തമിഴ്നാട്ടിലെ പ്രമുഖ ഗാന്ധിയൻ സാമൂഹിക പ്രവർത്തകയും സ്വാതന്ത്ര്യസമര സേനാനിയുമാണു് കൃഷ്ണമ്മാൾ ജഗന്നാഥൻ. കൃഷ്ണമ്മാളും ഭർത്താവും സഹപ്രവർത്തകനുമായിരുന്ന ശങ്കരലിംഗം ജഗന്നാഥനും (1912–2013 ഫെബ്രുവരി 12)[1] വിവിധ തലങ്ങളിലെ സാമൂഹ്യ അനീതികൾക്കെതിരെ പല ദശാബ്ധങ്ങളായി പോരാടിവരുന്നു. ശ്രീമതി കൃഷ്ണമ്മാളുടെ പ്രധാന കർമ്മമണ്ഡലം ദളിതരുടെയുടെയും ഭൂരഹിതരുടെയും ദരിദ്രരുടെയും ഉന്നതിയാണു്; ഈ നിലയ്ക്കു് ഇവർ സർക്കാരുകളെയും വ്യവസായ സ്ഥാപനങ്ങളെയും നേരിട്ടിട്ടുണ്ട്.
സ്വാതന്ത്ര്യ സമരത്തിൽ പങ്കുവഹിച്ച കൃഷ്ണമ്മാളും ഭർത്താവു് ജഗന്നാഥനും വിനോബാ ഭാവേയുടെ അനുയായികളായിരുന്നു. 1989-ലെ പത്മശ്രീ[1] അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ച കൃഷ്ണമ്മാൾക്ക് 2008-ലെ സദ്ജീവന പുരസ്കാരം തന്റെ ഭർത്താവിനോടും അവരുടെ സംഘടനയായ ലാന്റ് ഫോർ റ്റില്ലർസ് ഫ്രീഡത്തോടും പങ്കിട്ടു.
1926 ജൂൺ 16൹ തമിഴ്നാട്ടിലെ ദിണ്ടുക്കൽ ജില്ലയിലെ പട്ടിവീരൻപട്ടി ഗ്രാമത്തിലെ ഒരു ഭൂരഹിത ദളിത് കുടുംബത്തിലെ അംഗമായി കൃഷ്ണമ്മാൾ ജനിച്ചു. അച്ഛൻ രാമസാമിയും അമ്മ നാഗമ്മാളുമായിരുന്നു; പതിനൊന്നു് സഹോദരീസഹോദർന്മാരുമുണ്ടായിരുന്നു. പട്ടിവീരൻപട്ടി ഗ്രാമത്തിലെ സർക്കാർ പള്ളിക്കൂടത്തിൽ ഏഴാം ക്ലാസ്സുവരെ കൃഷ്ണമ്മാൾ വിദ്യാഭ്യാസം കൈവരിച്ചു.[2] സാമൂഹ്യ അനീതിയുമായുള്ള ആദ്യത്തെ അനുഭവം ഗർഭിണിയായ അമ്മ നാഗമ്മാൾ ആ സ്ഥിതിയിലും കുടുംബം പോറ്റാനായ് കഠിനമായ ശാരീരിക പരിശ്രമം ചെയ്യേണ്ടി വന്ന ദൃശ്യങ്ങളിലൂടെയാണു്.