കാത്ലീൻ തോംസൺ നോറിസ് (ജീവിതകാലം: ജൂലൈ 16, 1880 - ജനുവരി 18, 1966) ഒരു അമേരിക്കൻ നോവലിസ്റ്റും വർത്തമാനപ്പത്രങ്ങളിലെ പംക്തിയെഴുത്തുകാരിയുമായിരുന്നു. 1911 മുതൽ 1959 വരെയുള്ള അമ്പത് വർഷത്തോളംകാലം അമേരിക്കയിൽ ഏറ്റവും കൂടുതൽ വായിക്കപ്പെട്ടതും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയതുമായ വനിതാ എഴുത്തുകാരിൽ ഒരാളായിരുന്നു അവർ. 93 നോവലുകൾ എഴുതിയ അവരുടെ മിക്ക നോവലുകളും മികച്ച വിൽപ്പന നേടിയവയാണ്. അവരുടെ കഥകൾ അറ്റ്ലാന്റിക്, ദി അമേരിക്കൻ മാഗസിൻ, മക്ക്ലൂറസ്, എവരിബഡിസ്, ലേഡീസ് ഹോം ജേണൽ, വുമൺസ് ഹോം കമ്പാനിയൻ എന്നിവയുൾപ്പെടെ അക്കാലത്തെ ജനപ്രിയ മാധ്യമങ്ങളിൽ പതിവായി പ്രത്യക്ഷപ്പെട്ടിരുന്നു. വിവാഹത്തിന്റെ പരിശുദ്ധി, മാതൃത്വത്തിന്റെ കുലീനത, സേവന സന്നദ്ധതയുടെ പ്രാധാന്യം എന്നിങ്ങനെ കുടുംബത്തെയും ധാർമ്മിക മൂല്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് നോറിസ് തന്റെ ഫിക്ഷൻ രചനകൾ ഉപയോഗിച്ചു.[1]
കാത്ലീൻ തോംസൺ നോറിസ് 1880 ജൂലൈ 16 ന് കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിൽ ജനിച്ചു. മാതാപിതാക്കൾ ജോസഫൈൻ (മുമ്പ്, മൊറോണി), ജെയിംസ് ആൽഡൻ തോംസൺ എന്നിവരായിരുന്നു. കാത്‍ലീൻ നോറിനിസിന് 19 വയസ്സുള്ളപ്പോൾ മാതാപിതാക്കൾ മരണമടഞ്ഞു. അതിനാൽ മൂത്ത സഹോദരിയെന്ന നിലയിൽ കുടുംബം പോറ്റേണ്ട ഉത്തവാദിത്വം അവരിൽ വന്നുചേർന്നു. തുടക്കത്തിൽ, ഒരു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിൽ ജോലി കണ്ടെത്തിയ അവർ, താമസിയാതെ അക്കൌണ്ടിംഗ് ഓഫീസിലും ഒരു മെക്കാനിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ലൈബ്രറിയിലും ജോലി ചെയ്തു. 1905-ൽ ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ ക്രിയേറ്റീവ് റൈറ്റിംഗ് പ്രോഗ്രാമിൽ ചേരുകയും ചെറുകഥകൾ എഴുതിത്തുടങ്ങുകയും ചെയ്തു. അവരുടെ ഏതാനും കഥകൾ പ്രസിദ്ധീകരിച്ച സാൻ ഫ്രാൻസിസ്കോ കോൾ എന്ന പത്രം 1906 സെപ്റ്റംബറിൽ ഒരു സാമൂഹ്യ പംക്തിയെഴുതാൻ അവരെ നിയമിച്ചു.