കെ. ഭാഗ്യരാജ് | |
---|---|
ജനനം | കൃഷ്ണമൂർത്തി ഭാഗ്യരാജ് 7 ജനുവരി 1953 |
തൊഴിൽ | നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീത സംവിധായകൻ. |
സജീവ കാലം | 1977–ഇതുവരെ. |
ജീവിതപങ്കാളി(കൾ) | പ്രവീണ ഭാഗ്യരാജ് (m.1981–1983) (deceased) പൂർണ്ണിമ ജയറാം (m.1984–ഇതുവരെ) |
കുട്ടികൾ | ശരണ്യ ഭാഗ്യരാജ് (b.1985) ശന്തനു ഭാഗ്യരാജ്. (b.1986) |
മാതാപിതാക്ക(ൾ) |
|
കൃഷ്ണസാമി ഭാഗ്യരാജ് (ജനനം: ജനുവരി 7, 1953) സംവിധായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത്, സംഗീത സംവിധായകൻ, നിർമ്മാതാവ്, രാഷ്ട്രീയ പ്രവർത്തകൻ എന്നിങ്ങനെ വിവിധ നിലകളിൽ തമിഴ്‍ സിനിമാലോകത്തും സാംസ്കാരിക മേഖലയിലും പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ്. തെലുങ്ക്, ഹിന്ദി ചിത്രങ്ങളുടേയും ടെലിവിഷൻ പരമ്പരകളുടേയും രചനയും സംവിധാനവും അദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്. ഒരു നടനെന്ന നിലയിൽ ഏതാണ്ട് 75 ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം 25 ലധികം ചിത്രങ്ങൾ സംവിധാനവും ചെയ്തിട്ടുണ്ട്. 1983 ൽ മുന്താണൈ മുടിച്ചു എന്ന ചിത്രത്തിൽ അവതരിപ്പിച്ച വേഷത്തിന് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം നേടി. 2014 ൽ SIIMA യുടെ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡും അദ്ദേഹത്തിന് ലഭിച്ചു. ഭാഗ്യ എന്ന പ്രതിവാര മാസികയുടെ പത്രാധിപർകൂടിയായ അദ്ദേഹം നിരവധി നോവലുകളും രചിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ ഗോപിചെട്ടിപാളയത്തിനടുത്തുള്ള വെള്ളൻകോയിലിലാണ് ഭാഗ്യരാജ് ജനിച്ചത്. മാതാപിതാക്കൾ കൃഷ്ണസ്വാമി, അമരാവതിയമ്മ എന്നിവരായിരുന്നു. രണ്ടുതവണ വിവാഹം കഴിച്ച അദ്ദേഹത്തിന്റെ ആദ്യവിവാഹം 1981 ൽ നടി പ്രവീണയുമായിട്ടായിരുന്നു. 1983 ഓഗസ്റ്റ് മാസത്തിൽ മഞ്ഞപ്പിത്തം ബാധിച്ചതിനെത്തുടർന്ന് അവർ അന്തരിച്ചു. അദ്ദേഹത്തിന്റെ രണ്ടാമത്തെ വിവാഹം 1984 ഫെബ്രുവരി 7 ന് ഡാർലിംഗ്, ഡാർലിംഗ്, ഡാർലിംഗ് (1982)[1] എന്ന ചിത്രത്തിൽ അദ്ദേഹത്തിൻറെ സഹതാരമായിരുന്ന നടി പൂർണിമ ജയറാമുമായി നടന്നു. ഈ ദമ്പതികൾക്ക് ശരണ്യ, ശന്തനു എന്നിങ്ങനെ രണ്ടു കുട്ടികളുണ്ട്. കുട്ടിക്കാലം മുതൽക്കുതന്നെ എം. ജി. രാമചന്ദ്രൻ, രാജേഷ് ഖന്ന എന്നിവരുടെ ആരാധകനായിരുന്നു അദ്ദേഹം.
