കണ്ണപുരം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ |
ഏറ്റവും അടുത്ത നഗരം | കണ്ണൂർ (15 കി.മീ) |
ലോകസഭാ മണ്ഡലം | കാസർഗോഡ് |
സിവിക് ഏജൻസി | പഞ്ചായത്ത് |
ജനസംഖ്യ • ജനസാന്ദ്രത |
18,459 (2011—ലെ കണക്കുപ്രകാരം[update]) • 1,282/കിമീ2 (1,282/കിമീ2) |
സ്ത്രീപുരുഷ അനുപാതം | 1158 ♂/♀ |
സാക്ഷരത | 95.91 (പു) 87.35 (സ്ത്രീ)% |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 14.39 km² (6 sq mi) |
കാലാവസ്ഥ താപനില • വേനൽ • ശൈത്യം |
Tropical monsoon (Köppen) • 35 °C (95 °F) • 20 °C (68 °F) |
11°58′0″N 75°19′0″E / 11.96667°N 75.31667°E കേരളത്തിൽ കണ്ണൂർ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് കണ്ണപുരം. പാപ്പിനിശ്ശേരി-പിലാത്തറ കെഎസ്ടിപി റോഡിൽ പാപ്പിനിശ്ശേരിക്കും പഴയങ്ങാടിക്കും മധ്യേയാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്.
കണ്ണന്റെ പുരമായതിനാലാണ് കണ്ണപുരം എന്ന പേരുണ്ടായതെന്നും, അതല്ല, തൃക്കോത്ത് ഗുഹയിൽ കണ്വമഹർഷി തപസ്സ് ചെയ്തിരുന്നതിനാൽ കണ്വന്റെ പുരം ആണ് കണ്ണപുരമായി പരിണമിച്ചതെന്നും അഭിപ്രായവുമുണ്ട്.
കണ്ണപുരം പഞ്ചായത്തിന്റെ കിഴക്ക് നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് ചരിഞ്ഞുകിടക്കുന്ന പ്രദേശമാണ്. പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിരിലൂടെ ഒഴുകുന്ന തെക്കുമ്പാട്‌പുഴയുടെ തീരപ്രദേശങ്ങൾ വിശാലമായ നെൽവയലുകളാണ്, കുറച്ച്ചു ഭാഗം ചതുപ്പുനിലങ്ങളുമാണ്. പഞ്ചായത്തിന്റെ വടക്ക്‌കിഴക്കെ അതിരിലൂടെ പോകുന്ന കുറ്റിക്കോൽ പുഴയുടെ തീര പ്രദേശങ്ങളും ചതുപ്പുനിലങ്ങളൂള്ള കൈപ്പാട് പ്രദേശങ്ങളാണ്. കിഴക്കുഭാഗം കുന്നിൻ ദേശങ്ങളാണ്. കീഴറ, ചുണ്ട, മൊട്ടമ്മൽ എന്നീ ഭാഗങ്ങൾ ചെരിവു പ്രദേശങ്ങളാണ്. ഭൂപ്രകൃതി അനുസരിച്ചു കണ്ണപുരം പഞ്ചായത്തിനെ നാലായി തരം തിരിക്കാം. കുന്നിന്മണ്ട (3.31%), ചെരിവു പ്രദേശം (27.02%), താഴ്‌വര (47.86%), ചതൂപ്പുനിലം (21.81%). കീഴറ, ചുണ്ട, മൊട്ടമ്മൽ എന്നിവിടങ്ങളിലാണ് കുന്നിന്മണ്ടകളുള്ളത്. ഇവിടങ്ങളിലെ പ്രധാന കൃഷി കശുവണ്ടിയാണ്. ചുണ്ട, മോട്ടമ്മൽ, ചെമ്മരവയൽക്കര, കീഴറ ഭാഗങ്ങൾ ചെരിവുള്ള പ്രദേശങ്ങളാണ്. തെങ്ങ്, കമുങ്ങ്, മാവ്, പ്ലാവ് എന്നിവ പ്രധാനമായും കണ്ടു വരുന്നു. ചെമ്മരവയൽ, കീഴറ വയൽ, ഇടക്കേപ്പുറം, അയ്യോത്ത് വയൽ എന്നീ ഭാഗങ്ങൾ പ്രധാന താഴ്‌വരകളാണു. ചെമ്മരവയൽ, പുഞ്ചവയൽ, അയ്യൊത്ത് വയൽ, കീഴറ വയൽ എന്നിവയാണ് പ്രധാന പാടശേഖരങ്ങൾ. തെക്കുമ്പാട്‌പുഴയുടെ തീരങ്ങളിലും കുറ്റിക്കോൽ പുഴയുടെ തീരങ്ങളിലുള്ള കയറ്റീൽ മുതൽ വള്ളുവൻ കടവു വരെ ചതുപ്പുനിലം വ്യാപിച്ചു കിടക്കുന്നു. ഇവിടങ്ങളിൽ കൈപ്പാട് കൃഷി നടത്തി വരുന്നുണ്ട്.