[3] ദരിദ്ര കുടുംബത്തിലെ അംഗമായിരുന്നിട്ടും കൃഷ്ണമ്മാൾ സർവ്വകലാശാലയിലെ പഠനം പൂർത്തീകരിക്കുകയുണ്ടായി. പിന്നീട് അവർ മഹാത്മഗാന്ധിയുടെ സർവ്വോദയ പ്രസ്ഥാനത്തിൽ പങ്കുകൊണ്ടു. ഭർത്താവ് ജഗന്നാഥൻ ധനസമ്പത്തുള്ള ഒരു കുടുംബത്തിൽ ജനിച്ചുവെങ്കിലും 1930-ൽ ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിലെ അംഗമാവാൻ തന്റെ സർവ്വകലാശാലാ വിദ്യാഭ്യാസം ഉപേക്ഷിച്ചു. തുടർന്ന് അദ്ദേഹം 1942-ൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ പങ്കെടുക്കുകയും മൂന്നരവർഷത്തെ കാരാഗൃഹവാസം അനുഭവിക്കുകയും ചെയ്തു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച ശേഷമേ വിവാഹം കഴിക്കുകയുള്ളൂ എന്നു തീരുമാനിച്ച ഇവർ 1950-ലാണു് ഒടുവിൽ ദാമ്പത്യം കൈവരിച്ചതു്.[3]
1950 മുതൽ വിനോബാ ഭാവെയുടെ ഭൂദാൻ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉത്തരേന്ത്യയിൽ പ്രവർത്തിച്ച ജഗന്നാഥൻ 1952-ൽ തമിഴ് നാട്ടിൽ മടങ്ങിയെത്തി. ഈ രണ്ടുവർഷങ്ങളിൽ കൃഷ്ണമ്മാൾ മദിരാശിയിൽ അദ്ധ്യാപികാ പരിശീലനം നേടി. 1952 മുതൽ 1968 വരെ ഇരുവരും തമിഴ് നാട്ടിലെ ഗ്രാംദാൻ പ്രസ്ഥാനത്തിൽ ഏർപ്പെട്ടു് സംസ്ഥാനത്തിൽ ഭൂപരിഷ്കരണം നടപ്പിലാക്കാൻ ഉദ്യമിച്ചു. ഈ കാലയളവിൽ ജഗന്നാഥൻ അനേകം തവണ ജയിൽ വാസം അനുഭവിച്ചു. ഈ കാലയളവിലെ പ്രവർത്തനിന്റെ ഫലമായി നാലു മില്യൺ ഏക്കറുകളോളം ഭൂമി ഭൂരഹിതർക്കു വീതിച്ചുകിട്ടി.[4] 1968-ൽ നാഗപട്ടണം ജില്ലയിലെ കീഴ് വെണ്മണി ഗ്രാമത്തിൽ വേതനസമരത്തിൽ ഏർപ്പെട്ടിരുന്ന സ്ത്രീകളും കുട്ടികളും അടക്കം 42 ദളിതരുടെ നിർദ്ദയമായ കൂട്ടക്കൊലയെത്തുടർന്ന്[2] കൃഷ്ണമ്മാളും ജഗന്നാഥനും തഞ്ചാവൂർ ജില്ലയെ തലസ്ഥാനമാക്കി പ്രവർത്തനങ്ങൾ അതിശക്തമായി തുടർന്നു.[2] ഈ സംഭവമായിരുന്നു പിന്നീട് അവരരുടെ സംഘടനയായ ലാന്റ് ഫോർ റ്റില്ലർസ് ഫ്രീഡം (ലാഫ്റ്റി) തുടങ്ങാൻ പ്രചോദിപ്പിചതു്.
