കാൺപൂർ ഉപരോധം 1857

കാൺപൂർ ഉപരോധം
1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം ഭാഗം

സതിചൗരാ ഘട്ട് കൂട്ടക്കൊലയുടെ ഒരു ചിത്രം
തിയതി5 – 25 ജൂൺ (1857)
സ്ഥലംകാൺപൂർ, ഇന്ത്യ
ഫലംസതിചൗരാ ഘട്ട് കൂട്ടക്കൊല, ബീബിഘർ കൂട്ടക്കൊല, ബ്രിട്ടീഷുകാർ കാൺപൂർ തിരിച്ചു പിടിക്കുന്നു
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
കമ്പനി പട്ടാളം
നാനാ സാഹിബിന്റെ പട്ടാളം, വിമതസേന
പടനായകരും മറ്റു നേതാക്കളും
മേജർ ജനറൽ ഹ്യൂ വീലർ†
ബ്രിഗേഡിയർ അലക്സാണ്ടർ ജാക്ക്†
മേജർ എഡ്വേഡ് വിബാർട്ട്†
ക്യാപ്റ്റൻ ജൂൺ മൂർ †
നാനാ സാഹിബ്
താന്തിയാ തോപ്പി
ബാല റാവു
ശക്തി
900 ത്തോളം സാധാരണജനങ്ങൾ, 300 ഓളം വരുന്ന പട്ടാളം4000 ത്തോളം വരുന്ന ശിപായികൾ
നാശനഷ്ടങ്ങൾ
എല്ലാവരും7000 (സ്ഥിരീകരിക്കപ്പെടാത്ത കണക്ക്)

1857 ലെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഒരു സുപ്രധാന ഏടാണ് നാനാ സാഹിബിന്റെ നേതൃത്വത്തിൽ നടന്ന കാൺപൂർ ഉപരോധം. ജനറൽ വീലറുടെ അധികാരപരിധിയിലുള്ള കാൺപൂർ പട്ടാള ബാരക്ക്, നാനാ സാഹിബ് നയിച്ച വിമതസേന ഉപരോധിച്ചു കീഴ്പെടുത്തുകയായിരുന്നു. വിമതസൈന്യത്തിനെതിരേ ബ്രിട്ടീഷ് പട്ടാളത്തിനു ശക്തമായി പ്രതിരോധിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ബ്രിട്ടീഷ് സേനയുടെ കീഴടങ്ങലിനു പകരമായി അലഹബാദിലേക്കുള്ള സുരക്ഷിതമായ പലായനം എന്നതായിരുന്നു നാനാ സാഹിബ് ജനറൽ വീലറിന്റെ മുന്നിൽ വച്ച നിർദ്ദേശം. വീലർ ഈ നിർദ്ദേശത്തെ അംഗീകരിച്ചെങ്കിലും, അലഹബാദിലേക്കുള്ള പലായന മധ്യേ ബ്രിട്ടീഷ് സൈനികരേയും കുടുംബത്തേയും വിമതസൈന്യം കൂട്ടക്കൊലക്കിരയാക്കുകയായിരുന്നു.

കാൺപൂർ തിരിച്ചു പിടിച്ച ബ്രിട്ടീഷ് സൈന്യം ഈ കൂട്ടക്കൊലക്ക് പ്രതികാരം ചെയ്യുകയായിരുന്നു. കാൺപൂരിലെ ഗ്രാമങ്ങളും, സാധാരാണ ജനങ്ങളും സൈന്യത്തിന്റെ പ്രതികാരത്തിന്റെ ഇരയായി മാറി. ഏതാണ്ട് 7000 ഓളം വരുന്ന സാധാരണ ജനങ്ങളെ ബ്രിട്ടീഷ് പട്ടാളം ബീബിഘർ കൂട്ടക്കൊലക്കു പകരമായി കൊന്നൊടുക്കി എന്ന് ചരിത്രഗവേഷകനായ അമരേഷ് മിശ്ര ചൂണ്ടിക്കാണിക്കുന്നു.[1] എന്നാൽ ഇത് തികച്ചും അതിശയോക്തിപരമായ കണക്കുകൾ മാത്രമാണെന്ന് ചില ചരിത്രകാരന്മാർ സമർത്ഥിക്കുന്നു.[2]

പശ്ചാത്തലം

[തിരുത്തുക]

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു സ്ഥലമായിരുന്നു കാൺപൂർ. പഴയ ഗ്രാന്റ് ട്രങ്ക് റോഡിനരികിലുള്ള പട്ടണത്തിൽ നിന്നും വളരെ എളുപ്പത്തിൽ സിന്ധ്, പഞ്ചാബ്, ഔധ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാമായിരുന്നു.

1857 ജൂണിൽ കാൺപൂരിനടുത്ത സ്ഥലങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. മീററ്റ്, ആഗ്ര, ലക്നൗ, മഥുര എന്നിവിടങ്ങളിലുള്ള ശിപായി റാങ്കിലുള്ള പട്ടാളക്കാർ കലാപം തുടങ്ങിയപ്പോഴും, കാൺപൂരിലെ ശിപായികൾ ബ്രിട്ടീഷ് നേതൃത്വത്തോട് കൂറുള്ളവരായി തന്നെ തുടർന്നു. കാൺപൂർ ജനറലായിരുന്ന ഹ്യൂ വീലർ പ്രാദേശിക ഭാഷ വശമുള്ളയാളും, അവിടുത്ത ആചാരങ്ങളെ മറ്റുള്ള ബ്രിട്ടീഷുകാരിൽ നിന്നും വ്യത്യസ്തമായി ആദരിക്കുന്ന ആളുമായിരുന്നു. കൂടാതെ മാത്രമല്ല ഒരു ഇന്ത്യൻ സ്ത്രീയെ ആയിരുന്നു വീലർ വിവാഹം കഴിച്ചിരുന്നത്.[3] കാൺപൂരിലെ ശിപായികൾ തന്നോട് കൂറുള്ളവരായിരിക്കുമെന്ന ആത്മവിശ്വാസം വീലർ വച്ചു പുലർത്തിയിരുന്നു. അതുകൊണ്ടു തന്നെ തന്റെ അധീനതയിലുള്ള രണ്ട് റജിമെന്റുകളെ ലക്നൗവിലെ കലാപത്തെ അമർച്ച ചെയ്യുന്നതിനായി വീലർ അയക്കുകയും ചെയ്തു.[4]

