തൃശൂർ, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടി. തൃശൂർ നഗരത്തിനു ചുറ്റുമുള്ള ദേശക്കാർ ഓണത്തോടനുബന്ധിച്ച് ആഘോഷിക്കുന്നു. പാലക്കാട്, വയനാട് ജില്ലകളുടെ ചില ഭാഗങ്ങളിൽ കുമ്മാട്ടി ദേവപ്രീതിക്കായും വിളവെടുപ്പിനോട് അനുബന്ധിച്ചും ആഘോഷിക്കുന്നുണ്ട്. ഈ ഭാഗങ്ങളിൽ ഓണത്തപ്പനെ വരവേൽക്കാനായും കുമ്മാട്ടി ആഘോഷിക്കുന്നുണ്ട്.
കാലദോഷം തീർക്കാനും കുട്ടികളെ ആഹ്ലാദിപ്പിച്ച് അവർക്ക് നന്മനേരാനുമെത്തുന്ന കുമ്മാട്ടിക്കൂട്ടങ്ങൾക്ക് പിന്നിലെ ഐതിഹ്യം ശിവനും അർജ്ജുനനുമായി ബന്ധപ്പെട്ടതാണ്.[1]
പാണ്ഡവരുടെ വനവാസകാലത്ത് യുധിഷ്ഠിരൻ അനുജനായ അർജ്ജുനനോട് ശത്രുസംഹാരത്തിനായി വിശിഷ്ട ആയുധങ്ങൾ തപസുചെയ്ത് നേടാൻ നിർദ്ദേശിച്ചു. അതനുസരിച്ച് അർജ്ജുനൻ ഹിമാലയത്തിലെത്തി ദേവേന്ദ്രൻ, ശിവൻ, യമൻ, വരുണൻ എന്നീ ദേവൻമാരെ കണ്ട് വരം സ്വന്തമാക്കി. ഇതിൽ ശിവനെ പ്രത്യക്ഷപ്പെടുത്താൻ കഠിനമായ തപസ്സു ചെയ്യേണ്ടിവന്നു. ശിവന്റെ പക്കലുള്ള പാശുപതാസ്ത്രമായിരുന്നു അർജ്ജുൻ വരമായി ആഗ്രഹിച്ചത്. എന്നാൽ ഈ വരം നല്കുന്നതിന് മുമ്പായി അർജ്ജുനന്റെ സാമർഥ്യം പരീക്ഷിക്കാൻ ശിവൻ തിരുമാനിച്ചു. അതിനു ശേഷം മാത്രമേ അസ്ത്രദാനം നല്കൂ എന്ന് നിശ്ചയിച്ചു.
ശിവൻ കാട്ടാളരൂപം ധരിച്ച് അർജ്ജുനന്റെ മുമ്പിലെത്തി. പാർവ്വതി കാട്ടാളത്തിയുമായി. മായാവിദ്യയിലൂടെ ഒരു കാട്ടുപന്നിയെ സമാധിസ്ഥനായ അർജ്ജുനന്റെ മുമ്പിലൂടെ ഓടിച്ചു. പെട്ടെന്ന് കണ്ണുതുറന്ന അർജ്ജുനൻ വില്ലുകുലച്ച് പന്നിയ്ക്ക് പിന്നാലെ ഓടി. കിരാതരൂപിയായ ശിവൻ മറ്റൊരു വഴിയിലൂടെ പന്നിയെ പിന്തുടർന്നു. ഒരിടത്ത് വച്ച് ഇരുവരും വില്ലുകുലയ്ച്ചു. രണ്ട് ശരങ്ങളും ഒരേ സമയം പന്നിയുടെ ദേഹത്ത് പതിച്ചു. പ്രാണവേദനകൊണ്ട് പുളഞ്ഞ് പന്നി ചത്തുവീണു. താനയച്ച അമ്പാണ് ആദ്യം പന്നിയ്ക്ക് മേൽ കൊണ്ടെതെന്ന് പറഞ്ഞ് അർജ്ജുനൻ പന്നിയ്ക്ക് മേൽ അവകാശവാദം ഉന്നയിച്ചു. ആ വാദത്തെ ഖണ്ഡിച്ച് കിരാതനും അവകാശവാദമുന്നയിച്ചു. തർക്കം മുറുകിയപ്പോൾ തങ്ങളിൽ ആരാണ് കേമൻ എന്ന് യുദ്ധത്തിലൂടെ തിരുമാനിക്കാം എന്ന ധാരണയിലെത്തി.
