കാശിബായി ബാജിറാവു ബല്ലാൽ | |
---|---|
പേഷ്വിൻ കാശിബായി
| |
Tenure | 17 ഏപ്രിൽ 1720 – 28 ഏപ്രിൽ 1740 |
മുൻഗാമി | രാധാബായി ബാർവെ |
പിൻഗാമി | ഗോപികബായി |
Tenure | 28 ഏപ്രിൽ 1740 – 27 നവംബർ 1758 |
മുൻഗാമി | രാധാബായി ബാർവെ |
പിൻഗാമി | ഗോപികബായി |
ജീവിതപങ്കാളി | ബാജിറാവു I |
മക്കൾ | |
| |
രാജവംശം | |
പിതാവ് | മഹാദ്ജി ജോഷി |
മാതാവ് | ഭബാനിബായി |
മതം | ഹിന്ദുമതം |
മറാഠാ സാമ്രാജ്യത്തിലെ നാലാമത്തെ ഛത്രപതി (ചക്രവർത്തി) ആയിരുന്ന ഷാഹുവിന്റെ പേഷ്വ (പ്രധാനമന്ത്രി) ബാജിറാവു ഒന്നാമന്റെ ആദ്യ ഭാര്യയായിരുന്നു കാശിബായി(19 ഒക്ടോബർ 1703- 27 നവംബർ 1758). ബാജിറാവുവിനൊപ്പമുള്ള ദാമ്പത്യത്തിൽ അവർക്ക് ബാലാജി ബാജിറാവുവും രഘുനാഥ് റാവുവും ഉൾപ്പെടെ നാല് കുട്ടികളുണ്ടായിരുന്നു. 1740-ൽ ബാജിറാവുവിന്റെ മരണത്തെത്തുടർന്ന് ബാലാജി ബാജിറാവു പേഷ്വയായി അധികാരമേറ്റു. ബാജിറാവുവിന്റെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന് തന്റെ രണ്ടാം ഭാര്യ മസ്താനിയിലുണ്ടായ മകൻ ഷംഷേർ ബഹാദൂറിനെ വളർത്തിയതും കാശിബായി ആയിരുന്നു.[1][2]
ചാസിലെ മഹദ്ജി കൃഷ്ണ ജോഷിയുടെയും ഭബാനിബായിയുടെയും മകളായി ഹുണ്ടികവ്യാപാരികളുടെ ഒരു സമ്പന്നകുടുംബത്തിലാണ് കാശിബായി ജനിച്ചത്.[3] കാശിബായിക്ക് കൃഷ്ണറാവു ചസ്കർ എന്നൊരു സഹോദരനും ഉണ്ടായിരുന്നു.[4] പൂനെയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള ചാസ്കമാൻ ഗ്രാമത്തിലാണ് കാശിബായി ജനിച്ചതും വളർന്നതും. കുട്ടിക്കാലത്ത് എല്ലാവരും കാശിബായിയെ സ്നേഹപൂർവ്വം "ലാദുബായ്" എന്നണ് വിളിച്ചിരുന്നത്.
കാശിബായിയുടെ പിതാവ്, മഹദ്ജി കൃഷ്ണ ജോഷി, യഥാർത്ഥത്തിൽ രത്നഗിരിയിലെ തൽസുരെ ഗ്രാമത്തിൽ നിന്നുള്ളയാളായിരുന്നു. പിന്നീട് അദ്ദേഹം ചാസ്കമാനിലേക്ക് മാറുകയാണുണ്ടായത്. മഹാദ്ജി ഒരു ധനികനായ സാഹുകാറും കല്യാണിലെ മറാഠാ സാമ്രാജ്യത്തിൻ്റെ സുബേദാറും ആയിരുന്നു. ബാജിറാവുവിന്റെയും കാശിബായിയുടെയും വിവാഹം നടക്കുന്നതിൽ അദ്ദേഹത്തിന്റെ ഈ പദവി ഒരു പ്രധാനപ്പെട്ട ഘടകമായിരുന്നു.[5] മറാഠാ ഛത്രപതി ഷാഹുവിനെ പല വിഷമഘട്ടങ്ങളിലും മഹദ്ജി സഹായിച്ചിട്ടുണ്ട്, അതിന്റെ പ്രതിഫലമായി അദ്ദേഹം ഷാഹുവിന്റെ ട്രഷററായി നിയമിക്കപ്പെട്ടു.[6]
ചരിത്രകാരനായ പാണ്ഡുരംഗ് ബാൽകവാഡെയുടെ അഭിപ്രായമനുസരിച്ച്, കാശിബായി ശാന്തസ്വഭാവിയും മൃദുഭാഷിയും ആയിരുന്നു. കൂടാതെ അവർ സന്ധിവാതം മൂലം ബുദ്ധിമുട്ടനുഭവിച്ചിരുന്നു.[7]