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തനിക്കവകാശപ്പെട്ട പെൻഷൻ നിഷേധിച്ചതുമൂലമുള്ള വൈരാഗ്യവുമായി നിലകൊള്ളുന്ന നാനാ സാഹിബിനെക്കുറിച്ച് പലരും വീലർക്ക് മുന്നറിയിപ്പു കൊടുത്തിരുന്നു. എന്നാൽ തന്റേയും തന്റെ സൈന്യത്തിന്റേയും സേവനം ആവശ്യമുള്ളപ്പോൾ ബ്രിട്ടീഷ് സൈന്യത്തിനു നൽകിക്കൊള്ളാമെന്നു പറഞ്ഞ് നാനാ സാഹിബ് ബ്രിട്ടീഷുകാരെ പോലും അതിശയിപ്പിച്ചു.[5]

കാൺപൂരിലെ ബ്രിട്ടീഷ് സൈനിക വിഭാഗത്തിൽ ഏതാണ്ട് 900 ഓളം ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതിൽ പട്ടാളക്കാരായി ഉണ്ടായിരുന്നത് കേവലം 300 പേർ മാത്രമായിരുന്നു. മുന്നൂറോളം പേർ സ്ത്രീകളും കുട്ടികളുമായിരുന്നു. ബാക്കിയുള്ളവരിൽ വ്യാപാരികളും, എൻജിനീയേഴ്സും, സേവകരും ആയിരുന്നു. സേവകരിൽ മുഖ്യപങ്കും പ്രാദേശികരായിരുന്നു കലാപം തുടങ്ങിയ ഉടൻ തന്നെ അവരെല്ലാവരും ജോലി ഉപേക്ഷിച്ചു പോയി.

അപ്രതീക്ഷിതമായി കലാപം കാൺപൂരിലേക്കും എത്തിച്ചേർന്നാൽ അതിനെ തടുക്കാൻ ബ്രിട്ടീഷ് പട്ടാളത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം കാൺപൂരിന്റെ വടക്കു ഭാഗത്തുള്ള കോട്ടയായിരുന്നു. വളരെ ബലമുള്ള മതിലുകളുള്ള ഒരു കോട്ടയായിരുന്നു അത്,കൂടാതെ ഖജനാവ് പ്രവർത്തിച്ചിരുന്നത് ഈ കോട്ടയിലായിരുന്നതിനാൽ അതീവ സുരക്ഷയും ഉണ്ടായിരുന്നു. എന്നിട്ടും, കാൺപൂരിന്റെ തെക്കു വശത്തുള്ള ഒരു പട്ടാള ബാരക്കായിരുന്നു വീലർ സുരക്ഷിതസ്ഥാനമായി തിരഞ്ഞെടുത്തത്. കുതിരപ്പട്ടാളത്തിനു വേണ്ടി നിർമ്മിക്കപ്പെട്ട ഒരു ബാരക്കായിരുന്നു അത്. വേണ്ടത്ര ശുചിത്വം ഉള്ള പ്രദേശമല്ലായിരുന്നു അത്. വെള്ളത്തിന്റെ ലഭ്യതയും പരിമിതമായിരുന്നു. കൂടാതെ ബാരക്കിനു ചുറ്റും കിടങ്ങുകൾ കുഴിക്കാൻ ആ കടുത്ത വേനൽക്കാലത്ത് പട്ടാളക്കാർക്ക് കഴിഞ്ഞതുമില്ല. ബാരക്കിനു ചുറ്റുമുള്ള വലിയ കെട്ടിടങ്ങൾ കലാപകാരികൾക്ക് മറഞ്ഞിരുന്നു നിറയൊഴിക്കാൻ സാധിക്കുന്ന തരത്തിലുള്ളതുമായിരുന്നു. കാൺപൂരിൽ വേണ്ടത്ര സുരക്ഷിതസ്ഥാനങ്ങൾ ഉണ്ടായിരുന്നിട്ടും, ഈ സ്ഥലം തന്നെ തിരഞ്ഞെടുക്കാനുള്ള വീലറുടെ തീരുമാനം ഇന്നും അഞ്ജാതമായി തുടരുന്നു.

ഫത്തേഗാർ കലാപം

[തിരുത്തുക]

ഗംഗാ നദിയുടെ കരയിലുള്ള ഫത്തേഗാർ എന്ന പട്ടാള ക്യാംപിൽ നിന്നാണ് കലാപം കാൺപൂരിലേക്കും പടരുന്നു എന്ന സൂചനകൾ ലഭിച്ചത്. ശിപായികളെ കലാപത്തിൽ നിന്നും അകറ്റി നിർത്താൻ അവരെ കൂടുതൽ ജോലികളിൽ വ്യാപൃതരാക്കാൻ വീലർ ശ്രമിച്ചു. ഫത്തേഗാർ ബാരക്കിൽ കലാപം തുടങ്ങിയത് വളരെ പെട്ടെന്നാണ്. 1857 മേയ് 31 തുടങ്ങിയ കലാപത്തിൽ രണ്ട് ഇംഗ്ലീഷ് സൈനികോദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പിറ്റേ ദിവസം ക്യാംപിലെത്തിയ മുതിർന്ന ഉദ്യോഗസ്ഥരായ ഫെയ്ററേയും, കാരിയേയും കലാപകാരികൾ ആക്രമിച്ചു. കാരി അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.[6]

കലാപം കാൺപൂരിലേക്ക്

[തിരുത്തുക]

ഫത്തേഗാർ കലാപത്തെക്കുറിച്ച് വിവരം ലഭിച്ചപ്പോൾ തന്നെ, കാൺപൂർ പട്ടാള ക്യാംപിലുള്ളവർ നേരത്തേ കണ്ടു വെച്ചിരുന്ന സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ തുടങ്ങി. കാൺപൂർ ബാരകിൽ നാലു റെജിമെന്റ് പട്ടാളമായിരുന്നു ആ സമയം ഉണ്ടായിരുന്നത്. കാൺപൂർ മാഗസിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു. കാൺപൂരിലെ ശിപായിമാർ അതുവരെ വിമതസേനയിലേക്കു മാറിയിട്ടുമില്ലായിരുന്നു. തൽക്കാലം കാൺപൂരിൽ ഒരു കലാപത്തിന്റെ സാധ്യതയില്ലായിരുന്നുവെങ്കിലും, അതെപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നും വീലർ കണക്കുക്കൂട്ടിയിരുന്നു.

