ബാലിയിലും ജാവയിലുമുള്ള വിവിധ മതസ്ഥാപനങ്ങളുടെ (ക്ഷേത്രം, ക്രേറ്റൺ കൊട്ടാരം, സെമിത്തേരികൾ) പരിസരങ്ങളിൽ കാണപ്പെടുന്ന മദ്ധ്യത്തിൽ തുറക്കാവുന്ന വാതിൽ സമുച്ചയമാണ് കാൻഡി ബെൻടാർ. ഈ വാതിലിന് ഒരു സ്തൂപത്തിന്റെ രൂപഘടനയുണ്ടായിരിക്കും (ഇന്തോനേഷ്യൻ ഭാഷയിൽ കാൻഡി എന്നാൽ സ്തൂപം എന്നാണർത്ഥം) മദ്ധ്യത്തിൽ വച്ച് രണ്ടുവശത്തേക്കും കൃത്യം പകുതിയായി തുറക്കപ്പെടുന്നു. മദ്ധ്യത്തിൽ അകത്തേക്കുള്ള നടവഴിയുണ്ടായിരിക്കും. ജാവ, ബാലി, ലൊംബോക് എന്നിവിടങ്ങളിലാണ് കാൻഡി ബെൻടാർ കാണപ്പെടുന്നത്.
ഒരു സ്തൂപത്തിന്റെ ഘടനയാണ് കാൻഡി ബെൻടാർ വാതിലുകൾക്ക്. ഇവ മദ്ധ്യത്തിൽ കൃത്യം രണ്ടായി തുറക്കപ്പെടുന്നു. ഈ വാതിലുകൾ ഒരു സമമിതി ഘടന പാലിക്കുന്നു. ഇവയുടെ ചുറ്റുപാടും അനേകം പടികൾ നിറഞ്ഞരൂപഘടന ഉണ്ടായിരിക്കും. ബാലിനീസ് കാൻഡി ബെൻടാറുകൾ അനേകം ചിത്രപ്പണികളാൽ നിറഞ്ഞിരിക്കും. ഇവയുടെ അകംഭാഗം ഒഴുക്കനായിരിക്കും. [1]
ബാലിനീസ് ക്ഷേത്രങ്ങളുടെയും ജാവനീസ് ക്ഷേത്രങ്ങളുടെയും ഒഴിച്ചുകൂടാനാവാത്ത ഭാഗങ്ങളാണ് കാൻഡി ബെൻടാർ, പഡുരക്സ എന്നീ വാതിലുകളും വാതിൽ സമുച്ചയങ്ങളും. ഈ രണ്ടുതരം വാതിലുകളാണ് ഒരു ക്ഷേത്ര സമുച്ചയത്തിലെ ക്ഷേത്രത്തിന്റെ വിവിധ വിശുദ്ധ തലങ്ങൾ തമ്മിൽ വേർതിരിക്കുന്നത്. കാൻഡി ബെൻടാർ ആണ് ക്ഷേത്രത്തിനെ പുറം ലോകവുമായി വേർതിരിക്കുന്ന പ്രവേശന കവാടം. ഇത് ക്ഷേത്രത്തിന്റെ ഏറ്റവും പുറത്തെ തലമായ നിസ്തമണ്ഡലയുടെ പ്രവേശന കവാടത്തിൽ സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന്റെ മദ്ധ്യ മണ്ഡലയും ഏറ്റവും അകത്തെ മണ്ഡലയായ ഉത്തമമണ്ഡലയും തമ്മിൽ വേർതിരിക്കുന്ന വാതിലാണ് പഡുരക്സ. [2]
കാൻഡി ബെൻടാറിന്റെ പ്രതീകാത്മകത സുവ്യക്തമല്ല. ക്ഷേത്രത്തിന്റെയോ കൊട്ടാരത്തിന്റെയോ പ്രൗഢി ജനിപ്പിക്കുക എന്നതായിരിക്കണം ഇതിന്റെ പ്രധാന ഉദ്ദേശം.