1720 മാർച്ച് 11-ന് സസ്‌വാവാദിലെ ഒരു വീട്ടിൽ നടന്ന ചടങ്ങിൽ വെച്ച് കാശിബായി ബാജിറാവു ഒന്നാമനെ വിവാഹം കഴിച്ചു.[8] അവരുടെ ദാമ്പത്യം സന്തോഷകരമായിരുന്നു, ബാജിറാവു സ്വാഭാവികമായും കുടുംബ പാരമ്പര്യമനുസരിച്ചും ഏകഭാര്യനായിരുന്നു.[9][5] കാശിബായിക്കും ബാജിറാവുവിനും ഈ ദാമ്പത്യത്തിൽ നാല് ആൺമക്കൾ ഉണ്ടായിരുന്നു. ബാലാജി ബാജി റാവു ("നാനാസാഹെബ്" എന്ന വിളിപ്പേരിൽ അറിയപ്പെട്ടു) 1720-ൽ ജനിച്ചു, പിന്നീട് 1740-ൽ ബാജിറാവുവിന്റെ മരണശേഷം ഷാഹുവിന്റെ പേഷ്വയായി നിയമിതനായത് ഇദ്ദേഹമാണ്. ഇവരുടെ രണ്ടാമത്തെ മകൻ രാമചന്ദ്ര ചെറുപ്പത്തിലേ മരിച്ചു. അവരുടെ മൂന്നാമത്തെ മകൻ രഘുനാഥ് റാവു ("രഘോബ" എന്ന വിളിപ്പേരിൽ അറിയപ്പെട്ടു)[2] 1773-1774 കാലഘട്ടത്തിൽ പേഷ്വയായി സേവനമനുഷ്ഠിച്ചിരുന്നു. നാലാമത്തെ മകൻ ജനാർദൻ റാവുവും ചെറുപ്പത്തിൽ തന്നെ മരിച്ചു.[4] പേഷ്വാ കുടുംബത്തിലെ പുരുഷന്മാരിൽ ഭൂരിഭാഗവും യുദ്ധക്കളത്തിലായിരുന്നതിനാൽ, സാമ്രാജ്യത്തിന്റെ, പ്രത്യേകിച്ച് പൂനെയുടെ ദൈനംദിന നടത്തിപ്പ് നിയന്ത്രിച്ചിരുന്നത് കാശിബായി ആയിരുന്നു. എല്ലാവരോടും നല്ലരീതിയിൽ ഇടപഴകുന്ന കാശിബായിയുടെ സവിശേഷ വ്യക്തിത്വം മൂലം അവർ ഈ കടമകൾ ഭംഗിയായി നിർവ്വഹിച്ചു..[5]
ബുന്ദേൽഖണ്ഡിലെ ഹിന്ദു രാജാവായ ഛത്രസാലിന് തന്റെ മുസ്ലീം വെപ്പാട്ടിയിൽ ഉണ്ടായ മകൾ മസ്താനിയെ ബാജിറാവു രണ്ടാം ഭാര്യയായി സ്വീകരിച്ചു. എന്നാൽ ഈ വിവാഹം ബാജിറാവുവിന്റെ വീട്ടുകാർ അംഗീകരിച്ചില്ല. മസ്താനിക്കെതിരെ പേഷ്വാ കുടുംബം നടത്തിയ ഗാർഹിക യുദ്ധത്തിൽ കാശിബായി ഒരു പങ്കും വഹിച്ചിട്ടില്ലെന്ന കാര്യവും ശ്രദ്ധേയമാണ്.[10] ബാജിറാവുവിന്റെ രണ്ടാം ഭാര്യയായി മസ്താനിയെ സ്വീകരിക്കാൻ അവർ തയ്യാറായിരുന്നുവെന്ന് ചരിത്രകാരൻ പാണ്ഡുരംഗ് ബാൽക്കവാഡെ അഭിപ്രായപ്പെടുന്നു. എന്നാൽ ബാജിറാവുവിന്റെ അമ്മ രാധാഭായിക്കും ഇളയ സഹോദരൻ ചിമാജി അപ്പയ്‌ക്കും ഈ ബന്ധത്തിന് തീരെ സമ്മതമായിരുന്നില്ല. അവർക്ക് എതിരെ നിന്ന് മസ്താനിയെ സ്വീകരിക്കാൻ കാശിബായിക്ക് കഴിഞ്ഞതുമില്ല.[11]
മസ്താനിയുമായുള്ള ബാജിറാവുവിന്റെ ബന്ധത്തെത്തുടർന്ന് പൂനെയിലെ ബ്രാഹ്മണർ പേഷ്വാ കുടുംബത്തെ ബഹിഷ്കരിച്ചതിനാൽ, 1740-ന്റെ തുടക്കത്തിൽ ബാജിറാവുവിനെയും മസ്താനിയെയും വേർപെടുത്താൻ ചിമാജി അപ്പയും നാനാസാഹേബും തീരുമാനിച്ചു.