1857 ജൂൺ 7 ന് മദ്യപിച്ച് ബോധം നശിച്ച ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥനായ ലെഫ്ടനന്റ് കോക്സ് ഒരു ഇന്ത്യൻ ശിപായിയുടെ നേർക്കു നിറയൊഴിച്ചുവെങ്കിലും, അയാൾ വെടിയേൽക്കാതെ രക്ഷപ്പെട്ടു. പട്ടാളക്കോടതി കോക്സിനെ ഒരു ദിവസത്തെ ജയിൽ ശിക്ഷക്കു വിധേയനാക്കി. എന്നാൽ ഈ സംഭവം ശിപായിമാർക്കിടയിൽ ഒരു അതൃപ്തിക്കു കാരണമായി. കലാപം മറ്റിടങ്ങളിൽ തുടങ്ങിയതിന്റെ വെളിച്ചത്തിൽ, അത് കാൺപൂരിലും ആവർത്തിക്കാതിരിക്കാൻ, ഇന്ത്യൻ ശിപായികളെ വിളിച്ചു വരുത്തി ഒന്നൊന്നായി വധിച്ചേക്കുമെന്നുള്ള ഒരു കിംവദന്തി ഇവർക്കിടയിൽ പരന്നു. ഇത്തരം സംഭവങ്ങൾ ഇന്ത്യൻ ശിപായിമാരെ വിമതരാവാൻ പ്രേരിപ്പിച്ചു.[6]

1857 ജൂൺ 5 പുലർച്ചെ ഒരു മണിക്ക് കാൺപൂരിലെ ശിപായിമാരും കലാപം തുടങ്ങി. രണ്ടാം ബംഗാൾ കുതിരപ്പട്ടാളത്തിലെ സൈനികരാണ് ആദ്യം വെടിവെപ്പു തുടങ്ങിയത്. മേജറായിരുന്ന ഭവാനി സിംഗ് ആയിരുന്നു ആദ്യം വെടിയുതിർത്തത്. എന്നാൽ അദ്ദേഹത്തെ സഹപ്രവർത്തകർ ചേർന്ന് കീഴ്പെടുത്തുകയായിരുന്നു. പെട്ടെന്നു തന്നെ കാൺപൂരിലെ ഏറ്റവും വിശ്വസനീയരും, വിധേയരുമായ രണ്ട് റെജിമെന്റുകൾ അപ്രതീക്ഷിതമായി കലാപത്തിൽ പങ്കു ചേർന്നു കൊണ്ട് വെടിവെപ്പു തുടങ്ങി. പിറ്റേ ദിവസമായപ്പോഴേക്കും, ഏതാണ്ട് പകുതിയോളം വരുന്ന പട്ടാളക്കാർ വിമതരായി, ബാക്കി അവശേഷിക്കുന്നവർ ജനറൽ വീലറോടൊപ്പം തന്നെ തുടർന്നു.[7]

നാനാ സാഹിബ്

[തിരുത്തുക]

പേഷ്വാ ബാജി റാവു രണ്ടാമന്റെ ദത്തു പുത്രനും ഭരണാധികാരിയുമായ നാനാ സാഹിബ് കലാപത്തിനു മുന്നേ തന്നെ ബ്രിട്ടീഷുകാരോട് വിധേയത്വം പ്രഖ്യാപിച്ചിട്ടുള്ളയാളായിരുന്നു. ബാജി റാവു രണ്ടാമന്റെ മരണശേഷം, മകന് ലഭിക്കേണ്ടതായ പെൻഷൻ ബ്രിട്ടീഷ് അധികാരികൾ തടഞ്ഞിരുന്നു, നാനാ സാഹിബ് ബാജി റാവുവിന്റെ യഥാർത്ഥ പുത്രനല്ലെന്നതായിരുന്നു കാരണം. ഇതിനെതിരേ നാനാ സാഹിബ് ഇംഗ്ലണ്ടിലെ അധികാരികൾക്ക് പരാതി നൽകിയിരുന്നുവെങ്കിലും, അവർ അത് തള്ളിക്കളയുകയായിരുന്നു. ഈ കാരണങ്ങൾ നിലനിൽക്കെ തന്നെ നാനാ സാഹിബ് ബ്രിട്ടീഷുകാർക്ക് സഹായം വാഗ്ദാനം ചെയ്തത് അമ്പരപ്പിക്കുന്നതായിരുന്നു.

ആകെ താറുമാറായ കാൺപൂരിലെ പട്ടാള റെജിമെന്റിലേക്ക് നാനാ സാഹിബ് തന്റെ സേനയുമായി വന്നെത്തി. കോട്ടക്കു കാവലായി നിന്നിരുന്ന പട്ടാളക്കാർക്ക് പുറത്തു നടക്കുന്ന സംഭവങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലായിരുന്നു. നാനാ സാഹിബ് തങ്ങളെ നയിക്കാനായാണ് എത്തിയതെന്നായിരുന്നു ഇവർ കരുതിയിരുന്നത്. കാൺപൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടാൽ താൻ സഹായവുമായി എത്തിച്ചേർന്നുകൊള്ളാമെന്ന് നാനാ സാഹിബ് മുമ്പ് ജനറൽ വീലർക്കു ഉറപ്പു കൊടുത്തിരുന്നതുമാണ്, അതുകൊണ്ട് തന്നെ പട്ടാളക്കാർക്ക് യാതൊന്നും സംശയിക്കേണ്ടിയിരുന്നുമില്ല. എന്നാൽ കോട്ടയിൽ കടന്നതോടെ താൻ ബഹാദൂർ ഷായുടെ ഉത്തരവിനനുസരിച്ച് പ്രവർത്തിക്കുന്നയാളാണെന്നും, വിമതരുടെ കൂടെ ബ്രിട്ടീഷുകാർക്കെതിരേയാണെന്നും ഉറക്കെ പ്രഖ്യാപിച്ചു.

