ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തമിഴ് നാട്ടിലെ തെങ്കാശി ജില്ലയിൽ തെങ്കാശി പട്ടണത്തിനും ചെങ്കോട്ടയ്ക്കും ഇടക്കായി സ്ഥിതി ചെയ്യുന്ന ഭൂവിഭാഗമാണു് കുറ്റാലം. തമിഴിൽ കുറ്റ്രാലം എന്നും, ഇംഗ്ലീഷിൽ Courtallam എന്നും പറയും. സമുദ്ര നിരപ്പിൽ നിന്നും 520 അടിയോളമുയരത്തിലാണീ സ്ഥലം. പശ്ചിമഘട്ടത്തിലെ പൊതിഗൈ മലനിരകളിൽ നിന്നുത്ഭവിക്കുന്ന ഒൻപത് മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളാണിവിടത്തെ പ്രധാന ആകർഷണം. പിന്നെ നിരവധി ക്ഷേത്രങ്ങളും. കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാല വർഷം തകർത്തു പെയ്യുമ്പോൾ മഴനിഴൽ പ്രദേശമായ ഇവിടെ നേർത്ത ചാറൽ മഴയായിരിക്കും (സാറൽ). വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയംകരമാണീ നനയാത്ത മഴ. കേരളത്തിൽ നിന്ന് ആഞ്ഞ് വീശുന്ന കാറ്റാണിവിടുത്തെ ആയിരക്കണക്കിന്ന് വരുന്ന കാറ്റാടി മില്ലുകളുടെ ഇന്ധനം.
തെക്കിന്റെ ആരോഗ്യ സ്നാനഗൄഹം എന്നും കുറ്റാലം പരാമർശിക്കപ്പെടാറുണ്ട്. ഇവിടെയുള്ള വെള്ളച്ചാട്ടങ്ങളുടെ ഒരു ലഘു വിവരണം താഴെ കൊടുത്തിരിക്കുന്നു.
ഏതാണ്ട് 60 മീറ്റർ ഉയരം വരുന്ന പ്രധാന വെള്ളച്ചാട്ടമാണിത്. മെയിൻ ഫാൾസ് എന്നാണറിയപ്പെടുന്നത്. തൊട്ടടുത്ത് തന്നെ കുറ്റ്രാലനാഥർ (ശിവൻ)ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.
പേരരുവിക്കല്പമകലെയുള്ള ചെറിയ വെള്ളച്ചാട്ടം ചിറ്റരുവി എന്നറിയപ്പെടുന്നു. ചിറ്റരുവിക്ക് മുകളിലൂടെ മല കയറിയാൽ ചമ്പാദേവിയിലെത്താം.
ചമ്പാദേവി വെള്ളച്ചാട്ടവും ചമ്പാദേവി അമ്പലവും അടുത്തടുത്തായി സ്ഥിതി ചെയ്യുന്നു. സാധാരണ ഇങ്ങോട്ട് പ്രവേശനം ഇല്ല. എല്ലാ മാസവും പൗർണമി നാളിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജ നടക്കുമ്പോൾ മാത്രം ഭക്തർ സംഘങ്ങളായി ഇവിടെ വരും. അന്ന് ഒരു ദിവസം മാത്രം ഇവിടം ജനസാന്ദ്രമാവും.
സാഹസികമായി വീണ്ടും മുകളിലേക്ക് കയറിയാൽ തേനരുവിയിലെ ഗംഭീരമായ വെള്ളച്ചാട്ടത്തിലെത്താം. മല കയറുവാൻ ഫോറസ്റ്റ് വകുപ്പിന്റെ സമ്മതം ആവശ്യമായി വരും. വഴി അതീവ ദുർഘടം തന്നെ.
മെയിൻ ഫാൾസ് എത്തുന്നതിന് മുൻപ് ഇടത്തു തിരിഞ്ഞ്, അംബൈ റോഡിലൂടെ ഏഴ് കിലോമീറ്റർ പോയാൽ, പഴയ കുറ്റാലം വെള്ളച്ചാട്ടത്തിലെത്താം.
മെയിൻ ഫാൾസിൽ നിന്ന് അഞ്ചെട്ട് കിലോമീറ്റർ പോയാൽ ഐന്തരുവിയായി.ഇവിടെ വെള്ളച്ചാട്ടം അഞ്ചായിപ്പിരിഞ്ഞു വീഴുന്ന മനോഹര കാഴ്ച ആസ്വദിക്കാം. ഇതിനടുത്ത് തന്നെ ഒരു പഴത്തോട്ട അരുവിയും ഉണ്ട്. പുലി അരുവിയും (Tiger Falls), വി ഐ പി ഫാൾസും അടുത്ത് തന്നെയാണു. ഔഷധ സസ്യങ്ങളാൽ സമ്പന്നമായ പൊതിഗൈ മലകളിൽ നിന്ന് വരുന്ന ഈ ജലത്തിനു ഔഷധ ഗുണമുണ്ട്. അതിനാൽ കുറ്റാലത്തെ ഏതു വെള്ളച്ചാട്ടത്തിൽ കുളിച്ചാലും, മറ്റെങ്ങും ലഭിക്കാത്ത സൗഖ്യം ലഭിക്കുമെന്ന് ജനം വിശ്വസിക്കുന്നു.[അവലംബം ആവശ്യമാണ്]