ബാജിറാവു സൈനിക നീക്കങ്ങളുമായി പൂനെക്ക് പുറത്തായിരുന്നപ്പോൾ മസ്താനി വീട്ടുതടങ്കലിലായി. ബാജിറാവുവിനെ കാണാൻ നാനാസാഹെബ് തന്റെ അമ്മ കാശിബായിയെ അയച്ചിരുന്നു.[12] വിശ്വസ്തയായ ഭാര്യയായി മരണക്കിടക്കയിൽ കാശിബായി അദ്ദേഹത്തെ സേവിച്ചതായി പറയപ്പെടുന്നു. കൂടാതെ തന്റെ ഭർത്താവിനോട് അത്യധികം അർപ്പണബോധമുള്ള സ്ത്രീയായി കാശിബായി വിശേഷിപ്പിക്കപ്പെടുന്നു.[1] കാശിബായിയും, മകൻ ജനാർദനനും ചേർന്ന് ബാജിറാവുവിന്റെ അന്ത്യകർമങ്ങൾ നടത്തി.[13]
ബാജിറാവുവിൻ്റെ മരണത്തിന് തൊട്ടുപിന്നാലെ 1740-ൽ മസ്താനിയും മരിച്ചു, തുടർന്ന് കാശിബായി അവരുടെ മകൻ ഷംഷേർ ബഹാദൂറിനെ ദത്തുപുത്രനായി വളർത്തുകയും അവന് ആയുധപരിശീലനം നൽകാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു.[11] ഭർത്താവിൻ്റെ മരണശേഷം അവർ കൂടുതൽ മതവിശ്വാസിയായി. അവർ വിവിധ തീർത്ഥാടനങ്ങൾ നടത്തുകയും നാല് വർഷം ബനാറസിൽ താമസിക്കുകയും ചെയ്തു.[14] ഒരിക്കൽ അവർ 10,000 തീർഥാടകരോടൊപ്പം ഒരു ലക്ഷം രൂപയോളം ചിലവാക്കി ഒരു വലിയ തീർത്ഥാടനം നടത്തുകയുണ്ടായി.[15] 1747 ജൂലൈയിൽ ഒരു തീർത്ഥാടനത്തിൽ നിന്ന് മടങ്ങിയെത്തിയ കാശിബായി, തന്റെ ജന്മനാടായ ചാസിൽ സോമേശ്വര ക്ഷേത്രം എന്ന പേരിൽ ഒരു ശിവക്ഷേത്രം നിർമ്മിച്ചു. 1749-ൽ പണിപൂർത്തിയായ ഈ ക്ഷേത്രം 1.5 ഏക്കർ (0.61 ഹെക്ടർ) സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രം ത്രിപുരാരി പൂർണിമ ആഘോഷങ്ങൾക്ക് പ്രശസ്തമാണ്. "സഹാലി ഏക് ദിവസ്യാച്ച പരിസരാത് പൂന്യാച്ച" എന്ന മറാഠി പുസ്തകത്തിൽ പൂനെയ്ക്ക് സമീപമുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമായി ഈ സോമേശ്വരക്ഷേത്രം പരാമർശിക്കുന്നുണ്ട്.[11]
1758 നവംബർ 27ന് സത്താറയിൽ വച്ച്, തന്റെ 55-ആം വയസ്സിൽ കാശിബായി മരണമടഞ്ഞു.
{{cite book}}
: CS1 maint: multiple names: authors list (link)