കോട്ടയിലെ ഖജനാവ് കൈവശപ്പെടുത്തിയശേഷം, നാനാ സാഹിബ് ഗ്രാന്റ് ട്രങ്ക് പാത വഴി, തന്റെ പിതാവിൽ നിന്നും ബ്രിട്ടീഷുകാർ കൈവശപ്പെടുത്തിയ മറാത്ത സാമ്രാജ്യം തിരിച്ചു പിടിക്കാൻ പുറപ്പെട്ടു. കാൺപൂർ കീഴടക്കാനും നാനാ സാഹിബ് തീരുമാനിച്ചിരുന്നു. കല്യാൺപൂർ എന്ന സ്ഥലത്തു വെച്ച് ഡൽഹിയിലേക്ക് പോകുന്ന വിമതസേനയെ കണ്ടുമുട്ടുകയും, അവരോട് കാൺപൂരിലേക്ക് ബ്രിട്ടീഷുകാരെ കീഴടക്കാൻ തിരിച്ചുപോകാനും നാനാ സാഹിബ് ആവശ്യപ്പെട്ടു. എന്നാൽ വിമതസൈന്യം അത് നിരസിച്ചു. നാനാസാഹിബ് അവർക്ക് ഇരട്ടി വേതനം വാഗ്ദാനം ചെയ്തതോടെ, അവർ നാനാ സാഹിബിനൊപ്പം ചേരാൻ തീരുമാനിച്ചു.

ജനറൽ വീലർക്കെതിരേയുള്ള ആക്രമണം

[തിരുത്തുക]

1857 ജൂൺ 5 ന് ജനറൽ വീലറുടെ നേതൃത്വത്തിലുള്ള പട്ടാള ക്യാംപ് ആക്രമിക്കുമെന്ന് നാനാ സാഹിബ് ഇംഗ്ലീഷുകാർക്ക് കത്തയച്ചു. പിറ്റേ ദിവസം രാവിലെ, വിമതസൈന്യവുമായി ജനറൽ വീലറുടെ അധീനതയിലുള്ള പട്ടാള ബാരക് നാനാ സാഹിബ് ആക്രമിച്ചു. നാനാ സാഹിബിന്റെ ആക്രമണത്തെ എതിരിടാൻ മാത്രം ബ്രിട്ടീഷ് പട്ടാളം സജ്ജമായിരുന്നില്ല. കടുത്ത സൂര്യാഘാതവും, ജലക്ഷാമവും ബ്രിട്ടീഷ് പട്ടാളത്തിലെ അനവധി ആളുകളുടെ ജീവനെടുത്തു. ബ്രിട്ടീഷ് പട്ടാളത്തിന്റെ പരാജയകഥ പടർന്നതോടെ നാനാ സാഹിബിന്റെ കൂടെ ചേരാൻ കൂടുതൽ വിമതർ വന്നു ചേർന്നു. ജൂൺ 10 ആയപ്പോഴേക്കും നാനാ സാഹിബിന്റെ കീഴിൽ ഏതാണ്ട് 15000 ത്തിനടുത്ത് വിമതസൈനികർ എത്തിച്ചേർന്നിരുന്നു.[8]

നാനാ സാഹിബിനെതിരേയുള്ള യുദ്ധം ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം വളരെ ദുഷ്കരമായിരുന്നു. പതിനായിരക്കണക്കിനാളുകളോട് എതിരിടാൻ നാമമാത്രമായ ബ്രിട്ടീഷുകാർ മാത്രമേ ഉണ്ടായിരുന്നുള്ളു. നാനാ സാഹിബിനെതിരേ പ്രത്യാക്രമണത്തിനു നേതൃത്വം നൽകിയൽ ജനറൽ ജോൺ മൂർ ആയിരുന്നു. പക്ഷേ വിമതസൈന്യത്തിനെതിരേ പിടിച്ചു നിൽക്കാൻ അവർക്കായില്ല. കനത്തചൂടുകാരണം, ബ്രിട്ടീഷുകാർക്ക് സൂര്യാഘാതമേൽക്കുകയുണ്ടായി. മരണമടഞ്ഞ സൈനികരെ മറവുചെയ്യാൻ പോലും ഇവർക്കായില്ല. വെള്ളം വറ്റിയ ഒരു കിണറിലേക്കാണ് മൃതദേഹങ്ങളെ മറവു ചെയ്തത്. ഈ നടപടികളും, വേണ്ടത്ര ശുചിത്വമില്ലായ്മയും ക്യാംപിൽ ചിക്കൻപോക്സ്, കോളറ തുടങ്ങിയ അസുഖങ്ങൾക്ക് കാരണമായി. ഇത് ബ്രിട്ടീഷുകാരെ ഏറെ തളർത്തി.[6]

