Kasaba | |
---|---|
സംവിധാനം | നിതിൻ രഞ്ജി പണിക്കർ |
നിർമ്മാണം | ആലിസ് ജോർജ് |
രചന | നിതിൻ രഞ്ജി പണിക്കർ |
അഭിനേതാക്കൾ | |
സംഗീതം | രാഹുൽ രാജ് |
ഛായാഗ്രഹണം | സീർ ഹക്ക് |
ചിത്രസംയോജനം | മൻസൂർ മുത്തൂട്ടി |
സ്റ്റുഡിയോ | ഗുഡ്വിൽ എന്റർടെയിൻമെന്റ്സ് |
വിതരണം | ആന്റോ ജോസഫ് ഫിലിം കമ്പനി |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹7 കോടി |
സമയദൈർഘ്യം | 137 മിനിറ്റ് |
ആകെ | est. ₹14.37 കോടി[2] |
നിതിൻ രഞ്ജി പണിക്കർ രചനയും സംവിധാനവും നിർവ്വഹിച്ച് 2016-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കസബ. മമ്മൂട്ടി നായകനായ ഈ ചിത്രത്തിൽ നേഹ സക്സേന, വരലക്ഷ്മി ശരത്കുമാർ, സമ്പത്ത് രാജ്, ജഗദീഷ് തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.[3][4][5]
പാലക്കാട് ജില്ലാ പോലീസ് സ്റ്റേഷനിലെ ഒരു ഇൻസ്പെക്ടറാണ് രാജൻ സക്കറിയ. ആരെയും ഭയമില്ലാതെ കൃത്യനിർവ്വഹണം നടത്തുക എന്നതാണ് അയാളുടെ ശൈലി. ഐ.ജി. ചന്ദ്രശേഖരനും അയാളുടെ മകൻ അർജ്ജുനും സക്കറിയയുടെ ആത്മാർത്ഥ സുഹൃത്തുക്കളാണ്. കേരള - കർണാടക അതിർത്തിയിലുള്ള കളിയൂർ എന്ന സ്ഥലത്തുവച്ച് അർജ്ജുനും അവന്റെ പ്രതിശ്രുത വധുവും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു. മാവോയിസ്റ്റ് ആക്രമണത്തെത്തുടർന്നാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് പോലിസ് പറയുന്നത്. എന്നാൽ ചന്ദ്രശേഖരനും സക്കറിയയും ഇതു വിശ്വസിക്കുന്നില്ല. സത്യാവസ്ഥ കണ്ടെത്തുവാൻ കളിയൂരിലേക്കു തന്നെ പോസ്റ്റുചെയ്യണമെന്ന് സക്കറിയ ചന്ദ്രശേഖരനോട് ആവശ്യപ്പെടുന്നു. അർജ്ജുന്റെയും പ്രതിശ്രുത വധുവിന്റെയും മരണത്തിനു പിന്നിലെ ദുരൂഹത നീക്കുന്നതിനും ഈ സംഭവത്തിന് ഇൻസ്പെക്ടർ രാഘവനുൾപ്പടെയുള്ള പോലീസുകാരുടെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നു കണ്ടെത്തുന്നതിനുമായി സക്കറിയ കളിയൂരിലെത്തുന്നു.
ആ ഗ്രാമത്തിലെ ഏറ്റവും പ്രശസ്തനും ധനികനുമാണ് പരമേശ്വരൻ നമ്പ്യാർ. മാന്യമല്ലാത്ത പല ബിസിനസുകളും അയാൾ നടത്തിവരുന്നു. അയാൾക്കു സ്വന്തമായി ഒരു വേശ്യാലയമുണ്ട്. കമല എന്ന സ്ത്രീക്കാണ് അതിന്റെ നടത്തിപ്പു ചുമതല. കമലയും പരമേശ്വരൻ നമ്പ്യാരും ചേർന്നാണ് സർക്കിൾ ഇൻസ്പെക്ടർ രാഘവനെ കൊന്നതെന്നു സക്കറിയ കണ്ടെത്തുന്നു. ഈ കൊലപാതകങ്ങൾക്കു സാക്ഷികളായ അർജ്ജുനും പ്രതിശ്രുത വധുവും നമ്പ്യാരുടെ ഗുണ്ടകളിൽ നിന്നു രക്ഷപെട്ട് ഒരു പോലീസ് വാനിൽ അഭയം തേടി. നമ്പ്യാരുടെ നിർദ്ദേശപ്രകാരം ചില ഗുണ്ടകൾ പോലീസ് വാനിനു നേരെ ബോംബ് പ്രയോഗിച്ചതോടെ അതിലുണ്ടായിരുന്ന എല്ലാവരും മരണമടഞ്ഞു. ഇക്കാര്യങ്ങളെല്ലാം കണ്ടെത്തുന്ന സക്കറിയ, നമ്പ്യാർക്കും കൂട്ടർക്കുമെതിരെ പേരാടുവാൻ തീരുമാനിക്കുന്നു.