അല്പസമയത്തിനകം അവിടം ഒരു യുദ്ധഭൂമിയായി. തുല്യശക്തികളായ ശിവനും അർജ്ജുനനും തമ്മിൽ പൊരിഞ്ഞ യുദ്ധം നടന്നു. ദിവ്യാസ്ത്രങ്ങൾ പ്രയോഗിച്ച് തങ്ങളുടെ കഴിവുകൾ കാട്ടി. ഏറെ നേരം നീണ്ടയുദ്ധത്തിനൊടുവിൽ അർജ്ജുനൻ നിരായുധനും നിസ്സഹായനുമായി. കേവലമൊരു കാട്ടാളനോട് അടിയറവുപറയേണ്ടിവന്നതിൽ അർജ്ജുനൻ ദുഃഖിച്ചു. പെട്ടെന്ന് ശിവൻ കിരാതരൂപം വെടിഞ്ഞ് സ്വരൂപം കൈക്കൊണ്ട് അർജ്ജുനനെ അനുഗ്രഹിച്ചു. വിഷമിക്കേണ്ടതില്ല. കിരാതരൂപത്തിൽ വന്ന് നിന്നെ പരീക്ഷിക്കുകയായിരുന്നു എന്നും പരീക്ഷണത്തിൽ അർജ്ജുനൻ വിജയിച്ചു എന്നും പറഞ്ഞ് ദിവ്യശ്കതിയുള്ള പാശുപതാസ്ത്രം സമ്മാനിച്ചു.
അർജ്ജുനൻ ആദരപൂർവ്വം പാശുപതാസ്ത്രം വാങ്ങി ശിവനെ നമസ്കരിച്ചു. അപ്പോഴേയ്ക്കും ശിവന്റെ അസംഖ്യം ഭൂതഗണങ്ങൾ അവിടെയെത്തി. അവർ ശിവനേയും പാർവ്വതിയേയും സന്തോഷിപ്പിക്കാൻ അമ്പും വില്ലും കൊട്ടി നൃത്തം ചെയ്തു. അനന്തരം ശിവനും പാർവ്വതിയും അപ്രത്യക്ഷരായി.
വളരെ കാലത്തിന് ശേഷം ശിവൻ പാർവ്വതീസമേതനായി തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിൽ കുടികൊണ്ടു. ഭൂതഗണങ്ങളുടെ പഴയ നൃത്തവും പാട്ടും ഒരിക്കൽ കൂടി കേൾക്കണമെന്ന് പാർവ്വതിക്ക് മോഹമുണ്ടായി. ആ നിമിഷം ഭൂതഗണങ്ങളെ വരുത്തി നൃത്തം ചെയ്യാനാവശ്യപ്പെട്ടു. താളാത്മകമായ പാട്ടും നൃത്തവും ഭഗവതിക്ക് ഏറെ ഇഷ്ടപ്പെട്ടു. നൃത്തം തീർന്നതും പാർവ്വതി ഭൂതഗണങ്ങൾക്ക് പട്ടും വളയും സമ്മാനിച്ചു. അതിന് ശേഷം ശിവൻ ഭൂതഗണങ്ങളോട് ഇങ്ങനെ നിർദ്ദേശിച്ചു. "ഏറെ ഹൃദ്യമായ നിങ്ങളുടെ ആട്ടവും പാട്ടും ചെയ്ത് നിങ്ങൾ ജനങ്ങളെ സന്തോഷിപ്പിക്കണം. ഒരു കാലത്തും വിസ്മരിക്കാതെ അവർ ഈ കലയെ സംരക്ഷിച്ചുകൊള്ളും. ഓണക്കാലത്ത് എന്റെ പ്രിയഭക്തനായ മഹാബലി കേരളീയരെ കാണാനായി ഇവിടെയെത്തും. അപ്പോൾ നിങ്ങൾ ഭക്തരുടെ ഭവനങ്ങൾ സന്ദർശിച്ച് നൃത്തവും പാട്ടുംകൊണ്ട് അവരെ ആനന്ദിപ്പിക്കണം." അങ്ങനെയാണ് കുമ്മാട്ടിക്കളിയ്ക്ക് തൃശ്ശൂരിലും പരിസരങ്ങളിലും പ്രചാരമുണ്ടായതെന്ന് ഐതിഹ്യം.