കോട്ടക്കു ചുറ്റുമുള്ള ചെറിയ കിടങ്ങുകളിൽ വെടിമരുന്ന് നിറച്ചിട്ടുണ്ടാവാം എന്ന തെറ്റിദ്ധാരണയുടെ പുറത്ത് കോട്ടയ്ക്കകത്ത് ചെന്ന് ആക്രമിക്കാതെ, പുറമേ നിന്നും വെടിവെപ്പു നടത്തുകയായിരുന്നു വിമത സൈന്യം. ജൂൺ 13 ന് കോട്ടയിലുള്ള ആശുപത്രി കെട്ടിടം വെടിവെപ്പിൽ പൂർണ്ണമായും തകർന്നതോടെ ബ്രിട്ടീഷുകാർക്ക് മരുന്നുകളും, വൈദ്യസഹായവും പുറമേ നിന്നും കിട്ടാതായി. കോട്ടക്കകത്തേക്ക് കടക്കാൻ വിമതസൈന്യം ശ്രമിച്ചുവെങ്കിലും, ബ്രിട്ടീഷ് പട്ടാളത്തിന്റെ ശക്തമായ എതിർപ്പുമൂലം സാധിച്ചില്ല. ജൂൺ 21 ഓടെ ബ്രിട്ടീഷ് സൈന്യത്തിന്റെ മൂന്നിലൊന്ന് ഇല്ലാതായി. മാനസികമായും അവർ ക്ഷീണിച്ചു.[6]

ബ്രിട്ടീഷ് സൈന്യം കീഴടങ്ങുന്നു

[തിരുത്തുക]

ബ്രിട്ടീഷ് സൈന്യം പരാജയത്തിന്റെ വക്കിലായി, ജനറൽ വീലർ മാനസികമായി ആകെ തളർന്നു. വെള്ളത്തിന്റെ അപര്യാപ്തതയും, പകർച്ചവ്യാധിയുമെല്ലാം യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ ജനറൽ വീലറെ പ്രേരിപ്പിച്ചു. നാനാ സാഹിബുമായി ഒരു ഒത്തു തീർപ്പിലെത്താൻ ജനറൽ വീലർ തന്റെ ഉദ്യോഗസ്ഥനായ ജോനാ ഷെപ്പേഡിനെ നിയോഗിച്ചു, എന്നാൽ ജോനാ കോട്ടക്കു പുറത്തിറങ്ങിയ ഉടൻ തന്നെ വിമതസൈന്യം അദ്ദേഹത്തെ പിടികൂടി ജയിലിനുള്ളിലാക്കി.

കീഴടങ്ങാമെങ്കിൽ ഗംഗയുടെ കരയിലുള്ള സതിചൗരാ ഘട്ട് വഴി അലഹബാദിലേക്ക് സുരക്ഷിതമായി പലായനം ചെയ്യാനുള്ള സൗകര്യം ഒരുക്കിത്തരാമെന്ന സന്ദേശവുമായി ഒരു യൂറോപ്യൻ വനിതയെ നാനാ സാഹിബ് ജനറൽ വീലറുടെ അടുത്തേക്കയച്ചു. ഈ സന്ദേശത്തിൽ നാനാ സാഹിബിന്റെ ഒപ്പു പതിച്ചിട്ടില്ലായിരുന്നതുകൊണ്ടു തന്നെ വീലർ ഈ വ്യവസ്ഥയെ സംശയത്തോടെ നോക്കിക്കാണുകയും, തള്ളിക്കളയുകയും ചെയ്തു. ആദ്യ സന്ദേശം എത്തിച്ചേർന്നതോടെ ബ്രിട്ടീഷുകാർക്കുള്ളിൽ തന്നെ രണ്ടഭിപ്രായം ഉയർന്നു വന്നു. ഒരു കൂട്ടർ യുദ്ധം തുടരാമെന്നു വാദിച്ചപ്പോൾ, എതിർവിഭാഗം നാനാസാഹിബിന്റ വ്യവസ്ഥകളെ അംഗീകരിച്ച് അലഹബാദിലേക്ക് രക്ഷപ്പെടുന്നതാണ് നല്ലതെന്ന അഭിപ്രായക്കാരായിരുന്നു. ആദ്യത്തെ സന്ദേശത്തിനു മറുപടി ലഭിക്കാതായപ്പോൾ നാനാ രണ്ടാമതൊരു സന്ദേശം കൂടി അയച്ചു, ഇത്തവണ തന്റെ ഒപ്പു കൂടി പതിച്ചതായിരുന്നു കത്ത് കൊടുത്തയച്ചത്. അവസാനം ജനറൽ വീലർ നാനാ സാഹിബിനു മുന്നിൽ കീഴടങ്ങി, നാന പറഞ്ഞതു പോലെ, സതി ചൗരാ ഘട്ട് വഴി അലഹബാദിലേക്കു പലായനം ചെയ്യാൻ തീരുമാനിച്ചു.[9]

സതിചൗരാ ഘട്ട് കൂട്ടക്കൊല

[തിരുത്തുക]

27 ജൂൺ 1857 ന് വീലറുടെ കീഴിലുള്ള അവശേഷിക്കുന്ന സൈനികർ ബാരകിൽ നിന്നും പുറത്തു വന്നു. ഇവർക്കു സഞ്ചരിക്കാൻ ആനകളേയും, പല്ലക്കുകളും നാനാ സാഹിബ് തയ്യാർ ചെയ്തിരുന്നു. ഗംഗയുടെ കരയിലുള്ള സതിചൗരാ ഘട്ടിലെത്തിയ ശേഷം അവിടെ നിന്ന് അലഹബാദിലേക്കു കടക്കാനായിരുന്നു പദ്ധതി. ഇവിടെ ഇവർക്കു നദി കടക്കാനായി വഞ്ചികളും ഏർപ്പാടാക്കിയിരുന്നു. കുട്ടികളും സ്ത്രീകളും, അടങ്ങുന്ന ഈ സംഘത്തെ വിമതസൈന്യം അകമ്പടി സേവിച്ചിരുന്നു. സതിചൗരാ ഘട്ടിൽ പതിവിനു വിപരീതമായ ഗംഗയിൽ വെള്ളം കുറവായിരുന്നു. നദീ തീരത്തു തയ്യാറാക്കി നിറുത്തിയിരുന്ന വള്ളങ്ങൾക്ക് ഇത്ര കുറഞ്ഞ ജലനിരപ്പിൽ സഞ്ചരിക്കുവാനാകുമായിരുന്നില്ല.

