മെന്റ് തീരുമാനമെടുക്കുകയുണ്ടായി. മൂന്നംഗ ആർക്കിയോളജി സംഘം ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങൾ സന്ദർശിച്ച് വിഗ്രഹങ്ങൾ ശേഖരിച്ചു.