കുനിശ്ശേരി പൂക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടി മഹോത്സവത്തിനു പിന്നിലും ഒരു ഐതിഹ്യമുണ്ട്.
കോഴിക്കോട്ടെ സാമൂതിരി രാജാവ് തന്നെ കരുത്തുറ്റ സൈന്യത്തെ ഉപയോഗിച്ച് സമീപപ്രദേശങ്ങലെല്ലാം കീഴടക്കി. സാമൂതിരിയുടെ ശക്തിയിൽ മിക്ക രാജ്യങ്ങളും വീണ് രാജ്യവിസ്ത്രതി പലമടങ്ങ് വർദ്ധിച്ചു. സാമൂതിരിപ്പടയെ ചെറുക്കാനാവാതെ മിക്കരാജാക്കന്മാരും പാലായനം ചെയ്തു. ഇതൊന്നും മതിയാവാതെ സാമൂതിരി കുനിശ്ശേരിയിലേയ്ക്ക് പടനയിച്ചു. കുനിശ്ശേരിയിലെ നാടുവാഴി ധീരനും സാഹസികനുമായതിനാൽ അടിയറവ് പറയാതെ പൊരുതാൻ തിരുമാനിച്ചു. ഉശിരുള്ള ഭടന്മാരും നാട്ടുകാരും ഒന്നടങ്കം നാടുവാഴിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. കുനിശ്ശേരി സൈന്യവും സാമൂതിരിപ്പടയും തമ്മിൽ രൂക്ഷയുദ്ധം നടന്നു. മൂന്നുനാലുദിവസം കഴിഞ്ഞിട്ടും സാമൂതിരിപ്പടയ്ക്ക് പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞില്ല. ഇത് സാമൂതിരിയെ അമ്പരപ്പിച്ചു. ഒരു ജോതിഷിയെ വരുത്തി പ്രശ്നം വെപ്പിച്ചുനോക്കി, കവടിനിരത്തി കണക്കുകൂട്ടി ജോതിഷി പറഞ്ഞു കുനിശ്ശേരിരാജ്യത്തെ കാക്കുന്നത് ശക്തയായ പൂക്കുളത്തമ്മയാണ്. അമ്മയുടെ അദൃശ്യശക്തിയ്ക്കുമുമ്പിൽ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. ദേവിയെ ശരണം പ്രാപിയ്ക്കുകയേ രക്ഷയുള്ളൂ.
ഒരു നാട്ടുരാജ്യത്തോട് തോറ്റുമടങ്ങുക എന്നത് നാണക്കേടാണെന്ന് കൂടുതൽ ചിന്തിച്ച് സാമൂതിരിയ്ക്ക് തോന്നി. ഇതുവരെ പരാജയമറിഞ്ഞിട്ടില്ലാത്ത താൻ തോറ്റ് പിന്മാറിപ്പോയാൽ പ്രജകൾ തന്നെ വിലവയ്ക്കില്ലെന്ന് തോന്നി. അഭിമാനം കാക്കാനായി ആ രാത്രി സാമൂതിരി പൂക്കുളത്തിയമ്മയുടെ നടയിലെത്തി ഉള്ളൂചുട്ട് പ്രാർഥിച്ചു. തന്റെ അഭിമാനം കാക്കണമെന്നും കുനിശ്ശേരിപ്പടയോട് കനിയരുതെന്നും അപേക്ഷിച്ചു. നാളെ യുദ്ധം തോറ്റാൽ ഈ നടയിലെത്തി ശിരസ്സു ഛേദിയ്ക്കുമെന്നും ജയിച്ചാൽ അമ്മയ്ക്ക് മതിവരോളം പൂജകളും നിവേദ്യങ്ങളും നടത്താം എന്നും പ്രാർഥിച്ചു.