1981-ൽ കൃഷ്ണമ്മാളും ജഗന്നാഥനും ലാന്റ് ഫോർ റ്റില്ലർസ് ഫ്രീഡം എന്ന സംഘടന ആരംഭിച്ച.[5] സംഘടനയുടെ ഉദ്ദേശ്യം "ജന്മിമാരെയും ഭൂരഹിതരെയും ചർച്ചകളിൽ ഏർപ്പെടുത്തുകയും, ഭൂരഹിതർക്കു ന്യായവിലയ്ക്കു ഭൂമി വാങ്ങാൻ കടം വാങ്ങിക്കൊടുക്കുകയും, ഭൂമി കരസ്ഥമായ ശേഷം കടം വീട്ടുന്നതിനായി സഹകരണമാർഗ്ഗേണ ഭൂമിയിൽ കൃഷിചെയ്യിക്കുകയും"[൧] ആയിരുന്നു. ലാഫ്റ്റിയോടുള്ള പൊതുജനങ്ങളുടെ സമീപനം ആദ്യമൊക്കെ മന്ദോഷ്ണമായിരുന്നു; ബാങ്കുകൾ കടം കൊടുക്കാൻ മടികാണിക്കുകയായിരുന്നതുകൊണ്ടും മുദ്രവില ഉയർന്നതായിരുന്നുവെന്നതുകൊണ്ടും കൃഷ്ണമ്മാളുടെ ദൗത്യത്തിന്റെ പുരോഗതി വിളംബിതമായിരുന്നു. എങ്കിലും 2007 വരെ 13,000 കുടുംബങ്ങൾക്കു് ഏതാണ്ടു് 13,000 ഏക്കർ ഭൂമി വിതരണം ചെയ്യപ്പെട്ടുകഴിഞ്ഞിരുന്നു.[2] പിന്നീട് ലാഫ്റ്റിയുടെ പ്രവർത്തനം കൃഷിക്കു പുറമെയുള്ള പല തൊഴിലവസരങ്ങൾക്കു ഒരുക്കാൻ സഹായിച്ചു. ഇപ്പോൾ ഈ സംഘടന പ്രവർത്തനം ഏഴംഗങ്ങൾ അടങ്ങുന്ന നിർവ്വാഹക സമിതിയുടെ നേതൃത്ത്വത്തിലും ഗ്രാമങ്ങളിലെ 20 അംഗങ്ങളുള്ള പൊതു സഭയുടെ അംഗത്വത്തിലും 40 ജീവനക്കാരുടെ കീഴിലുമാണു്.[2]
1992 മുതൽ ലാഫ്റ്റിയുടെ പ്രവർത്തനം തമിഴ് നാട്ടിലെ കൊഞ്ചുകൃഷി നടത്തുന്ന സ്ഥാപനങ്ങളിലേയ്ക്കു വ്യാപിച്ചു. ഈ മേഖലയിലെ പ്രശ്നം ചെന്നൈ, മുംബൈ, കൊൽക്കത്ത തുടങ്ങിയ മഹാനഗരങ്ങളിലെ വൻ കിട സ്ഥാപനങ്ങൾ 500 മുതൽ 1,000 ഏക്കറുകളോളം തീരദേശ കൃഷിഭൂമി കയ്യേറി വ്യവസായം ചെയ്യുകയും, പിന്നീട് അടച്ചുപൂട്ടുമ്പോൾ അവിടുത്തെ ഭൂരഹിതർക്കു വേറെ ജീവനമാർഗ്ഗം ഇല്ലാതാക്കുകയും, മുമ്പ് കൃഷിചെയ്യാൻ പാകമായിരുന്ന ഭൂമി മരുഭൂമിയാക്കി മാറ്റുക്കയും ചെയ്യുകയായിരുന്നു എന്നതായിരുന്നു.[2] കൊഞ്ചുകൃഷിക്കാവശ്യമായ ഉപ്പുനീർ തടങ്ങൾ പരിസരത്തെ ഭൂഗർഭ കുടിവെള്ള ജലാശയങ്ങളെ മലിനീകരിക്കുകയും, അവിടുത്തെ നിവാസികളെ നഗരങ്ങളിലേയ്ക്കു് ഓടിക്കുകയും, ചേരികളുടെ സൃഷ്ടിക്കു കാരണമാവുകയുമായിരുന്നു.[2]
