കാദംബരി ദേവി (ജീവിതകാലം : 1859 ജൂലായ് 5- 1884 ഏപ്രിൽ 21) ജ്യോതിരിന്ദ്രനാഥ് ടഗോറിന്റെ പത്നിയായിരുന്നു. രബീന്ദ്രനാഥ ടഗോറിന്റെ ജ്യേഷ്ഠസഹോദരനായിരുന്നു ജ്യോതിരിന്ദ്രനാഥ്. സാഹിത്യത്തിലും സംഗീതത്തിലും കാദംബരി ദേവിക്ക് അഭിരുചിയുണ്ടായിരുന്നു. അകാലമരണമടഞ്ഞ കാദംബരി, ആത്മഹത്യ ചെയ്തതാണെന്നും പറയപ്പെടുന്നു. കാദംബരിയുടെ മരണം തനിക്കേറ്റ ഏറ്റവും വലിയ മാനസികാഘാതമായിരുന്നെന്ന് രബീന്ദ്രനാഥ് തന്റെ സ്മരണകളിൽ പറയുന്നു[1].
1859 ജൂലായ് 5-ന് കൊൽക്കത്തയിൽ ശ്യാം ഗാംഗുലിയുടെ മൂന്നാമത്തെ പുത്രിയായി കാദംബരി ദേവി ജനിച്ചു. മാതാപിതാക്കൾ അവർക്കു നല്കിയ പേര് മാതംഗിനി എന്നായിരുന്നുവത്രെ. ഒമ്പതാമത്തെ വയസ്സിൽ ജ്യോതിരിന്ദ്രനാഥ് ടഗോറുമായുള്ള വിവാഹം നടന്നു. വിവാഹശേഷം ഭർതൃഗൃഹത്തിലെ പേരായിരുന്നു കാദംബരി. ജനനത്തിയതിക്കും പേരിനും പേരുമാറ്റത്തിനും രേഖീയമായ തെളിവുകളില്ല. ജ്യോതിരിന്ദ്രനാഥിന് കാദംബരിയേക്കാൾ ഒമ്പതു വയസ്സുണ്ടായിരുന്നു[2]. രബീന്ദ്രനാഥിന് കാദംബരിയേക്കാൾ രണ്ടു വയസ്സു കുറവും. കാദംബരിയുടേയും രബീന്ദ്രനാഥിന്റേയും പഠിത്തത്തിന്റെ ചുമതല ജ്യോതിരിന്ദ്രനാഥിനായിരുന്നു. ചെറുപ്രായത്തിൽത്തന്നെ കവിതകളും കഥകളുമെഴുതിത്തുടങ്ങിയ രബീന്ദ്രനാഥിന്റെ രചനകളെ ഏറ്റവുമാദ്യം വായിച്ച് വിലയിരുത്തിയിരുന്നത് കാദംബരിയായിരുന്നു[3].
കാദംബരിയും രബീന്ദ്രനാഥും തമ്മിലുടലെടുത്ത ബാല്യകാല ചങ്ങാത്തം കൗമാരത്തിലും യൗവനത്തിലും തുടർന്നു. ഈ സൗഹൃദം പല തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട് [2],[4]
രബീന്ദ്രനാഥ് ടഗോറിന്റെ വിവാഹം 1883 ഡിസമ്പർ 9-നായിരുന്നു. നാലു മാസങ്ങൾക്കു ശേഷം 1884 ഏപ്രിൽ 21-ന് കാദംബരി നിര്യാതയായി. അധികമായ അളവിൽ കറപ്പു സേവിച്ച് ആത്മഹത്യ ചെയ്തതാണെന്നും പറയപ്പെടുന്നു. സുനിൽ ഗംഗോപാധ്യായുടെ പ്രഥം ആലോ (ആദ്യകിരണങ്ങൾ) എന്ന ചരിത്രനോവലിൽ ഇതേപ്പറ്റി പരാമർശം ഉണ്ട്[5].
നഷ്ട നീഡ് (തകർന്ന കിളിക്കൂട്) ടഗോർ 1901-ൽ എഴുതിയ നോവെല്ലയാണ്[6]. ഇത് പരോക്ഷമായി കാദംബരിയും രബീന്ദ്രനാഥും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു എന്ന് അഭിപ്രായമുണ്ട്. 1964-ൽ സത്യജിത് റേ ഈ കഥ ചാരുലത എന്ന പേരിൽ ചലച്ചിത്രമാക്കി[7],[8].[9]
{{cite book}}
: CS1 maint: extra punctuation (link)