രാജാവിനോട് പൂക്കുളത്തിയമ്മയ്ക്ക് സഹതാപം തോന്നി. സാമൂതിരിയുടെ അപേക്ഷകേട്ട് കുനിശ്ശേരിപ്പടയ്ക്കു് നേരെ ഭഗവതി കണ്ണടച്ചു. ഇത് അവരുടെ സൈന്യത്തെ നിഷ്ക്രിയരാക്കി. നിമിഷങ്ങൾക്കൊണ്ട് സാമൂതിരിപ്പട കുനിശ്ശേരിസേനയെ കീഴടക്കി. പൂക്കുളത്തിയമ്മ സ്വന്തം നാടിനെ ഒറ്റിക്കൊടുത്തു. പരാജയം ഉറപ്പായ നാടുവാഴി വജ്രം വിഴുങ്ങി ആത്മഹത്യചെയ്തു.
തന്നെ സഹായിച്ചതിന് നന്ദിസൂചകമായി സാമൂതിരി എല്ലാവർഷവും പൂക്കുളത്തിയമ്മയുടെ പിറന്നാളാഘോഷത്തിന് കുനിശ്ശേരി സന്ദർശ്ശിച്ചു. ആ ആഘോഷം പിന്നീട് കുമ്മാട്ടി മാമാങ്കം എന്നറിയപ്പെട്ടു. ഒരു വർഷം ദേഹാസ്വാസ്ഥ്യം മൂലം സാമൂതിരിയ്ക്ക് ഉത്സവത്തിന് എത്താനായില്ല. പകരം ഒരു ഒടിയനെ തന്റെ വേഷത്തിൽ കുനിശ്ശേരിയ്ക്കയച്ചു. ഒടിയൻ ഭഗവതിയുടെ തിരുനടയിലെത്തി ഉത്സവത്തിൽ സംബന്ധിച്ചു. പക്ഷേ പൂക്കുളത്തമയ്ക്ക് സാമൂതിരിയുടെ ഈ ആൾമാറാട്ടം കണ്ടുപിയ്ക്കാൻ പറ്റിയിട്ടില്ലെന്നത് കൗതുകകരമാണ്.
പുല്ലിൽ നെയ്ത വസ്ത്രം ധരിച്ചാണ് കുമ്മാട്ടിക്കളിക്കാർ ചുവടു വക്കുന്നതു്.[2] കുമ്മാട്ടിക്കളിക്കാർ വീടുകൽ കയറിയിറങ്ങി ജനങ്ങളെ പ്രീതിപ്പെടുത്തി ഉപഹാരങ്ങൾ സ്വീകരിക്കും. ചെണ്ടയാണ് പ്രധാന പിന്നണി വാദ്യം. കൂടാതെ തകിൽ,ചേങ്ങില, നാദസ്വരം എന്നിവയും ഉപയോഗിക്കുന്നു.