സംവിധായകരായ ജി. രാമകൃഷ്ണന്റെയും ഭാരതിരാജയുടേയും അസിസ്റ്റന്റായി ചലച്ചിത്ര ജീവിതത്തിന് തുടക്കം കുറിച്ച ഭാഗ്യരാജ് തിരക്കഥാ രചനയിലൂടെ തന്റെ പ്രതിഭ തെളിയിക്കുകയും അംഗീകാരം നേടുകയും ചെയ്തു.[2] ആദ്യകാലത്ത്16 വയതിനിലേ പോലുള്ള സിനിമകളിൽ മൂന്ന് മിനിറ്റിൽ കൂടാത്ത സമയം ചെറിയ സഹ വേഷങ്ങളിൽ മാത്രം അഭിനയിച്ചിരുന്ന അദ്ദേഹം പിന്നീട് സിഗപ്പു റോജക്കൾ (1978) എന്ന സിനിമയിലും ഇതേരീതിയിൽ പ്രത്യക്ഷപ്പെട്ടു. 16 വയതിനിലേ, കിഴക്കേ പോകും റെയിൽ എന്നീ രണ്ടു ചിത്രങ്ങളിൽ അദ്ദേഹം ഭാരതിരാജായുടെ അസിസ്റ്റന്റ് ഡയറക്ടറായാണ് പ്രവർത്തിച്ചിരുന്നത്. അദ്ദേഹത്തിന്റെ ആദ്യകാല ജോലികളിൽ ഭാരതിരാജായുടെ കിഴക്കേ പോകും റെയിൽ (1978), ടിക് ടിക് ടിക് (1981) എന്നീ ചിത്രങ്ങളുടെ തിരക്കഥയും സികപ്പു റോജക്കൾ എന്ന ചിത്രത്തിന്റെ സംഭാഷണ രചനയും ഉൾപ്പെട്ടിരുന്നു. 1979 ൽ സുവരില്ലാത്ത ചിത്തിരങ്കൾ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു.
1979 ൽ സുവരില്ലാത്ത ചിത്തിരങ്കൾ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം ഭാരതിരാജ സംവിധാനം ചെയ്ത് 1979 ൽ പുറത്തിറങ്ങിയ പുതിയ വാർപുഗൾ എന്ന ചിത്രത്തിൽ മുൻനിര നായകനായി അഭിനയിച്ചു. പുതിയ വാർപുഗൾ (1979) എന്ന ചിത്രത്തിലൂടെ മികച്ച സംഭാഷണത്തിനുള്ള പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. തിരക്കഥയും സംഭാഷണവും രചിച്ച്, ഭാഗ്യരാജ് പ്രതിനായക വേഷത്തിൽ പ്രത്യക്ഷപ്പെട്ട കന്നി പരുവത്തിലെ എന്ന ചിത്രവും വൻ വിജയമായിരുന്നു.
1979 വരെ സംവിധായകനെന്ന നിലയിൽ വിജയം നേടാൻ സാധിച്ചില്ലെങ്കിലും, പ്രതിനായകവേഷത്തിൽ പ്രത്യക്ഷപ്പെട്ട പുതിയ വാർപുഗളിലെ വേഷവും കന്നി പരുവത്തിലെ എന്ന ചിത്രത്തിന്റെ കഥ, സംഭാഷണം എന്നിവയുടെ രചനയും അദ്ദേഹത്തെ മുന്നേറ്റത്തിന് പ്രചോദിപ്പിക്കുകയും ഒരു കൈ ഒസൈ എന്ന ചിത്രത്തിനുവേണ്ടി രചന, സംവിധാനം അഭിനയം എന്നിവ സ്വയം നിർവ്വഹിക്കാൻ തീരുമാനിക്കുകയും ചെയ്തു. ചിത്രം വലിയ വിജയമായില്ലെങ്കിൽപ്പോലും മികച്ച നടനുള്ള ആദ്യത്തെ പുരസ്കാരം നേടാൻ അദ്ദേഹത്തിന് സാധിച്ചു.