ഈ സമയത്തുണ്ടായിരുന്ന ആശയക്കുഴപ്പത്തിൽ ഒരു ചെറിയ വെടിവെപ്പുണ്ടാവുകയും അത് ഒരു കലാപമായി കത്തിപ്പടരുകയും ചെയ്തു. ബ്രിട്ടീഷുകാർ തങ്ങളെ ആക്രമിക്കുകയാണെന്നു തെറ്റിദ്ധരിച്ച് വിമതർ കടുത്ത ആക്രമണം അഴിച്ചു വിടുകയും, ഇംഗ്ലീഷുകാരെ ഒന്നൊന്നായി വകവരുത്തുകയും ചെയ്തു. 120 ഓളം വരുന്ന സ്ത്രീകളും കുട്ടികളും ആണ് കൊല്ലപ്പെടാതെ അവശേഷിച്ചത്. സതിചൗരാ ഘട്ടിൽ ആരാണ് ആദ്യം വെടിവെപ്പു തുടങ്ങിയതെന്ന കാര്യം ഇന്നും അജ്ഞാതമായി തുടരുന്നു. ബ്രിട്ടീഷുകാരെ ഇല്ലാതാക്കാനുള്ള നേരത്തേ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് നാനാ സാഹിബ് ജലനിരപ്പ് തീരെ കുറഞ്ഞ സതി ചൗരാ ഘട്ടിൽ തന്നെ അവരെ എത്തിച്ചതെന്ന് ബ്രിട്ടീഷുകാർ ആരോപിക്കുമ്പോൾ, നാനാ സാഹിബിന് അങ്ങനെയൊരു പദ്ധതി ഉണ്ടായിരുന്നില്ലെന്ന് ചരിത്രകാരന്മാർ പറയുന്നു.[10][11]

ബീബിഘർ കൂട്ടക്കൊല

[തിരുത്തുക]
ബീബിഘർ - തടവുകാരായ സ്ത്രീകളേയും കുട്ടികളേയും പാർപ്പിച്ചിരുന്ന സ്ഥലം

സതിചൗരാഘട്ടിലെ കൂട്ടക്കൊലയിൽ നിന്നും രക്ഷപ്പെട്ട വനിതകളേയും, കുട്ടികളേയും നാനാ സാഹിബ് അടുത്തു തന്നെയുള്ള ഒരു ചെറിയ കൊട്ടാരത്തിൽ പാർപ്പിച്ചു. സ്ത്രീകൾക്കു വേണ്ടി മാത്രം ഉള്ള ഭവനം എന്നർത്ഥം വരുന്ന ബീബിഘർ കോട്ടയായിരുന്നു അത്. കാൺപൂർ തിരിച്ചുപിടിക്കാൻ ബ്രിട്ടീഷുകാർ വൻ സന്നാഹവുമായി എത്തുമെന്നറിയാമായിരുന്ന നാനാ സാഹിബ് അവർക്കെതിരേ വിലപേശാനുള്ള ഒരു ആയുധമായാണ് ഇവരെ തടവിലാക്കിയത്. നാനാ സാബ് വിചാരിച്ചിരുന്നതുപോലെ, ബ്രിട്ടീഷ് പട്ടാളം കാൺപൂർ ലക്ഷ്യമാക്കി വരുന്നുണ്ടായിരുന്നു. ഹെൻട്രി ഹാവെലോക്കിന്റെ നേതൃത്വത്തിലുള്ള ഈ സൈന്യത്തോടെതിരിടാൻ നാനാ സാഹിബ് തന്റെ അനന്തരവനായ ബാലാ റാവുവിനെ നിയോഗിച്ചെങ്കിലും, ബാല ബ്രിട്ടീഷ് പട്ടാളത്തിനു മുന്നിൽ ദയനീയമായി കീഴടങ്ങുകയായിരുന്നു. ബ്രിട്ടീഷുകാർ കാൺപൂർ കീഴടക്കയതോടെ നാനാ സാഹിബിന്റെ വിലപേശലുകൾ അവസാനിച്ചു. കാൺപൂരിലേക്കുള്ള മാർഗ്ഗമദ്ധ്യേ ബ്രിട്ടീഷ് സൈനികർ ഗ്രാമീണരേയും, സാധാരണജനങ്ങളേയും ഒന്നും വെറുതെവിട്ടില്ല. സതിചൗരാ ഘട്ട് കൂട്ടക്കൊലക്കു പ്രതികാരം ചെയ്യുകയായിരുന്നു അവർ.

ബ്രിട്ടീഷ് പട്ടാളം ഗ്രാമീണരോട് ചെയ്ത പാതകത്തിനു പകരമായി തടവിലുള്ള സ്ത്രീകളേയും കുട്ടികളേയും കൊന്നു കളയണമെന്ന് വിമതസൈന്യത്തിലെ ചിലർ നാനാ സാഹിബിനോട് ആവശ്യപ്പെട്ടു. അവസാനം തടവുകാരെ കൊന്നു കളയാൻ തീരുമാനിച്ചു. തടവുകാരെ ഇല്ലാതാക്കാനുള്ള നിർദ്ദേശം നൽകിയത് നാനാ സാഹിബാണെന്ന് ബ്രിട്ടീഷ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു.[12] എന്നാൽ ഈ നിർദ്ദേശം നൽകിയത്, അസിമുള്ള ഖാനോ, തടവുകാരുടെ മേൽനോട്ടക്കാരിയായിരുന്ന ഹുസ്സൈനി ഖാനുമോ ആയിരിക്കാമെന്നു കരുതപ്പെടുന്നു. സ്ത്രീകളേയും കുട്ടികളേയും ഒന്നൊഴിയാതെ വിമതസൈന്യം കൊന്നൊടുക്കി. ഇവരെ ഇല്ലാതാക്കാൻ ഹുസ്സൈനി ഖാൻ കശാപ്പുകാരുടെ സഹായം പോലും തേടിയിരുന്നു.