കുമ്മാട്ടികൾക്ക് ഭംഗിയുള്ള മുഖംമൂടിയാണ് ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളിൽ കമുകിൻപാളകളായിരുന്നു മുഖാവരണത്തിന് ഉപയോഗിച്ചിരുന്നത്. പക്ഷേ ഇന്ന് കമുകിൻപാളകൾക്ക് ക്ഷാമം അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് ഇപ്പോൾ മുരിക്ക് പോലെയുള്ള ഭാരം കുറഞ്ഞ തടി ഉപയോഗിച്ചാണ് മുഖംമൂടി ഉണ്ടാക്കുന്നത്. ഒറ്റമുഖത്തിന് പതിനഞ്ച് കിലോയോളം തൂക്കം വരും.മുമ്പ് പാളയിൽ കരിയും ചെങ്കല്ലും ഉപയോഗിച്ച നിറങ്ങളാണെങ്കിൽ ഇന്ന് നിറങ്ങൾക്കും മാറ്റം സംഭവിച്ചിരിക്കുന്നു. പണ്ട് പ്രകൃതി ദത്തമായ നിറങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. ഇന്ന് അതിൻറെ സ്ഥാനത്ത് സാധാരണ നിറങ്ങൾ ഉപയോഗിക്കുന്നു.ശിവൻ,ഹനുമാൻ, സുഗ്രീവൻ,ബാലി, അപ്പൂപ്പൻ,അമ്മൂമ്മ, കാട്ടാളൻ, കാലൻ, ഗരുഡൻ, ഗണപതി, കാളി, തെയ്യം, ശ്രീകൃഷ്ണൻ, ബ്രഹ്മാവ്, തള്ള എന്നിങ്ങനെയാണ് പ്രധാന വേഷങ്ങൾ.
പല കുമ്മാട്ടിസംഘങ്ങളും പൈതൃകമായി ലഭിച്ച മുഖം മൂടികളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പ്ലാവിന്റെ വേര് നെല്ലിലും എണ്ണയിലും ഇട്ട് പുഴുങ്ങി സ്ഫുടം ചെയ്താണ് പരമ്പരാഗതമായി കുമ്മാട്ടി മുഖങ്ങൾ നിർമ്മിച്ചിരുന്നത്.കാരപ്പുറത്ത് രാമൻ നായരും മാധവൻ നായരും ഗോവിന്ദൻകുട്ടി നായരുമാണ് ഈ മുഖങ്ങളുടെ ശിൽപികൾ. എന്നാൽ ഇന്ന് മൂന്ന് മാസത്തിലേറെ സമയമെടുത്ത് കുമിഴിന്റെ തടി കടഞ്ഞെടുത്താണ് പുതിയ കുമ്മാട്ടി മുഖങ്ങൾ തീർക്കുന്നത്. പതിനായിരം മുതൽ ഇരുപതിനായിരം വരെ ഇതിന് ചെലവാകുന്നു.[അവലംബം ആവശ്യമാണ്]
ശരീരം മുഴുവനും കുമ്മാട്ടിപ്പുല്ല് (പർപ്പിടകപ്പുല്ല്),വാഴയില ഇവയിൽ ഏതെങ്കിലും വച്ച് കെട്ടി ചെണ്ടയുടെ താളത്തിനൊത്താണ് കുമ്മാട്ടികൾ കളിക്കുക. ദേഹമാസകലം പുല്ലുകൊണ്ട് മൂടി പേടിപ്പിക്കുന്ന രൂപത്തിലാണ് കുമ്മാട്ടികൾ വരുക. ആറരയടിയുള്ള ഒരാൾക്ക് കുമ്മാട്ടിവേഷം കെട്ടാൻ ഏകദേശം ഒരു കിന്റൽ പുല്ലുവേണ്ടിവരും എന്നാണ് ശരാശരി കണക്ക്[അവലംബം ആവശ്യമാണ്]. ഓണമാവാറായൽ കുമ്മാട്ടിസംഘങ്ങളുടെ പ്രഥമ ജോലി എന്നത് കുമ്മാട്ടിപ്പുല്ലുള്ള സ്ഥലങ്ങൾ തേടിപ്പിടിയ്ക്കുക എന്നതാണ്. കുമ്മാട്ടികളിയുടെ നിലനില്പ്പ് തന്നെ ഈ കുമ്മാട്ടിപ്പുല്ലിനെ ആശ്രയിച്ചാണ് എന്ന് പറയാം. കുമ്മാട്ടിപ്പുല്ല് ഔഷധഗുണമുള്ളതാണ്. ഇത് ശരീരത്തോട് ചേർത്ത് കെട്ടുമ്പോൾ സുഗന്ധമുണ്ടാകുന്നു. അത് കൂടുതൽ ഓക്സിജൻ പ്രവഹിപ്പിക്കും. മണിക്കൂറുകളോളം കുമ്മാട്ടിക്കളിയിൽ വേഷം കെട്ടണമെങ്കിൽ ഈ പുല്ല് അതുകൊണ്ട് അത്യാവശ്യമാണ്. മറ്റ് സാധാരണപുല്ലാണ് കെട്ടുന്നതെങ്കിൽ വരിഞ്ഞുമുറുക്കി കെട്ടിയാൽ ശ്വാസം വിടാൻ തന്നെ പ്രയാസമാണെന്നതിനോടൊപ്പം അസഹ്യമായ ചൊറിച്ചിലും ഉണ്ടാകുന്നു.
