കിൻദ ഗോത്രം

അറേബ്യയുടെ തെക്കൻ പ്രദേശങ്ങളിൽ നിലനിന്നിരുന്ന ഒരു അറബ് ഗോത്രമാണ് കിൻദ ഗോത്രം ( അറബി: كِنْدَة )

മൂന്നാം നൂറ്റാണ്ട് മുതലേ സബഇയ്യൻ രാജവംശത്തിന്റെ സഹകാരികളായ ബെദൂയിൻ ഗോത്രമായിരുന്ന കിൻദ. തുടർന്ന് വന്ന ഹിമ്യാർ സാമ്രാജ്യത്തിനും ഇവർ സേവനമനുഷ്ഠിച്ചു. അഞ്ചാം നൂറ്റാണ്ടിൽ മആദ് കോൺഫെഡറേഷൻ എന്ന പേരിൽ ഗോത്രങ്ങളെ ഏകീകരിച്ച് കിങ്ഡം ഓഫ് കിൻദ എന്ന ഭരണസംവിധാനം രൂപീകരിച്ചു. ആറാം നൂറ്റാണ്ടിന്റെ പകുതി വരെ ഈ രാജവംശം നിലനിന്നിരുന്നു. അക്കാലത്ത് ആ രാജകുടുംബത്തിലെ മിക്കവരും കൊല്ലപ്പെടുകയോ ഹദ്റമൗത്തിലേക്ക് നാടുകടത്തപ്പെടുകയോ ചെയ്തു. അവരിൽ പലരും യഹൂദ മതം സ്വീകരിച്ചപ്പോൾ അറേബ്യയുടെ മധ്യഭാഗത്തും വടക്കൻ പ്രദേശങ്ങളിലുമുള്ള ഇതേ ഗോത്രക്കാർ ക്രിസ്തുമതം സ്വീകരിച്ചു.

പ്രവാചകൻ മുഹമ്മദിന്റെ ആഗമനത്തോടെ ഇവർ ഇസ്‌ലാം സ്വീകരിച്ചു. പ്രവാചകന്റെ വിയോഗത്തോടെ കിൻദ ഗോത്രക്കാരിലെ ചില പ്രമുഖ കുടുംബങ്ങൾ പുതുതായി വന്ന ഖിലാഫത്തിനെതിരെ വിമതസ്വരമുയർത്തി. അടിച്ചമർത്തപ്പെട്ട ഈ കലാപത്തിനൊടുവിൽ അതിജീവിച്ച ഗോത്ര നേതാക്കൾ പിന്നീട് ഖിലാഫത്തിന് കീഴിൽ സേവനമനുഷ്ഠിച്ചു.