1991 മുതൽ ക്രമേണ അദ്ദേഹം നായകനായി കൂടുതൽ അഭിനയ ഓഫറുകൾ സ്വീകരിക്കാൻ തുടങ്ങുകയും സ്വന്തം ചിത്രങ്ങളിൽ ചെയ്തുകൊണ്ടിരുന്ന രചന, സംവിധാനം, നടനം എന്നിവയിൽനിന്ന് ഒഴിവായിക്കൊണ്ട് സംവിധാനം-നിർമ്മാണം-തിരക്കഥാ രചന എന്നീ കൃത്യങ്ങൾ മൂന്ന് വ്യത്യസ്ത വ്യക്തികളായിരിക്കണം നിർവ്വഹിക്കേണ്ടത് എന്നു നിശ്ചയിക്കുകയും ചെയ്തു. രുദ്ര, അമ്മ വന്താച്ച്, ജ്ഞാനപ്പഴം (1996), സുയംവരം (1999) എന്നീ വിജയകരമായ ചിത്രങ്ങളിൽ അദ്ദേഹം നടന്റെ കഴിവുമാത്രം പ്രയോജനപ്പെടുത്തിയിരുന്നു. "ഭാഗ്യ" എന്ന പേരിൽ ഒരു പ്രതിവാര പ്രസിദ്ധീകരണം ആരംഭിച്ച അദ്ദേഹം ആ മാസികയുടെ പത്രാധിപരെന്ന സ്ഥാനം കയ്യാളുകയും ചെയ്തു. 1991 മുതൽ അദ്ദേഹം രചിച്ച് സംവിധാനം ചെയ്ത വിജയകരമായ സംരംഭങ്ങൾ പവന്നു പനവനുതാൻ, സുന്ദരകാണ്ഡം, രാസാക്കുട്ടി, വീട്ടിലെ വിശേഷങ്ക, ഒരു ഊരില ഒരു രാജകുമാരി, വെറ്റിയ മഡിച്ചു കാട്ടു എന്നിവയായിരുന്നു. ഹിന്ദിയിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച മിസ്റ്റർ ബെച്ചാര എന്ന ചിത്രത്തിന്റെ പരാജയം ഭാഗ്യരാജിനെ ഹിന്ദി ചിത്രങ്ങൾക്ക് തിരക്കഥാരചെന മാത്രമേ നടത്തൂ എന്നും സ്വയം സംവിധാനം ചെയ്യില്ലെന്നും തീരുമാനിക്കുന്നതിനു കാരണമായി. വീട്ടിലെ വിശേഷങ്ക എന്ന ചിത്രം മിസ്റ്റർ ബെചാറയായി ഹിന്ദിയിൽ റീമേക്ക് ചെയ്യാൻ അദ്ദേഹം തീരുമാനിച്ചുവെങ്കിലും വീണ്ടും ഹിന്ദിയിലെ സംവിധാന സംരംഭം വിജയിച്ചില്ല. 1998 ൽ പിതാവും പുത്രനും തമ്മിലുള്ള ബന്ധം പ്രമേയമായ വെറ്റിയ മഡിച്ചു കാട്ടു എന്ന ചിത്രത്തിലൂടെ തന്റെ പുത്രൻ ശാന്തനു ഭാഗ്യരാജിനെ ബാല താരമായി അവതരിപ്പിച്ചു. 1990-കളിൽ അദ്ദേഹം എഴുതിയ വിജയകരങ്ങളായ തമിഴ് ചിത്രങ്ങളുടെ ഹിന്ദി റീമേക്കുകളുടെ ആവശ്യകത തുടരുകയും അവസര പോലീസ് 100 , സുന്ദരകാണ്ഡം, രാസാക്കുട്ടി എന്നീ ചിത്രങ്ങൾ യഥാക്രമം ഗോപി കിഷൻ, അന്താസ് (1994), രാജാബാബു എന്നീ പേരുകളിൽ പുനർനിർമ്മിക്കപ്പെടുകയും അവ ഹിന്ദി ഭാഷയിൽ വൻ വിജയങ്ങളായിത്തീരുകയും ചെയ്തു. പാണ്ഡ്യരാജൻ അഭിനയിച്ച തായ്‌കുലമേ തായ്‌കുലമേ (1995) എന്ന തമിഴ് ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹം എഴുതിയിട്ടുണ്ടെങ്കിലും ഗർവാലി-ബഹർവാലി (1998) എന്ന പേരിൽ ഈ ചിത്രം ഹിന്ദിയിൽ പുനർനിർമ്മിക്കപ്പെട്ടപ്പോൾ നടനും സംവിധായകനും ഹിന്ദിയിൽ അദ്ദേഹമല്ലായിരുന്നു.[3]
അദ്ദേഹത്തിന്റെ സംവിധായക സംരംഭങ്ങളായ ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ്, ദാവണി കനവുകൾ, മുന്താണൈ മുടിച്ചു, മായദാരി മൊഗുഡു എന്നിവയിൽ സഹ സംവിധായകനായിരുന്ന പാണ്ഡ്യരാജനും ദാവണി കനവുകൾ എന്ന ചിത്രത്തിൽ സഹ സംവിധായകനായിരുന്ന പാർത്ഥിപനും പിൽക്കാലത്ത് സ്വതന്ത്ര സംവിധായകരും അഭിനേതാവുമായിത്തീർന്നു.
