യാദവവംശത്തിലെ ഒരു രാജാവ് . ഇദ്ദേഹം കൃഷ്ണന്റെ ഭക്തനും ആജ്ഞാപാലകനുമായിരുന്നു. കുരുക്ഷേത്രയുദ്ധത്തിൽ കൃഷ്ണാജ്ഞയനുസരിച്ച് കൗരവപക്ഷത്തു നിന്ന് പൊരുതി . ദ്വാരക നശിക്കുന്നതിനു മുന്നോടിയായി നടന്ന യുദ്ധത്തിൽ ഇദ്ദേഹത്തെ സാത്യകി വധിച്ചു .
യാദവവംശത്തിലെ പ്രമുഖനായ ഒരു രാജാവായിരുന്നു കൃതവർമ്മാവ്. ഇദ്ദേഹം ശ്രീകൃഷ്ണന്റെ പിതാമഹന്റെ സഹോദരനാണ് . ഹൃദീകൻ എന്ന യാദവ രാജാവിന്റെ മൂന്നാമത്തെ പുത്രനാണ് ഇദ്ദേഹം . ഹൃദീകന്റെ നാലാമത്തെ പുത്രനായ ശൂരനാണ് , ശ്രീകൃഷ്ണന്റെ പിതാവായ വസുദേവരുടെ പിതാവ് . ശൂരൻ കൃതവര്മ്മാവിന്റെ അനുജനാണ് .
ഇദ്ദേഹം മരുത്ഗണങ്ങൾ എന്ന ദേവന്മാരുടെ അംശത്തിൽ ജനിച്ചവനാണ് .
കൃതവർമ്മാവ് കൃഷ്ണന്റെ ഒരു ഉത്തമഭക്തനും ആജ്ഞാപാലകനും ആയിരുന്നു . ഇദ്ദേഹം കൃഷ്ണഭക്തനായ അക്രൂരന്റെ ഉറ്റ സുഹൃത്താണ് . ഇദ്ദേഹവും അക്രൂരനും ചേർന്ന് മറ്റൊരു യാദവനേതാവായ ശതധന്വാവിനെ കൊണ്ട് സത്രാജിത്തിനെ കൊല്ലിച്ച് അദ്ദേഹത്തിനു സൂര്യദേവൻ നല്കിയ സ്യമന്തകരത്നം കരസ്ഥമാക്കുകയുണ്ടായി . ഈ സ്യമന്തകം പിന്നീട് കൃഷ്ണൻ അക്രൂരനെ സൂക്ഷിക്കാനേൽപ്പിച്ചു.
ഭഗവാൻ കൃഷ്ണൻ കുരുക്ഷേത്രയുദ്ധത്തിൽ പാണ്ഡവർക്കും കൗരവർക്കും സഹായം ചെയ്യുകയുണ്ടായി. ദുര്യോധനന് തന്റെ സൈന്യങ്ങളെയെല്ലാം ദാനം ചെയ്തപ്പോൾ, താൻതന്നെ സ്വയം ആയുധമെടുക്കാതെ പാണ്ഡവരുടെ ഭാഗത്ത് നിന്നു. ശ്രീകൃഷ്ണൻ ദുര്യോധനന് നല്കിയ തന്റെ യാദവസേനയുടെ നേതാവ് കൃതവർമ്മാവ് ആയിരുന്നു. അതുകൊണ്ട് അദ്ദേഹത്തിനു കൗരവപക്ഷത്തു നിന്ന് പാണ്ഡവരോട് യുദ്ധം ചെയ്യേണ്ടതായി വന്നു. അദ്ദേഹം അങ്ങേയറ്റം ആത്മാർഥതയോടെ കൗരവർക്കുവേണ്ടി യുദ്ധം ചെയ്തു. ദുര്യോധനൻ ഇദ്ദേഹത്തോട് ഒരു അക്ഷൗഹിണി ചോദിക്കുകയും, ഇദ്ദേഹം കൃഷ്ണന്റെ സമ്മതത്തോടെ അത് കൊടുക്കുകയും ചെയ്തു .
യുദ്ധാവസാനം രാത്രിയിൽ ഇദ്ദേഹം ദ്രോണപുത്രനായ അശ്വത്ഥാമാവിനോടും കൃപരോടും ചേർന്ന് പാണ്ഡവരുടെ ശിബിരം തീവച്ചു നശിപ്പിച്ചു . അന്ന് രാത്രി അവർ പാണ്ഡവപക്ഷത്തുള്ള അവശേഷിച്ച എല്ലാ വീരന്മാരെയും കൊന്നൊടുക്കി. കൃഷ്ണനും സാത്യകിയും പഞ്ചപാണ്ഡവരും മാത്രമേ അവശേഷിച്ചുള്ളൂ.
യാദവനാശം സംഭവിക്കുന്ന സമയത്ത് , ദ്വാരകയിലെ പ്രഭാസതീർഥത്തിൽ വച്ച് , യാദവർ മദ്യപിച്ചു ബഹളമുണ്ടാക്കി തമ്മിലടിച്ചു നശിക്കുന്നുണ്ട് . ആ കൂട്ടക്കൊലയ്ക്ക് തുടക്കമിട്ടത് കൃതവർമ്മാവും സാത്യകിയുമായിരുന്നു . സാത്യകിയും കൃതവർമ്മാവും കൂടി നടന്ന വാക്പോര്, പിന്നീട് ഒരു യുദ്ധത്തിൽ കലാശിക്കുകയും, സാത്യകി ഒറ്റവെട്ടിന് കൃതവർമ്മാവിന്റെ തല തെറിപ്പിക്കുകയും ചെയ്തു . ഇദ്ദേഹത്തിന്റെ ആത്മാവ് മരണശേഷം മരുത്ഗണങ്ങളിൽ ചെന്ന് വീണു .