1933-ൽ മൊട്ടമ്മൽ ദേശപ്രിയ വായനശാലയും, 1937-ൽ ഇടക്കേപ്പുറം വടക്ക് ദേശീയ യുവജനസംഘം വായനശാലയും, 1940-ന് മുൻപായി കണ്ണപുരത്ത് ഗ്രാമക്ഷേമ പൊതുജന വായനശാലയും സ്ഥാപിതമായിരുന്നു. തുടർന്ന് 1947-ൽ ചുണ്ടയിൽ നേതാജി വായനശാലയും, 1954-ൽ കീഴറ വിജ്ഞാനപോഷിണി ഗ്രന്ഥശാലയും, ഇടക്കേപ്പുറം തെക്ക് നവോദയ വായനശാലയും സ്ഥാപിക്കപ്പെട്ടു. വയോജനവിദ്യാഭ്യാസം, സാക്ഷരതാപ്രവർത്തനം തുടങ്ങിയവയ്ക്ക് മുൻതൂക്കം നൽകി കൊണ്ടായിരുന്നു ഇവയുടെ പ്രവർത്തനം. .1947 കാലത്ത് ചെറുകുന്ന്-കണ്ണപുരം പുരോഗമന കലാസമിതിയുടെ സ്ഥാപിക്കലോടുകൂടിയാണ് സംഘടിതമായ കലാസാംസ്ക്കാരിക പ്രവർത്തനങ്ങൾ പഞ്ചായത്തിലുണ്ടാവുന്നത്. 1940-കളുടെ തുടക്കത്തിൽ ഇടക്കേപ്പുറത്തെ ചാത്തുക്കുട്ടി ആശാന്റെ നേതൃത്വത്തിൽ പുരാണ നാടകസംഘം രൂപീകരിക്കുകയും ദേവയാനീചരിതം പോലുള്ള പ്രസിദ്ധകഥകൾ വിവിധ വേദികളിൽ അവതരിപ്പിക്കുകയുമുണ്ടായി. അതിലെ കഥാപാത്രങ്ങളുടെ പേരിൽ തന്നെയാണ് ചില അഭിനേതാക്കളെ ഏറെക്കാലം അറിയപ്പെട്ടിരുന്നത്. പ്രസന്ന കലാ സമിതി, വിജയ കലാമന്ദിർ, ജ്വാല തിയറ്റേഴ്സ് ,യൂത്ത് സെൻറർ കീഴറ, ചോയ്സ് കലാവേദി കാരക്കുന്ന് തുടങ്ങിയ കലാ സമിതികളും നാടകങ്ങൾ അവതരിപ്പിച്ചു വന്നിരുന്നു.
ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിന്റെ പകുതി ഭാഗം നിലകൊള്ളുന്നത് കണ്ണപുരത്താണ്. ഇവിടുത്തെ വിഷുവിളക്കുത്സവം ഉത്തരകേരളത്തിലെ തന്നെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ്. വിഷുസംക്രാന്തി മുതൽ മേടം ഏഴാം നാൾ വരെ നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ ജാതിമതഭേദമെന്യേ ആളുകൾ പങ്കെടുക്കാറുണ്ട്. മതസൗഹാർദ്ദത്തിന്റെ സംഗമവേദി കൂടിയാണ് ഈ ഉത്സവം. കീഴറ കൂലോം ഭഗവതി ക്ഷേത്രം, പെരുന്തോട്ടം നീലിയാർകോട്ടം, കുറുവക്കാവ്, കാരങ്കാവ്, കിഴക്കെ കാവ്, അരീക്കുളങ്ങര മുച്ചിലോട്ട് കാവ്, ഇടക്കെപ്പുറം തെക്ക് മുച്ചിലോട്ട് കാവ്‍, പൂമാലക്കാവ്, നണീൽ കാവ്, ആയിരം തെങ്ങ് ചാമുണ്ഡേശ്വരീ ക്ഷേത്രം എന്നിവയാണ് പ്രധാന ക്ഷേത്രങ്ങൾ. ക്രിസ്തുക്കുന്ന് ഫാത്തിമ മാതാ പള്ളിയാണ് പ്രധാന ക്രിസ്ത്യൻ ആരാധനാലയം.
2001-ലെ കാനേഷുമാരി പ്രകാരം[1] കണ്ണപുരത്തിന്റെ ജനസംഖ്യ 18,568 ആണ്. 46% ശതമാനം പുരുഷന്മാരും 54% ശതമാനം സ്ത്രീകളും അടങ്ങിയതാണ് ഇവിടുത്തെ ജനസംഖ്യ. 84% ആണ് ഇവിടുത്തെ സാക്ഷരത ശതമാനം. 86% പുരുഷന്മാരും 81% സ്ത്രീകളും കണ്ണപുരത്ത് സാക്ഷരരാണ്. ജനസംഖ്യയുടെ 10% ആറ് വയസ്സിൽ താഴെയുള്ള കുട്ടികളാണ്.
കണ്ണപുരം പഞ്ചായത്തിന്റെ സിംഹഭാഗം ചെറുകുന്ന് ഭാഗത്തും ബാക്കി ഭാഗം കല്ല്യാശ്ശേരി ഭാഗത്തും ആണുള്ളത്.
2.http://lsgkerala.in/kannapurampanchayat/general-information/ Archived 2015-04-04 at the Wayback Machine 3.http://kannapuram.entegramam.gov.in/content/%E0%B4%AD%E0%B5%81%E0%B4%AE%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B4%B0%E0%B4%AE%E0%B4%AF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D[പ്രവർത്തിക്കാത്ത കണ്ണി]