ഒരു മലയാളചലച്ചിത്ര അഭിനേതാവാണ് കുഞ്ചാക്കോ ബോബൻ (ജനനം: 1976 നവംബർ 2). 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ഇദ്ദേഹം അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
1981-ൽ പിതാവായ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു. ഫാസിൽ തന്നെ സംവിധാനം ചെയ്ത് 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് ആയിരുന്നു നായകനായി അഭിനയിച്ച ആദ്യ ചിത്രം. ബാലതാരമായി മലയാള സിനിമകളിൽ അഭിനയിച്ചിരുന്ന ശാലിനി നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു അത്. ആ ചിത്രത്തിലെ സുധി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചത്.
രണ്ടാമത്തെ ചിത്രമായ നക്ഷത്രതാരാട്ട് കാര്യമായ വിജയം നേടിയില്ലെങ്കിലും കുഞ്ചാക്കോയുടെ താരമൂല്യം കുറഞ്ഞില്ല. കമൽ സംവിധാനം ചെയ്ത നിറം വാണിജ്യവിജയം കൈവരിച്ചു. പിന്നീട് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ പല ചിത്രങ്ങളും കാര്യമായ നേട്ടം കൊയ്തില്ല. ദോസ്ത്, നരേന്ദ്രൻ മകൻ ജയകാന്തൻ വക, കസ്തൂരിമാൻ, സ്വപ്നക്കൂട് എന്നിവയായിരുന്നു ഈ കാലഘട്ടത്തിലെ കുഞ്ചാക്കോ ബോബന്റെ വിജയചിത്രങ്ങൾ. 2004-ൽ പുറത്തിറങ്ങിയ ഈ സ്നേഹതീരത്ത് എന്ന ചിത്രത്തിലെ ഉണ്ണി എന്ന കഥാപാത്രം കുഞ്ചാക്കോ ബോബന് ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ പ്രത്യേക ജൂറി പുരസ്കാരം നേടിക്കൊടുത്തു.
2005-ൽ വിവാഹിതനായ അദ്ദേഹം റിയൽ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. 2006-ൽ കിലുക്കം കിലു കിലുക്കം എന്ന ചിത്രത്തിൽ മാത്രം അഭിനയിച്ച അദ്ദേഹം 2007-ൽ ചലച്ചിത്രരംഗത്ത് നിന്ന് പൂർണ്ണമായി വിട്ടുനിന്നു. 2008-ൽ ലോലിപോപ്പ് എന്ന ഷാഫി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചുവന്ന അദ്ദേഹം 2010-ഓടെ ചലച്ചിത്രരംഗത്ത് വീണ്ടും സജീവമായി. 2010-ൽ ലാൽ ജോസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലെ പാലുണ്ണി എന്ന കഥാപാത്രം വളരെയധികം പ്രേക്ഷകപ്രശംസ നേടി. 2011 ഇനു ശേഷം കുഞ്ചാക്കോ ബോബനെ സംബന്ധിച്ച് മികച്ച കാലഘട്ടമാണ്. അദ്ദേഹം പ്രധാനവേഷങ്ങൾ അവതരിപ്പിച്ച ട്രാഫിക്, സീനിയേഴ്സ്, ത്രീ കിംഗ്സ്, സെവൻസ്, ഡോക്ടർ ലൗ എന്നീ ചിത്രങ്ങൾ സാമ്പത്തിക വിജയം നേടി. 2012-ൽ പുറത്തിറങ്ങിയ ഓർഡിനറി[1], മല്ലൂസിംഗ് എന്നീ ചിത്രങ്ങളും മികച്ച വിജയം നേടി.2013 ൽ പുറത്തിറങ്ങിയ റോമൻസ് എന്ന ചലച്ചിത്രം വൻ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.[2].11 ആഗസ്റ്റ് 2022 ൽ റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രമായ ന്നാ താൻ കേസ് കൊട് ന് ബോക്സ് ഓഫീസിൽ നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
കുട്ടനാട്ടിലെപുളിങ്കുന്നിൽ നിന്ന് ആലപ്പുഴയിലേക്ക് കുടിയേറി ഉദയാ സ്റ്റുഡിയോ സ്ഥാപിച്ച്, ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന മാളിയംപുരക്കൽ കുഞ്ചാക്കോയുടെ ചെറുമകനാണ് കുഞ്ചാക്കോ ബോബൻ. നടനും സംവിധായകനും നിർമ്മാതാവും വിതരണക്കാരനുമൊക്കെയായി സിനിമയിൽ സജീവ സാന്നിധ്യമറിയിച്ച ബോബൻ കുഞ്ചാക്കോയുടെയും മോളിയുടെയും മകൻ. രണ്ട് സഹോദരിമാർ അദ്ദേഹത്തിനുണ്ട്. 2005 ഏപ്രിൽ 2-ന് തന്റെ കാമുകിയായ പ്രിയ ആൻ സാമുവേലിനെ അദ്ദേഹം വിവാഹം ചെയ്തു. പതിനാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ 2019 ഏപ്രിൽ 17-ന് ഇവർക്ക് ഒരു മകൻ ജനിച്ചു. ഇസ്ഹാക്ക് എന്നാണ് മകന്റെ പേര്.