തൃശ്ശുർ ജില്ലയിലെ കുമ്മാട്ടിപ്പുല്ല്ല് കിട്ടാതെ വന്നാൽ അതിന്റെ അന്വേഷണം സമീപജില്ലയിലേയ്ക്കും വ്യാപിപ്പിക്കുന്നു. സമീപകാലങ്ങളിൽ ഈ ചെടി ലഭിക്കാൻ തമിഴ്നാട് വരെ ചില സംഘങ്ങൾക്ക് പോകേണ്ടിവന്നിട്ടുണ്ട്. സാധാരണ വെട്ടുകല്ലുള്ള പ്രദേശത്ത് ഈർപ്പം കുറഞ്ഞിടത്താണ് ഈ പുല്ല് കാണുന്നത്. ചുവന്ന മണ്ണിലും ഇവ നന്നായി വളരും. ഗ്രാമങ്ങളിൽ കുന്നിടിച്ചൽ വ്യാപകമായതോടെ കുമ്മാട്ടിപ്പുല്ല് അപ്രത്യക്ഷമായി തുടങ്ങി. സ്വതേ ഈ പുല്ല് കൃത്രിമമായി വച്ചു പിടിപ്പിയ്ക്കുക എളുപ്പമല്ല. പാടത്ത് സാധാരണ കാണുന്ന കുമ്മാട്ടിപുല്ലിനോട് സാദൃശ്യമുള്ള പട്ടിപ്പുല്ല് കുമ്മാട്ടി കെട്ടാൻ ചില സംഘങ്ങൾ ഉപയോഗിക്കാറുണ്ടെങ്കിലും ചൊറിച്ചിൽ കൂടുതലാണ്.
ദൂരെയുള്ള സ്ഥലങ്ങളിൽ നിന്ന് ഒരാഴ്ചമുമ്പ് തന്നെ പുല്ലുകൾ എത്തിയ്ക്കും. ചിലത് കുഴിച്ചിടും. ഓടിന്മേൽവെച്ച് വെള്ളം സ്പ്രെ ചെയ്ത് പച്ചപ്പ് സൂക്ഷിക്കാം. ഇങ്ങനെ ചെയ്താൽ നാല് ദിവസം വരെ പുല്ല് വാടാതിരിയ്ക്കും.
പുല്ല് അങ്ങോട്ടുമിങ്ങോട്ടും പിരിച്ച് വെച്ച് ഒരു പ്രത്യേകതരത്തിലാന് കുമ്മാട്ടി വേഷം കെട്ടുക.
തൃശ്ശുരിലെ കിഴക്കുമ്പാട്ടുകര കുമ്മാട്ടിയാണ് ഏറ്റവും പ്രധാനം. തിരുവോണം മുതൽ ചതയം വരെയുള്ള മൂന്നു നാളുകളിൽ നടക്കുന്ന ആഘോഷത്തിൽ അമ്പതോളം കുമ്മാട്ടികൾ പങ്കെടുക്കും. കിഴക്കുമ്പാട്ടുകരയെ കുമ്മാട്ടിക്കളിയുടെ ഈറ്റില്ലം എന്ന് വിശേഷിപ്പിക്കുന്നു.[3] തൃശ്ശൂർ നഗരത്തിന് ചുറ്റുമായി അസംഖ്യം കുമ്മാട്ടി സംഘങ്ങൾ ഇന്നും സജീവമായുണ്ട്. നാലോണത്തിന് ഉള്ള പുലിക്കളിയുടെ അത്രതന്നെ പ്രാധാന്യമുള്ളവയാണ് ഇവിടുത്തെ കുമ്മാട്ടിക്കളിയും.