13-ാം നൂറ്റാണ്ടിലും 14-ാം നൂറ്റാണ്ടിലു മുള്ള സിഘസരി, മജപഹി കാലഘട്ടത്തിൽ ജാവയിലാണ് കാൻഡി ബെൻടാർ ഉപയോഗിച്ചുകാണുന്നത്. 13-ാം നൂറ്റാണ്ടിൽ കിഴക്കേ ജാവയിലുള്ള കാൻഡി ജാഗോയിലാണ് കാൻഡി ബെൻടാറും പഡുരക്സയും ഉപയോഗിച്ചിരുന്നത്. ഏറ്റവും പഴക്കമുള്ള കാൻഡി ബെൻടാർ ഉള്ളത് 14-ാം നൂറ്റാണ്ടിലെ മജപഹി രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന ട്രോഉലാൻ എന്ന പുരാവസ്തു സ്ഥലത്താണ്. ഇതിന്റെ പേര് ഗോപുര വ്രിൻഗിൻ ലവാങ്ങ് (ജാവനീസിൽ "ബനിയൻ മര വാതിൽ") എന്നാണ്. ഗോപുര വ്രിൻഗിൻ ലവാങ്ങ് ഒരു മജപഹി ക്ഷേത്രത്തിന്റെ രൂപഘടനയിലാണ് ഉള്ളത്. ഇത് രണ്ട് സമമിതമായ പാളികളായി മാറുകയും മദ്ധ്യത്തിൽ നടവഴി സൃഷ്ടിക്കുകയും ചെയ്യുന്നു.
15-ാം നൂറ്റാണ്ടിലെ ഇസ്ലാമിന്റെ വരവിലും കാൻഡി ബെൻടാർ വ്യാപകമായി ഉപയോഗിച്ചിരുന്നുയ സുൽത്താന്റെ കൊട്ടാരമായ കെരാട്ടൺ കസേപുഹാനിലും പൊതുജനത്തിനായുള്ള സഭയിലേക്ക് ഒരു കാൻഡി ബെൻടാർ ഉണ്ടായിരുന്നു. 16-ാം നൂറ്റാണ്ടിലെ മെനാര കുഡുസ് മോസ്കിന് (ജാവയിലെ ഏറ്റവും പഴക്കം ചെന്ന മോസ്കുകളിലൊന്നാണിത്) അതിന്റെ പുറത്ത് ഒരു കാൻഡി ബെൻടാർ ഉണ്ടായിരുന്നു. ഇത് മോസ്കിന്റെ ചുറ്റുപാടുമുള്ള സ്ഥലത്തെക്കുള്ള പ്രവേശനകവാടമായി സ്ഥിതിചെയ്യുന്നു. സെൻഡങ്ങ് ഡുവുറിലുള്ള ( സെൻഡങ്ങ് ഡുവുർ, ലമോങ്കാൻ റീജൻസി, കിഴക്കേ ജാവ) ഒരു മുസ്ലിം സെമിത്തേരി സമുച്ചയത്തിലും കാൻഡി ബെൻടാറും പഡുരക്സയും ഉണ്ട്. ഇവ ആ സെമിത്തേരിയുടെ വിവിധ വിശുദ്ധ തലങ്ങൾ വേർതിരിച്ചുകൊണ്ട് നിലനിൽക്കുന്നു. സുനൻ സെൻഡങ്ങ് ഡുവുറിന്റെ ശവകുടീരമാണ് ഈ സെമിത്തേരിയിലെ ഏറ്റവും വിശുദ്ധ തലം. സുനൻ ഗിരി സെമിത്തേരി സമുച്ചയമാണ് കാൻഡി ബെൻടാർ നിലനിൽക്കുന്ന ജാവയിലെ മറ്റൊരു സെമിത്തേരി സമുച്ചയം.
ആധുനിക കാലത്തും കാൻഡി ബെൻടാറുകളുടെ നിർമ്മാണ് ഇന്തോനേഷ്യൻ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. പ്രധാന റോഡിലേക്കു പൂമുഖം വരുന്ന എല്ലാ വീടുകളുടെയും മുന്നിൽ കാൻഡി ബെൻടാർ നിർമ്മിക്കുന്നത് ഓൾഡ് ബാൻടെൻ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. പടിഞ്ഞാറേ ജാവയിലെ സിറെബോൺ നഗത്തിന്റെ മുഖമുദ്രയായി ചുവന്ന കല്ലിൽ തീർത്ത കാൻഡി ബെൻടാറുകൾ മാറിയിട്ടുണ്ട്. വിവിധ ജനകീയ കെട്ടിടങ്ങളുടെയും പ്രവേശനകവാടങ്ങളിൽ കാൻഡി ബെൻടാർ നിർമ്മിച്ചിട്ടുണ്ട്. ജക്കാർത്തയിലെ സൊയേകാർണെ ഹട്ട അന്താരാഷ്ട്രവിമാനത്താവളത്തിന്റെ പ്രവേശനകവാടത്തിൽ സ്ഥിതിചെയ്യുന്ന ബാലിനീസ് രീതിയിലുള്ള കാൻഡി ബെൻടാർ എന്നിവ ഉദാഹരണം.