ക്വാജാ അബീദ് സിദ്ദിഖിക്ക് മുഗൾ സാമ്രാട്ട് ഷാജഹാൻ നൽകിയ ബഹുമതിയാണ് “കിലിച് ഖാൻ”.ഷാജഹാനേയും ഔറംഗസേബിനേയും വിശ്വസ്തതയോടെ സേവിച്ച കിലിച് ഖാൻ ഔറംഗസേബിൻറെ പ്രമുഖ സേനാനായകനായി. കിലിച് ഖാൻറെ പൗത്രനായ മീർ ഖമറുദ്ദിൻ സിദ്ദിഖിയാണ് അസഫ് ജാ രാജവംശം സ്ഥാപിച്ചതും അസഫ് ജാ ഒന്നാമൻ എന്ന പേരിൽ ആദ്യത്തെ ഹൈദരാബാദ് നിസാമായി പദവിയേറ്റതും.
ക്വാജാ അബീദ് സിദ്ദിഖിയുടെ ജനനം, സമർഖണ്ഡിലെ അഡിലാബാദിലായിരുന്നു. കുടുംബക്കാർ തലമുറകളായി ഇസ്ലാം മതപണ്ഡിതരായിരുന്നെങ്കിലും അബീദ് സിദ്ദിഖി യോദ്ധാവാകാനാണ് തീരുമാനിച്ചത്.
1655- ൽ അബീദ് സിദ്ദിഖി മക്കയിലേക്ക് ഹജ്ജിനു പുറപ്പട്ടു. യാത്ര ഇന്ത്യ വഴിക്കായിരുന്നു. ഷാജഹാനെ കാണുകയായിരുന്നു മുഖ്യ ഉദ്ദേശം. ഈ കൂടിക്കാഴ്ച്ച സിദ്ദിഖിക്ക് വളരെ ഗുണകരമായി ഭവിച്ചു. അബീദ് സിദ്ദിഖിയുടെ കഴിവുകളിൽ മതിപ്പു തോന്നിയ ഷാജഹാൻ, കിലിച് ഖാൻ (ഖഡ്ഗി, വാൾക്കാരൻ ) എന്ന ബഹുമതിയും മേലങ്കിയും സിദ്ദിഖിക്ക് സമ്മാനിച്ചു. കൂടാതെ, ഹജ്ജു കഴിഞ്ഞു തിരിച്ചു വരുമ്പോൾ തൻറെ സ്വന്തം സേവകസംഘത്തിൽ ജോലിയും വാഗ്ദാനം ചെയ്തു.
1658- ൽ ഹജ്ജു കഴിഞ്ഞ് ഹാജി ക്വാജാ അബീദ് സിദ്ദിഖി ഇന്ത്യയിൽ തിരിച്ചെത്തിയപ്പോഴേക്കും ഷാജഹാൻറെ പുത്രന്മാർ തമ്മിൽ സിംഹാസനത്തിനു വേണ്ടിയുളള അവകാശത്തർക്കം മൂർദ്ധന്യത്തിലെത്തിയിരുന്നു. സിദ്ദിഖി ഔറംഗസേബിൻറെ പക്ഷം ചേർന്നു. മേയ് 28, 1658-ൽ സമുഗറിൽ വെച്ച് ഷാജഹാൻറെ മൂത്ത പുത്രനും കിരീടാവകാശിയുമായ ദാരാ ഷിക്കോവിനെതിരായി ഔറംഗസേബും മുറാദ് ബക്ഷും ഒത്തുചേർന്നു നടത്തിയ പോരാട്ടത്തിൽ കിലിച് ഖാൻ നിർണ്ണായക പങ്കു വഹിച്ചു. സന്തുഷ്ടനായ ഔറംഗസേബ് സദ്ര് ഉ സദർ എന്ന ബഹുമതി സമ്മാനിച്ചു. ക്രമേണ ഔറംഗസേബിൻറെ വിശ്വസ്ത സേനാനായകരിലൊരാളായി ഉയരുകയും ചെയ്തു. ഹിന്ദുസ്ഥാൻ മുഴുവനായും സ്വന്തം അധീനതയിലാക്കണമെന്ന ഔറംഗസേബിൻറെ സ്വപ്നം യാഥാർഥ്യമാക്കുന്നതിന് കിലിച് ഖാൻ അനേകം യുദ്ധങ്ങൾ നടത്തി. ഇതിൽ ഏറ്റവും പ്രധാനമായതായിരുന്നു ഡക്കാൻ ദൗത്യം. ഈ ശ്രമത്തിൽ കിലിച് ഖാന്റെ പുത്രൻ സഹാബുദ്ദിൻ സിദ്ദിഖിയും പിതാവിനോടൊപ്പം ഉണ്ടായിരുന്നു.
1687-ൽ ഗോൽക്കൊണ്ട കോട്ട പിടിച്ചെടുക്കാനായി പിതാവും പുത്രനും ചേർന്നു പദ്ധതി ആസൂത്രണം ചെയ്തു. പക്ഷെ ഇതു നടപ്പാക്കുന്നതിനിടയിൽ കിലിച് ഖാന് മാരകമായി മുറിവേറ്റു. അല്പ ദിവസങ്ങൾക്കകം മരിക്കുകയും ചെയ്തു. ഗോൽക്കൊണ്ട കോട്ടക്കു സമീപം ഹിമായത് സാഗർ എന്ന തടാകത്തിനടുത്തായാണ് കിലിച് ഖാൻ അടക്കം ചെയ്യപ്പെട്ടത്.