ഈ പ്രശ്നങ്ങൾ നേരിടാൻ ലാഫ്റ്റി സത്യാഗ്രഹമാർഗ്ഗേണ ഗ്രാമജനതയെ സംഘടിപ്പിച്ചു. ഇതിനു പ്രതികാരമായി ലാഫ്റ്റി പ്രവർത്തകർക്കും അനുയായികൾക്കും നേരെ പലവക ബലപ്രയോഗങ്ങളും വ്യാജമായ ആരോപണങ്ങളും ഉന്നയിക്കപ്പെട്ടു. അവരുടെ വീടുകൾ തീകൊളുത്തപ്പെടുകയും തകർക്കപ്പെടുകയും, അവർക്ക് കൊള്ളയടിയും തീവയ്പുമായ വ്യാജകേസുകളിൽ ജയിൽ വാസം അനുഷ്ഠിക്കേണ്ടി വന്നു.[2]
എന്നാൽ ശങ്കരലിംഗം ജഗന്നാഥൻ നിർഭയം പോരാട്ടം തുടർന്നു. അദ്ദേഹം സുപ്രീം കോടതിയിൽ കൊഞ്ചുകൃഷി വ്യവസായികൾക്കെതിരെ പൊതുതാല്പര്യ വ്യവഹാരം തുടങ്ങി.[2][4][5] ഇതിന്റെ ഫലമായി വിദഗ്ദ്ധ പരിശോധനയ്ക്കു ശേഷം 1996-ൽ തീരത്തിന്റെ 500 മീറ്റർ ദൂരത്തിനകം കൊഞ്ചുകൃഷി നിരോധിച്ചു.[2] എന്നാൽ വ്യവസായികളുടെ പ്രതികൂലമായ സമ്മർദ്ദംകൊണ്ട് ഈ തീരുമാനം നടപ്പിലാക്കപ്പെട്ടിട്ടില്ല.[2]
സമാധാനപരമായ പ്രവർത്തനങ്ങളിലൂടെ ദളിത സ്ത്രീകളുടെ പുരോഗതിക്കും വികാസത്തിനും പ്രവർത്തിക്കുന്നതിൽ കൃഷ്ണമ്മാൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്.[6]
പുരസ്കാരം | ലഭിച്ച വർഷം | കുറിപ്പുകൾ/അവലംബം |
---|---|---|
സ്വാമി പ്രണവാനന്ദ ശാന്തി പുരസ്കാരം | 1987 | [7] |
ജമ്നാലാൽ ബജാജ് പുരസ്കാരം | 1988 | [7] |
പദ്മശ്രീ | 1989 | [7] |
ഭഗവാൻ മഹാവീര പുരസ്കാരം | 1996 | "അഹിംസയുടെ പ്രചോദനനത്തിനായി"[൨] |
ഗാന്ധിഗ്രാം ഗ്രാമീണ സർവ്വകലാശാല പുരസ്കാരം | 1998 | [7] |
സമ്മിറ്റ് ഫൗണ്ടേഷൻ പുരസ്കാരം, സ്വിറ്റ്സർലണ്ട് | 1999 | [7] |
ഇന്ദിരാ രത്ന പുരസ്കാരം | 2005 | [7] |
ഓപ്പസ് സമ്മാനം | 2008 | സിയാറ്റിൽ സർവ്വകലാശാല, അമേരിക്കൻ ഐക്യനാടുകൾ[5][7] |
സദ്ജീവന പുരസ്കാരം | 2008 | "'ഭാരതത്തിന്റെ ആത്മാവ്' എന്ന പേരുകേട്ട ഇവരുടെ സാമൂഹികനീതിയുടെയും സ്ഥായിയായ മാനുഷിക പുരോഗതിയുടെയും ഗാന്ധിയൻ ദർശനത്തിന്റെ സാക്ഷാത്കാരത്തിനായി രണ്ട് നീണ്ട ആയുഷ്കാലങ്ങളുടെ പ്രവർത്തനിത്തിനുവേണ്ടി"[൩] |
{{cite news}}
: |author1=
has generic name (help)
{{cite news}}
: |author1=
has generic name (help)