നമ്പ്യാരുടെ വേശ്യാലയത്തിന്റെ നടത്തിപ്പു ചുമതലയുള്ള തങ്കച്ചൻ എന്നയാളുടെ മകളാണ് കമല എന്ന സത്യം അവൾ തിരിച്ചറിയുന്നു. എന്നാൽ അതിനുമുമ്പു തന്നെ തങ്കച്ചൻ കൊല്ലപ്പെട്ടിരുന്നു. തങ്കച്ചനെ കൊന്നത് നമ്പ്യാരാണെന്ന കാര്യം കമല മനസ്സിലാക്കുന്നു. അവൾ സക്കറിയയുടെ സഹായത്തോടെ നമ്പ്യാരെ കൊല്ലുന്നു. നമ്പ്യാരെ കൊല്ലാൻ സഹായിച്ചതിനു പ്രത്യുപകാരമായി സക്കറിയയ്ക്ക് ഒരു വിരുന്നൊരുക്കുവാൻ കമല തീരുമാനിക്കുന്നു. സക്കറിയയെ ക്ഷണിച്ചുവരുത്തി സൂത്രത്തിൽ അയാളെ കൊല്ലുകയും അതുവഴി എല്ലാ രഹസ്യങ്ങളും രഹസ്യമായി തന്നെ വയ്ക്കാമെന്നും കമല കണക്കുകൂട്ടുന്നു. പക്ഷെ കമലയുടെ പദ്ധതി വിജയിക്കുന്നില്ല. സി.ഐ. രാഘവനെയും നമ്പ്യാരെയും കൊലപ്പെടുത്തിയ കുറ്റത്തിന് കമലയെ വളരെ തന്ത്രപൂർവ്വം സക്കറിയ അറസ്റ്റു ചെയ്യുന്നു. അയാൾ അവിടുത്തെ വേശ്യാലയത്തിലുള്ള മുഴുവൻ ലൈംഗികത്തൊഴിലാളികളെയും മോചിപ്പിക്കുന്നുതോടെ ചിത്രം അവസാനിക്കുന്നു.
മലയാളം തിരക്കഥാകൃത്ത് രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കർ ആദ്യമായി സംവിധാനം ചെയ്യുന്ന ചലച്ചിത്രത്തിൽ മമ്മൂട്ടി നായകനാകുമെന്നുള്ള വാർത്തകൾ 2016 ജനുവരിയിൽ തന്നെ പുറത്തുവന്നിരുന്നു.[5][7] റായ് ലക്ഷ്മി ചിത്രത്തിലെ നായികയാകുമെന്ന് വാർത്തകളുണ്ടായിരുന്നുവെങ്കിലും[8] വരലക്ഷ്മി ശരത്കുമാറിനാണ് നായികയാകുവാൻ അവസരം ലഭിച്ചത്.
2016 ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിച്ചു. കോഴിക്കോട്, പഴനി, കോളാർ സ്വർണ്ണ ഖനികൾ എന്നിവയായിരുന്നു പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകൾ. ഏപ്രിൽ മാസത്തോടെ ചിത്രീകരണം പൂർത്തിയായി.[9]
2016 ജൂലൈയിൽ ഈദ് റിലീസായി ചിത്രം പ്രദർശനത്തിനെത്തി.[10] ചിത്രത്തിന്റെ ടീസർ യൂട്യൂബിൽ പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ 5.1 ലക്ഷം പേർ കണ്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.[11][12] നാലു ദിവസത്തിനുള്ളിൽ ഇതു പത്തുലക്ഷമായി മാറി.[13][14]
2016 ജൂലൈ 19-ന് മമ്മൂട്ടി, സംവിധായകൻ നിതിൻ പണിക്കർ, നിർമ്മാതാവ് ആലിസ് ജോർജ്ജ് എന്നിവർക്കെതിരെ കേരള സംസ്ഥാന വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു. ചിത്രത്തിലെ ചില സംഭാഷണങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ളവയാണെന്ന കാരണത്താലാണ് കമ്മീഷൻ നോട്ടീസയച്ചത്. ചിത്രത്തിന്റെ പ്രദർശനാനുമതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 'അമ്മ' , മലയാളം സിനി ടെക്നീഷ്യൻസ് എന്നീ സംഘടനകൾക്കും കമ്മീഷൻ റിപ്പോർട്ട് അയച്ചിരുന്നു.[15][16]
ഈ ചിത്രത്തിൽ ഒരു പോലീസുകാരിയുടെ ബെൽറ്റിൽ പിടിച്ചുവലിച്ചുകൊണ്ട് മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന സംഭാഷണം ഏറെ വിവാദമായിരുന്നു. പ്രധാനമായും ഈ രംഗത്തെ വിമർശിച്ചുകൊണ്ട് നടി പാർവ്വതി നടത്തിയ പരാമർശവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഏതാനും മമ്മൂട്ടി ആരാധകരിൽ നിന്നു പരിഹാസവും ഭീഷണികളും പാർവ്വതിക്കു നേരിടേണ്ടി വന്നു.[17][18][19] പാർവ്വതിയെ അനുകൂലിച്ചുകൊണ്ട് വിവിധ സംഘടനകളും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.
ചിത്രം പ്രദർശനത്തിനെത്തി ആദ്യ ദിനം കേരളത്തിൽ നിന്നു മാത്രം 2.43 കോടി രൂപ സ്വന്തമാക്കി.[20][21][22] ആദ്യ നാലു ദിവസങ്ങൾ കൊണ്ട് 7.35 കോടി രൂപയും[23] അഞ്ചു ദിവസങ്ങൾ കൊണ്ട് 8.18 കോടി രൂപയും കേരളത്തിൽ നിന്നു നേടി.[24]