ബ്രിട്ടീഷുകാരുടെ പ്രതികാരം

[തിരുത്തുക]

കാൺപൂർ തിരിച്ചുപിടിച്ചിതിനുശേഷം, ബീബിഘറിലുള്ള തടവുകാരെ രക്ഷപ്പെടുത്താൻ ഒരു സംഘം സൈനികർ പുറപ്പെട്ടു. ബീബിഘറിലെത്തിയപ്പോഴാണ് തടവുകാർ ക്രൂരമായി കൊല്ലപ്പെട്ട വിവരം ഇവർ അറിയുന്നത്. തൊട്ടടുത്തുള്ള കിണറിൽ മൃതദേഹങ്ങൾ വലിച്ചെറിഞ്ഞിരിക്കുന്നു.[13] ക്രുദ്ധരായ ബ്രിട്ടീഷ് പട്ടാളം, തങ്ങളുടെ ദേഷ്യവും പകയും പ്രാദേശികരയാ ഗ്രാമീണരുടെ മേൽ പ്രയോഗിക്കുകയായിരുന്നു. ഗ്രാമീണരെ കൊല്ലുകയും, വീടുകൾക്കു തീവെക്കുകയും ചെയ്തു. ഇത്ര ക്രൂരമായ പാതകം നടന്നിട്ടും, പ്രദേശവാസികൾ അതിനെതിരേ പ്രതികരിച്ചില്ല എന്നു പറഞ്ഞായിരുന്നു പട്ടാളക്കാരുടെ മർദ്ദനം.

ബ്രിഗേഡിയർ ജനറൽ നിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതികാര നടപടികൾ. കലാപത്തിൽ പങ്കെടുത്തുവെന്ന് വിവരം ലഭിച്ച് എല്ലാ വിമതസൈനികരേയും തൂക്കിലിടാൻ നീൽ ഉത്തരവിട്ടു. വധശിക്ഷക്കു വിധേയമാക്കുന്നതിനു മുമ്പ്, ഹിന്ദുമതത്തിൽപെട്ട ശിപായിമാരെക്കൊണ്ട് ഗോമാംസം തീറ്റിച്ചു, മുസ്ലിംമതത്തിലുള്ള ശിപായിമാർക്ക് നിർബന്ധപൂർവ്വം പന്നിമാംസം നൽകി, ബ്രാഹ്മണകുലത്തിൽപ്പെട്ട ശിപായിമാരെ വധിക്കുന്നതിന് താഴ്ന്ന കുലത്തിൽപ്പെട്ട ശിപായിമാരെയാണ് നീൽ നിയോഗിച്ചത്. മൃതദേഹങ്ങൾ വലിച്ചെറിഞ്ഞ കിണറിനു സമീപത്തായാണ് എല്ലാ വിമതരേയും വധശിക്ഷക്കു വിധേയമാക്കിയത്.

അനന്തരഫലങ്ങൾ

[തിരുത്തുക]

ജൂലൈ 19 ന് ജനറൽ ഹാവെലോക്ക് ബിഥൂറിലേക്ക് സൈന്യവുമായി പോവുകയും, നാനാ സാഹിബിന്റെ കൊട്ടാരം യാതൊരു വിധ എതിർപ്പുകളും നേരിടാതെ പിടിച്ചെടുക്കുകയും ചെയ്തു. ബ്രിട്ടീഷ് സൈന്യം അവിടെയുള്ള സ്വത്തുകൾ കൊള്ളയടിക്കുകയും കൊട്ടാരത്തിനു തീവെക്കുകയും ചെയ്തു.[14]

1857 നവംബറിൽ നാനാ സാഹിബിന്റെ സൈന്യാധിപനായിരുന്ന താന്തിയോ തോപ്പെ, ഒരു ചെറു സൈന്യത്തെ സംഘടിപ്പിച്ച് കാൺപൂർ തിരിച്ചു പിടിക്കാൻ ഒരു ശ്രമം നടത്തുകയുണ്ടായി. നവംബർ പകുതിയോടെ, താന്തിയോ തോപ്പേയും സൈന്യവും കാൺപൂരിന്റെ സുപ്രധാന പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിച്ചുവെങ്കിലും, ജനറൽ കോളിൻ കാംപ്ബെല്ലിന്റെ നേതൃത്വത്തിലുള്ള സൈന്യത്തോട് രണ്ടാം കാൺപൂർ യുദ്ധത്തിൽ പരാജയപ്പെടുകയായിരുന്നു.[15] രണ്ടാം കാൺപൂർ യുദ്ധത്തോടെ, കാൺപൂരിലെ കലാപം അമർച്ചചെയ്യപ്പെട്ടു.[16] ഗ്വാളിയോർ യുദ്ധത്തിൽ ഝാൻസി റാണിയെ സഹായിക്കാൻ താന്തിയോ തോപ്പെ ഗ്വാളിയോറിലേക്കു പുറപ്പെട്ടു.

നാനാ സാഹിബിനെ പിടികൂടുവാൻ ബ്രിട്ടീഷുകാർക്കായില്ല, അദ്ദേഹം യുദ്ധരംഗത്തു നിന്നും പെട്ടെന്ന് എവിടേക്കെന്നില്ലാതെ അപ്രത്യക്ഷനാവുകയായിരുന്നു. 1859 ൽ നാനാ സാഹിബ് നേപ്പാളിലേക്കു പലായനം ചെയ്തു. നാനാ സാഹിബിന്റെ പിന്നീടുള്ള ജീവിതത്തെക്കുറിച്ച് വ്യക്തമായ തെളിവുകളൊന്നും തന്നെ ലഭ്യമല്ല.[17]

സ്മാരകങ്ങൾ

[തിരുത്തുക]

