കസു ബ്രഹ്മാനന്ദ റെഡ്ഡി ദേശീയോദ്യാനം | |
---|---|
![]() | |
തരം | Natural Area |
സ്ഥാനം | Jubilee Hills, Hyderabad, Telangana |
Nearest city | Hyderabad |
Coordinates | 17°25′14″N 78°25′09″E / 17.420635°N 78.41927°E |
കസു ബ്രഹ്മാനന്ദ റെഡ്ഡി ദേശീയോദ്യാനം ചിരൻ ഫോർട്ട് പാലസ് ദേശീയോദ്യാനം എന്ന പേരിലും അറിയപ്പെടുന്ന 390 ഏക്കർ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം ഇന്ത്യയിലെ ഒരു സംസ്ഥാനമായ തെലംഗാണയുടെ തലസ്ഥാന നഗരമായ ഹൈദരാബാദിലെ ജൂബിലി കുന്നുകളിലാണ് സ്ഥിതിചെയ്യുന്നത്. മുൻ മുഖ്യമന്ത്രിയായിരുന്ന കസു ബ്രഹ്മാനന്ദ റെഡ്ഡിയുടെ പേരിൽ നിന്നാണ് ഈ ദേശീയോദ്യാനത്തിന് ഈ പേർ ലഭിച്ചത്. 1998-ൽ കേന്ദ്രഗവൺമെന്റിൽ നിന്നും അനുമതി ലഭിച്ചതിനുശേഷമാണ് ആന്ധ്രപ്രദേശ് സംസ്ഥാന ഗവൺമെന്റ് ഇത് ഒരു ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. ജൂബിലി കുന്നുകളുടെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിൽ മയിലും മറ്റ് അനേകം മൃഗങ്ങളും കാണപ്പെടുന്നു. ഈ ദേശീയോദ്യാനത്തിലെ 56 ഹെക്ടർ പ്രദേശത്തുമാത്രമേ സന്ദർശകർക്ക് പ്രവേശനമുള്ളൂ. [1][2][3]
1940-ൽ ആണ് ചിരൻ പാലസ് നിർമ്മിക്കപ്പെട്ടത്. രാജകുമാരൻ മുഖറം ജാ ആണ് 400 ഏക്കർ പ്രദേശം കൊട്ടാര നിർമ്മിതിയ്ക്കായി നല്കിയത്. 1967 -ൽ ഇതിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത് അദ്ദേഹത്തിന്റെ പിതാവായ രാജാവ് ആസാം ജാ ആണ്. ചിരൻ പാലസ് കൂടാതെ പാറക്കുന്നിലെ മോർ ബംഗ്ലാവ്, ഗോൾ ബംഗ്ലാവ്, ആന, കുതിര, കന്നുകാലികൾ എന്നിവയ്ക്കുള്ള താമസസൗകര്യങ്ങൾ, മോട്ടോർ ഖാന, വലിയ യന്ത്രസാമഗ്രികളുടെ പണിശാല, പെട്രോൾ പമ്പ്, ധാരാളം ഔട്ട് ഹൗസുകൾ, രണ്ട് കിണറുകൾ, രണ്ട് ജലസംഭരണികൾ എന്നിവയും ഇവിടെ കാണപ്പെടുന്നു.[4]
കേന്ദ്രഗവൺമെന്റിൽ നിന്നും അനുമതി ലഭിച്ചതിനുശേഷം ഉദ്യാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വനംവകുപ്പിന് കൈമാറുകയും അതിൽ 11 ഏക്കർ പ്രദേശം നിസ്സാമിന്റെ നിയന്ത്രണത്തിൽ വിട്ടു കൊടുക്കുകയും ചെയ്തു. പിന്നീട് അത് 6 ഏക്കർ ആയി കുറയ്ക്കുകയും ചെയ്തു. അതിനുശേഷം ഉദ്യാനത്തിനെ കസു ബ്രഹ്മാനന്ദ റെഡ്ഡി ദേശീയോദ്യാനം എന്നു നാമകരണം ചെയ്യുകയും പാലസ് കെട്ടിടത്തിനെ ചിരൺ പാലസ് എന്നു വിളിയ്ക്കുകയും ചെയ്തു.
തിരക്കേറിയ നഗര ജീവിതത്തിനിടയിൽ പാർക്ക് മികച്ച പരിസ്ഥിതിയും നൽകുന്നു. പാർക്കിൽ 600 ഓളം സസ്യജാലങ്ങളും 140 തരം പക്ഷികളും 30 വ്യത്യസ്ത തരം ചിത്രശലഭങ്ങളും ഉരഗങ്ങളും കാണപ്പെടുന്നു.പാങ്കോലിൻ , ചെറിയ ഇന്ത്യൻ സിവെറ്റ്, മയിൽ , കാട്ടുപൂച്ച , പോർക്കുപ്പൈൻസ് എന്നിവ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. പാർക്കിന് വേണ്ടത്ര ജലസംഭരണികളുണ്ട്. സസ്യങ്ങൾക്ക് വേണ്ടത്ര ഈർപ്പം നൽകുകയും, പക്ഷികളുടെയും ചെറിയ മൃഗങ്ങളുടെയും ദാഹം ശമിപ്പിക്കുകയും ചെയ്യുന്നു.[5]