കട്ടക്കയം ചെറിയാൻ മാപ്പിള

പാലായിൽ സ്ഥാപിച്ചിട്ടുള്ള കട്ടക്കയത്തിന്റെ പ്രതിമ

ക്രൈസ്തവകാളിദാസൻ എന്നറിയപ്പെടുന്ന മലയാളമഹാകവിയാണ്‌ കട്ടക്കയം ചെറിയാൻ മാപ്പിള. മലയാളത്തിലെ മഹാകാവ്യങ്ങളുടെ കൂട്ടത്തിൽ അദ്ദേഹത്തിന്റെ ശ്രീയേശുവിജയം മഹാകാവ്യത്തിന്‌ മുഖ്യസ്ഥാനമുണ്ട്.

ജീവിതരേഖ

[തിരുത്തുക]

കോട്ടയം ജില്ലയിലെ പാലായിൽ‌ 1859 ഫെബ്രുവരി 24 നു ജനിച്ചു. പിതാവ്‌ കട്ടക്കയം ഉലഹൻ‌ മാപ്പിളയുടേയും മാതാവ്‌ സിസിലിയുടേയും ഏഴുമക്കളിൽ‌ നാലാമനായിരുന്നു കട്ടക്കയം. പ്രാഥമിക പഠനം എഴുത്തുകളരിയിൽ‌ നിന്നും പൂർ‌ത്തിയാക്കിയ അദ്ദേഹം സംസ്‌കൃതത്തിലും വൈദ്യശാസ്ത്രത്തിലും അറിവുനേടിയിരുന്നു. അമരകോശം, രഘുവംശം, നൈഷധം, മാഘം തുടങ്ങിയ മഹാകൃതികളും സഹസ്രയോഗം, അഷ്‌ടാം‌ഗഹൃദയം തുടങ്ങിയ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും അദ്ദേഹം ഹൃദിസ്ഥമാക്കിയിരുന്നു. ലാളിത്യവും വിനയവും മുഖമുദ്രയാക്കി, ക്രൈസ്തവമൂല്യങ്ങളിലധിഷ്‌ഠിതമായൊരു ജീവിത രീതിയായിരുന്നു അദ്ദേഹത്തിന്റേത്. നാട്ടുനടപ്പനുസരിച്ച് 17-മത്തെ വയസ്സിൽ‌ കൂടച്ചിറവീട്ടിൽ‌ മറിയാമ്മയെ വിവാഹം ചെയ്തു. പിതാവിന്റെ അകാലമരണത്തേ തുടർ‌ന്ന് വളരെ ചെറുപ്പത്തിൽ‌ തന്നെ കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്നു. സത്യനാദകാഹളം, ദീപിക, മലയാളമനോരമ തുടങ്ങിയ പത്രങ്ങളിൽ‌ നിരവധി കവിതകൾ‌ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേരളവർ‌മ്മ വലിയ കോയിത്തമ്പുരാനെ പോലെയുള്ള സാഹിത്യപ്രമുഖരുമായി നല്ല ബന്ധം പുലർ‌ത്തിപ്പോന്നിരുന്നു. 1913 -ഇൽ തുടങ്ങിയ വിജ്ഞാനരത്നാകരം എന്ന സാഹിത്യമാസികയുടെ പത്രാധിപരായി സേവനമനുഷ്‌ഠിച്ചു. മീനച്ചിൽ റബർ കമ്പനി എന്നപേരിൽ ഒരു റബർ വ്യാപാരസ്ഥാപനം തുടങ്ങന്നതിൽ അദ്ദേഹം മുഖ്യപങ്കു വഹിച്ചു. 1936 നവംബർ‌ 29 നു ആയിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം.

ശ്രീയേശുവിജയം

[തിരുത്തുക]

അതുവരെ നിലനിന്നിരുന്ന ബിബ്ളിക്കൻ ആഖ്യാനരീതിയിൽനിന്നു തുലോം വ്യത്യസ്തമായി മലയാളിയുടെയും മലയാളഭാഷയുടേയും ചുറ്റുപാടിലേക്ക്‌ ബൈബിളിനെ പറിച്ചുനട്ട കവിയാണ്‌ കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള. ശ്രീയേശുവിജയം എന്ന കൃതിയിലൂടെ മഹാകവി എന്ന നിലയിൽ‌ അദ്ദേഹം പ്രസിദ്ധനായിത്തീർ‌ന്നു. ബൈബിൾ പുതിയ നിയമത്തെ അടിസ്ഥാനമാക്കിയുള്ള ശ്രീയേശുവിജയത്തിന്റെ രചന 1911 നും 1926 നും ഇടയിലാണ് നിർ‌വഹിച്ചിട്ടുള്ളത്. 3719 പദ്യങ്ങൾ 24 സർഗ്ഗങ്ങളിലായി ഇതിൽ ക്രമീകരിച്ചിരിക്കുന്നു.