പാലക്കാട് ജില്ലയിലെ കുനിശ്ശേരി പൂക്കുളങ്ങര ഭഗവതീക്ഷേത്രത്തിൽ കുമ്മാട്ടി ഉത്സവമുണ്ട്. വർഷാവർഷം മീനത്തിലെ പുണർതം നാളിലാണ് പൂക്കുളത്തിയുടെ പിറന്നാൾ എന്നറിയപ്പെടുന്ന ഉത്സവം നടക്കുന്നത്. ഇതോടനുബന്ധിച്ചുള്ള കുമ്മാട്ടിക്കളിയും ശ്രദ്ധേയമാണ്. ഉത്സവത്തലേന്ന് കണ്യാർ കളി നടക്കും. നെറ്റിപ്പട്ടം കെട്ടിയ പത്ത് ഗജവീരന്മാരുടെ ഉത്സവ ഘോഷയാത്രയും നടക്കും. ഇവിടെ കുമ്മാട്ടിയെ കാണാൻ ആയിരക്കണക്കിന് ആളുകൾ എത്താറുണ്ട്. പാലക്കാട് കല്ലേപ്പള്ളി ഉത്സവകുമ്മാട്ടി ആഘോഷവും ഒരുപാട് പേരുകേട്ടതാണ്.
നിലനില്പിന് ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കലാരൂപമാണ് ഇന്ന് കുമ്മാട്ടിക്കളി. വളരെ ചിലവേറിയ കുമ്മാട്ടിക്കളിയ്ക്ക് അർഹമായ സാമ്പത്തിക സഹായം ലഭിക്കാത്തത് മൂലവും പുലിക്കളിയ്ക്ക് അമിത പ്രാധാന്യം കല്പിക്കുന്നത് കൊണ്ടും ഈ കലാരൂപം ഇന്ന് പ്രതിസന്ധിയിലാണ്.[4] കുമ്മാട്ടിപ്പുല്ലിന്റെ ക്ഷാമവും[5] അത് അന്യനാടുകളിൽ നിന്ന് കണ്ടെത്താനുള്ള വിഷമവും പണച്ചെലവും വളരെയധികമാണ്. 50 കുമ്മാട്ടികൾ അണിനിരക്കുന്ന വടക്കുംമുറി കിഴക്കുംപാട്ടുകര തുടങ്ങി കിഴക്കുപാട്ടുകര തെക്കുംമുറി, മുക്കാട്ടുകര ദേശകുമ്മാട്ടി, ശ്രീദുർഗ, പൃഥ്വി, കുളമുറ്റം ഋഷി, നെടിശേരി, പനമുക്ക് രചന കലാവേദി, ഏവന്നൂർ mandiram team, Maruthur, kuttumukku,ചെമ്പൂക്കാവ്, അഞ്ചേരി,പൂങ്കുന്നം,മൂർക്കനിക്കര,oorakam,perngavu,viyyur, villadam,ollukkara എന്നിങ്ങനെ വിവിധ ദേശകുമ്മാട്ടി സംഘങ്ങൾ തൃശ്ശൂരിൽ സജീവമായുണ്ട്.
തൃശ്ശുർ ജില്ലയിലാണ് കുമ്മാട്ടിയ്ക്ക് ഏറെ പ്രചാരം. ഡൈ ഡൈ ഡോ...ഡൈ...ഡൈ...ഡോ/ഡൈ ഡൈ ഡോ...ഡൈ...ഡൈ ഡോ എന്ന താളത്തിലാണ് കുമ്മാട്ടികളിയിൽ കുമ്മാട്ടികളുടെ നൃത്തം.
കുമ്മാട്ടി വേഷം കെട്ടി, തപ്പും തുടിയും കിണ്ണവുമൊക്കെ കൊട്ടി കുട്ടികൾ പാടുന്ന ഒരു പാട്ട്,
മറ്റൊരു പാട്ട്,