കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | സുള്ളിയ |
നിർദ്ദേശാങ്കം | 12°40′N 75°37′E / 12.66°N 75.61°E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | നാഗരൂപത്തിലുള്ള സുബ്രഹ്മണ്യൻ |
ആഘോഷങ്ങൾ | ഷഷ്ഠി |
ജില്ല | ദക്ഷിണ കന്നഡ ജില്ല |
സംസ്ഥാനം | കർണാടകം |
രാജ്യം | ഇന്ത്യ |
കർണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുബ്രഹ്മണ്യ എന്ന ഗ്രാമത്തിലാണ് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം (തുളു/കന്നഡ:ಕುಕ್ಕೆ ಸುಬ್ರಹ್ಮಣ್ಯ ದೇವಾಲಯ) സ്ഥിതിചെയ്യുന്നത്. കാർത്തികേയൻ എന്നറിയപ്പെടുന്ന സുബ്രഹ്മണ്യനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഗരുഡന്റെ ഭീഷണിയെത്തുടർന്ന് ദിവ്യ സർപ്പമായ വാസുകിയും മറ്റ് സർപ്പങ്ങളും സുബ്രഹ്മണ്യന്റെ കീഴിൽ അഭയാർഥികളായെത്തിയതായി പുരാണങ്ങൾ സൂചിപ്പിക്കുന്നു. മധ്വാചാര്യരുടെ തന്ത്രസാരസംഗ്രഹം പ്രകാരമാണ് ക്ഷേത്രത്തിലെ പൂജകളും മറ്റ് ദിനചര്യകളും നടത്തുന്നത്.[1]
കർണാടകയിലെ പശ്ചിമഘട്ട മലനിരകളിലാണ് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തെ മറികടന്ന് കുമാര പാർവതത്തിലെ പ്രശസ്തമായ മലനിരകളും കാണാം. ദക്ഷിണേന്ത്യയിലെ ട്രക്കിംഗ് സഞ്ചാരികൾക്ക് പ്രശസ്തമായ ഒരു മലകയറ്റം ആണിത്. ഖട്സിലെ പടിഞ്ഞാറൻ ചരിവുകളിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇടതൂർന്ന വനങ്ങളാൽ സമ്പന്നമാണ് ഈ ക്ഷേത്രം.
ദക്ഷിണ കന്നഡയിലെ സുള്ള്യ താലൂക്കിലാണ് സുബ്രഹ്മണ്യ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഒരു വന്യജീവി സങ്കേതവും ഇവിടെയുണ്ട്. ഗ്രാമത്തിന്റെ ഹൃദയഭാഗത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നദികൾ, വനങ്ങൾ, പർവതങ്ങൾ എന്നിവയെല്ലാം ചേർന്നിരിക്കുന്ന ഇവിടെ പ്രകൃതിയുടെ മനോഹാരിതയെല്ലാം ദർശിക്കാവുന്നതാണ്. ഇവിടേക്ക് മംഗലാപുരത്തുനിന്നും ഏകദേശം 105 കിലോമീറ്റർ ദൂരമുണ്ട്. ട്രെയിൻ, ബസ്, ടാക്സി എന്നിവയാൽ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം. മുമ്പ് സുബ്രഹ്മണ്യം കുക്കെ പട്ടണ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ശ്രീ ശങ്കരാചാര്യൻ തന്റെ മതപരമായ സഞ്ചാരത്തിനിടയിൽ (ദിഗ്വിജയ) കുറച്ചു ദിവസങ്ങൾ ഇവിടെ ക്യാമ്പിലുണ്ടായിരുന്നു എന്ന് ശങ്കരാചാര്യൻ ശങ്കരവിജയ ആനന്ദഗിരിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സുബ്രഹ്മണ്യ ഭുജംഗപ്രയാത സ്തോത്രത്തിൽ 'ഭജേ കുക്കെ ലിംഗം' എന്ന പേരിൽ ശങ്കരാചാര്യർ ഈ സ്ഥലത്തെ പരാമർശിക്കുന്നുണ്ട്. സ്കന്ദപുരാണത്തിലെ സനത്കുമാര സംഹിതയിൽ അടങ്ങിയിരിക്കുന്ന സഹ്യാദ്രിഖണ്ഡത്തിലെ 'തീർഥക്ഷേത്ര മഹിമാനിപുരാണ' അദ്ധ്യായത്തിൽ ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. കുമാരമലയിൽ നിന്നും ആരംഭിക്കുകയും പടിഞ്ഞാറൻ കടലിലെത്തുകയും ചെയ്യുന്ന കുമാരധാര നദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.