എന്ന പറുദീസ വർണ്ണന, ശ്രീയേശുവിജയത്തിന്റെ ഭാഷയ്ക്ക് മാതൃകയാണ്.[1]

പിന്നീട് ഇതേ മാതൃകയിൽ‌ അനേകം ഖണ്ഡകാവ്യങ്ങളും നാടകങ്ങളും അദ്ദേഹം എഴുതുകയുണ്ടായി.

പുരസ്‌കാരങ്ങൾ‌

[തിരുത്തുക]
  1. 'മിഷനറി അപ്പോലിസ്തിക്‌' എന്ന ബഹുമതി പീയൂസ് പതിനൊന്നാമൻ മാർപ്പാപ്പയിൽനിന്നു അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി (1931)
  2. കേരളാ കത്തോലിക്ക കോൺഗ്രസ്സിൽ നിന്നും കീർത്തിമുദ്ര (സ്വർണപതക്കം)ലഭിച്ചു.

പ്രധാനകൃതികൾ

[തിരുത്തുക]

കവിതകൾ

[തിരുത്തുക]
  1. ശ്രീയേശുവിജയം - 1911-1926
  2. എസ്തേർചരിതം
  3. മാർത്തോമാചരിതം - 1908
  4. വനിതാമണി - 1915
  5. സൂസന്ന - 1928
  6. മാത്തുതരകൻ - 1924
  7. തിരഞ്ഞെടുക്കപ്പെട്ട പാത്രം - 1926
  8. ആസന്നമരണചിന്താശതകം - 1895
  9. ജൂസേഭക്തൻ - 1880

നാടകങ്ങൾ

[തിരുത്തുക]
  1. യൂദജീവേശ്വരി - 1890
  2. വില്ലാൾവട്ടം - 1894
  3. ഒലിവേർവിജയം - 1897
  4. സാറാവിവാഹം - 1902
  5. കലാവതി - 1903

വിമർ‌ശനങ്ങൾ‌

[തിരുത്തുക]

കട്ടക്കയത്തിൻറെ ക്രൈസ്തവ കാളിദാസൻ എന്ന ഖ്യാതിയെ പരിഹസിച്ചുകൊണ്ട് രസകരമായ ഒരു ശ്ലോകം നിലവിലുണ്ട്. പാമ്പുകൾ‌ക്കു രാജാവായി പൊട്ടക്കുളത്തിലെ‌ നീർ‌ക്കോലി എന്നപോലെ, തട്ടിൻ‌ പുറത്തു മൃഗരാജാവായി എലി വിലസുന്നതു പോലെ, കാട്ടാളൻ‌മാരിലെ കാമദേവനായി കാപ്പിരി നടക്കുന്നതുപോലെ ക്രൈസ്‌തവരുടെ കാളിദാസനാണു കട്ടക്കയം എന്ന പരിഹാസമാണ് ആ കവിതയുടെ ആശയം. കവിത ഇങ്ങനെ:

കട്ടക്കയത്തിന്റെ കാവ്യപരിശ്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനും ബോധപൂർ‌വം അദ്ദേഹത്തെ മാറ്റിനിർ‌ത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായിട്ടുണ്ടായതല്ല ഇത്തരം രചനകൾ. അക്കാലത്ത് സമസ്യാപൂരണം എന്നൊരു സാഹിത്യവിനോദം പ്രചാരത്തിലുണ്ടായിരുന്നു [അവലംബം ആവശ്യമാണ്]. കട്ടക്കയം ക്രൈസ്തവ കാളിദാസൻ എന്നൊരാൾ നാലാം പാദം കൊടുത്തപ്പോൾ ഒരാൾ‌ രസകരമായ ഒരു പൂരണം എഴുതി; മറ്റു പൂരണങ്ങൾ ഇതുപോലെ പ്രസിദ്ധമായില്ല എന്നു മാത്രം. ഇതു പോലുള്ള കളിയാക്കലുകൾ അക്കാലത്ത് പ്രസിദ്ധമായിരുന്നു [അവലംബം ആവശ്യമാണ്]

അവലംബം‌

[തിരുത്തുക]
  1. ഭാഷാസഹിത്യചരിത്രം, സി.ജെ.മണ്ണുമ്മൂട്

"ദീപികപത്രം 02/24/2009".[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. ഗ്രന്ഥസൂചി Archived 2010-08-15 at the Wayback Machine
  2. ശ്രീയേശുവിജയത്തിന്‌ മലങ്കര മെത്രാപ്പൊലീത്ത മാർ ആഗസ്തിനോസിന്റെ ആശീർവ്വാദം Archived 2012-06-03 at the Wayback Machine