കാൺപൂർ കലാപം അടിച്ചമർത്തിയശേഷം അവിടെ മരിച്ചു വീണവരുടെ സ്മരണക്കായി ബ്രിട്ടീഷുകാർ ഒരു സ്മാരകം പണിതുയർത്തി. ബീബിഘർ കൂട്ടക്കൊലക്കുശേഷം മൃതദേഹങ്ങൾ വലിച്ചെറിഞ്ഞ കിണറിനു സമീപമായിരുന്നു സ്മാരകം നിർമ്മിച്ചത്. സ്മാരക നിർമ്മാണത്തിനായി ഏകദേശം 30000 പൗണ്ട് പ്രദേശവാസികളിൽ നിന്നും ബ്രിട്ടീഷുകാർ ബലമായി പിരിച്ചെടുത്തു. സ്ത്രീകളേയും കുട്ടികളേയും നിഷ്ഠൂരമായി കൊലചെയ്യുമ്പോൾ അവരെ സഹായിക്കാനായി ചെല്ലാതിരുന്നതിനുള്ള ശിക്ഷ എന്ന പേരിലാണ് ഈ തുക അവരിൽ നിന്നും പിരിച്ചത്.[18]

ഇതും കൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. അമരേഷ്, മിശ്ര (2008). വാർ ഓഫ് സിവിലൈസേഷൻ ഇന്ത്യ 1857. രൂപ. ISBN 978-8129112828.
  2. രൺദീപ്, രമേഷ് (24-ഫെബ്രുവരി-2007). "ഇന്ത്യാസ് സീക്രട്ട് ഹിസ്റ്ററി, എ ഹോളോകോസ്റ്റ് വൺ വെയർ മില്ല്യൺസ് ഡിസപ്പിയേഡ്". ദ ഗാഡിയൻ. Archived from the original on 2014-01-24. Retrieved 24-ജനുവരി-2014. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  3. അമരേഷ്, മിശ്ര (2008). വാർ ഓഫ് സിവിലൈസേഷൻ ഇന്ത്യ 1857. രൂപ. ISBN 978-8129112828.
  4. "ദ ഇന്ത്യൻ മ്യൂട്ടിണി". ബ്രിട്ടീഷ്എംപയർ.കോ.യുകെ. Archived from the original on 2012-11-25. Retrieved 24-ജനുവരി-2014. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  5. ഹാരോൾഡ്.ഇ, റോ. വിക്ടോറിയൻസ് അറ്റ് വാർ-1815-1914. എ.ബി.സി.ക്ലിയോ. p. 88. ISBN 978-1576079256.
  6. 6.0 6.1 6.2 6.3 "ദ ഇന്ത്യൻ മ്യൂട്ടിണി". ബ്രിട്ടീഷ്എംപയർ.കോ.യുകെ. Archived from the original on 2012-11-25. Retrieved 25-ഫെബ്രുവരി-2014. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  7. "റിവോൾട്ട് ആന്റ് റിവഞ്ച് എ ഡബിൾ ട്രാജഡി". ചിക്കാഗോ ലിറ്ററി ക്ലബ്. Archived from the original on 2014-01-25. Retrieved 25-ജനുവരി-2014. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  8. റൈറ്റ്, കാലെബ് (1863). ഹിസ്റ്റോറിക് ഇൻസിഡന്റ്സ് ആന്റ് ലൈഫ് ഇൻ ഇന്ത്യ. ജെ.എ.ബ്രെയിനേഡ്. p. 239. ISBN 978-1-135-72312-5.
  9. ഹാരോൾഡ്.ഇ, റോ. വിക്ടോറിയൻസ് അറ്റ് വാർ-1815-1914. എ.ബി.സി.ക്ലിയോ. p. 88. ISBN 978-1576079256.
  10. ജോൺ വില്ല്യം, കെയിൻ. എ ഹിസ്റ്ററി ഓഫ് ദ സിപോയ് വാർ ഇൻ ഇന്ത്യ 1857-1858. ഡബ്ലിയു.എച്ച്.അല്ലൻ & കമ്പനി.
  11. "എക്കോസ് ഓഫ് എ ഡിസ്റ്റൻഡ് വാർ". ദ ഫൈനാൻഷ്യൽ എക്സ്പ്രസ്സ്. 08-ഏപ്രിൽ-2007. Archived from the original on 2014-01-23. Retrieved 23-ജനുവരി-2014. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  12. വില്ല്യം, ബ്രോക്ക് (1858). എ ബയോഗ്രഫിക്കൽ സ്കെച്ച് ഓഫ് സർ.ഹെൻട്രി ഹാവെലോക്ക്. p. 150-152.
  13. ഹിബ്ബർട്ട്, ക്രിസ്റ്റഫർ. ദ ഗ്രേറ്റ് മ്യൂട്ടിണി: ഇന്ത്യ, 1857. പെൻഗ്വിൻ ബുക്സ്, 1980, പുറം. 212. ISBN 0140047522.
  14. പ്രതുൽ ചന്ദ്ര ഗുപ്ത (1963). നാനാ സാഹിബ് ആന്റ് റൈസിംഗ് അറ്റ് കാൺപൂർ. ക്ലാരന്റോൺ പ്രസ്സ്. p. 145.
  15. ശ്യാം, സിങ് (1996). എൻസൈക്ലോപീഡിയ ഇൻഡിക: ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, വോള്യം 100. അൻമോൾ. p. 101. ISBN 978-81-7041-859-7.
  16. ഹിബ്ബർട്ട്, ക്രിസ്റ്റഫർ (1980). ദ ഗ്രേറ്റ് ഇന്ത്യൻ മ്യൂട്ടിണി – ഇന്ത്യ 1857. പെൻഗ്വിൻ. p. 353. ISBN 0-14-004752-2.
  17. റൈറ്റ്, ഡാനിയേൽ (1993). ഹിസ്റ്ററി ഓഫ് നേപ്പാൾ: വിത്ത് ആൻ ഇൻഡ്രൊഡക്ടറി സ്കെച്ച് ഓഫ് ദ കൺട്രി ആന്റ് ദ പ്യൂപ്പിൾ ഓഫ് നേപ്പാൾ. ഏഷ്യൻ എഡ്യുക്കേഷണൽ സർവ്വീസ്. p. 64. ISBN 81-206-0552-7.
  18. "ഏഞ്ചൽ ഓഫ് കാൺപൂർ". ബ്രിട്ടീഷ്എംപയർ.കോ.യുകെ. Archived from the original on 2012-02-05. Retrieved 26-ജനുവരി-2014. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)