(2000 - ഇതുവരെ)
2000 ൽ തനിക്ക് മറ്റ് ബാനറുകളിൽ നിന്നു ലഭിച്ച പുതിയ തിരക്കഥകളിൽ അസന്തുഷ്ടി പ്രകടിപ്പിച്ച അദ്ദേഹം അഭിനയജീവിതത്തിൽ ഒരു ഇടവേളയെടുക്കുകയും 2000 മുതൽ 2006 വരെയുള്ള കാലഘട്ടത്തിൽ നായകവേഷങ്ങളിൽ അഭിനയിക്കുന്നതിനു വിമുഖത കാണിക്കുകയും ചെയ്തു. പകരം, നീങ്ക നെനച്ചാ സാദിക്കലാംഗ, ഇതു ഒരു കതൈയിൻ കതൈ (ഡിഡി പൊഡിഗൈ) എന്നീ ടിവി ഷോകൾ സംവിധാനം ചെയ്യുകയും ഈ കാലയളവിൽത്തന്നെ ജയ ടിവിയിൽ അപ്പപ്പടി പോഡുവിൽ പ്രത്യക്ഷപ്പെടുകയു ചെയ്തു. അദ്ദേഹത്തിന്റെ റൂൾസ് രംഗചാരി എന്ന ടെലി-പരമ്പര ഡിഡി ചാനലിൽ ജനപ്രീതി നേടുകയും 390 എപ്പിസോഡുകൾ പൂർത്തിയാക്കുകയും ചെയ്തു. 2003 ൽ വിജയകാന്ത് അഭിനയിച്ച ആക്ഷൻ ചിത്രമായ ചോക്ക തങ്കം എന്ന ശരാശരി വിജയം നേടിയ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചു. 2006 ൽ രചനയും സംവിധാനവും നിർവ്വഹിച്ച പാരിജാതം എന്ന ചിത്രത്തിലൂടെ മകൾ ശരണ്യ ഭാഗ്യരാജിനെ തമിഴിൽ അവതരിപ്പിച്ചുവെങ്കിലും ചിത്രം വൻ പരാജയമായിരുന്നു. സംതിംഗ് സംതിംഗ് ... ഉനക്കും എനക്കും, രണ്ടു എന്നീ ചിത്രങ്ങളിലൂടെ സഹവേഷം അവതരിപ്പിച്ചുകൊണ്ട് അഭിനയരംഗത്തു തിരിച്ചെത്തിയ ഭാഗ്യരാജ് 2007 ൽ കാസു ഇരുക്കണും എന്ന ചിത്രത്തിൽ നായകനായും അഭിനയിച്ചു. 2007 മുതൽ സമീപകാലത്തുവരെ കൂടുതൽ ചിത്രങ്ങളിലും സഹവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. 2010 ൽ സംവിധാനം ചെയ്ത സിദ്ധു +2 എന്ന റൊമാന്റിക് ചിത്രത്തിലൂടെ മുതിർന്ന മകൻ ശാന്തനു ഭാഗ്യരാജിനെ തമിഴ് ചലച്ചിത്ര ലോകത്ത് അവതരിപ്പിച്ചു. മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിൽ സഹനടനായി മലയാള സിനിമയിലും അഭിനയിച്ചിരുന്നു.