കെ. ശങ്കരനാരായണൻ | |
---|---|
മഹാരാഷ്ട്ര ഗവർണർ | |
ഓഫീസിൽ 22 January 2010 – 24 August 2014 | |
മുൻഗാമി | എസ്.സി.ജമീർ |
പിൻഗാമി | സി.വിദ്യാസാഗർ റാവു |
ആസ്സാം ഗവർണർ | |
ഓഫീസിൽ 26 June 2009 – 27 July 2009 | |
മുൻഗാമി | എസ്.സി.മാഥുർ |
പിൻഗാമി | എസ്.എസ്.റാസി |
അരുണാചൽ പ്രദേശ് ഗവർണർ | |
ഓഫീസിൽ 4 September 2007 – 26 January 2008 | |
മുൻഗാമി | എസ്.കെ.സിംഗ് |
പിൻഗാമി | ജെ.ജെ.സിംഗ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 15 ഒക്ടോബർ 1932 Kerala |
മരണം | ഏപ്രിൽ 24, 2022 | (പ്രായം 89)
ദേശീയത | ഇന്ത്യ |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | പൊഫസർ കെ.രാധ |
കുട്ടികൾ | അനുപമ |
As of 24 ഏപ്രിൽ, 2022 ഉറവിടം: കേരള നിയമസഭ |
സംസ്ഥാന ഗവർണർ, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, യു.ഡി.എഫ് കൺവീനർ, നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു കെ. ശങ്കരനാരായണൻ[1] (ജനനം: 15 ഒക്ടോബർ 1932- മരണം : 24 ഏപ്രിൽ 2022)[2][3] [4][5][6][7][8]വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കവെ 2022 ഏപ്രിൽ 24ന് വൈകിട്ട് 8:55ന് അന്തരിച്ചു.[9]
ശങ്കരൻ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബർ 15ന് പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോൺഗ്രസ് പാർട്ടിയിൽ ചേർന്നു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി.[10] രാധയാണ് ഭാര്യ, അനുപമ ഏകമകളാണ്.
വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിൽ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1946-ൽ സ്റ്റേറ്റ് കോൺഗ്രസിൻ്റെ വിദ്യാർത്ഥി വിഭാഗമായിരുന്ന സ്റ്റുഡൻസ് ഓർഗനൈസേഷൻ്റെ പ്രവർത്തകനായിരുന്നു പിന്നീട് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു സജീവ രാഷ്ട്രീയ പ്രവർത്തകനായി മാറി.
ഷൊർണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, പട്ടാമ്പി നിയോജക മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ ആദ്യകാലങ്ങളിൽ പാർട്ടിയിൽ അറിയപ്പെട്ടിരുന്ന ശങ്കരനാരായണൻ പിന്നീട് 1960 മുതൽ 1964 വരെ പാലക്കാട് ഡി.സി.സിയുടെ സെക്രട്ടറിയായും 1964 മുതൽ 1968 വരെ ഡി.സി.സി പ്രസിഡൻറായും 1968-ൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
1969-ൽ അഖിലേന്ത്യാടിസ്ഥാനത്തിൽ കോൺഗ്രസ് പാർട്ടി രണ്ടായി പിളർന്നപ്പോൾ സംഘടന കോൺഗ്രസ് എന്നറിയപ്പെട്ട കോൺഗ്രസ് (ഒ) വിഭാഗത്തിൻ്റെ ദേശീയ നിർവാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1971 മുതൽ 1976 വരെ സംഘടന കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡൻറായും പ്രവർത്തിച്ചു. 1976-ൽ സംഘടന കോൺഗ്രസ് പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിച്ചു.
1977-ൽ തൃത്താലയിൽ നിന്ന് ആദ്യമായി കേരള നിയമസഭാംഗമായി. 1980-ൽ ശ്രീകൃഷ്ണപുരത്ത് നിന്നും 1987-ൽ ഒറ്റപ്പാലത്ത് നിന്നും 2001-ൽ പാലക്കാട് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1982-ൽ ശ്രീകൃഷ്ണപുരത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ഇ.പത്മനാഭനോടും 1991-ൽ ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ് എസിലെ വി.സി.കബീറിനോടും പരാജയപ്പെട്ടു. 1985 മുതൽ 2001 വരെ നീണ്ട പതിനാറ് വർഷം യു.ഡി.എഫ് കൺവീനറായിരുന്നു.
1989-1991 കാലയളവിൽ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയർമാനായും 1977-1978-ൽ കെ.കരുണാകരൻ, എ.കെ. ആൻറണി മന്ത്രിസഭകളിൽ കൃഷി,സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായും 2001-2004 ലെ എ.കെ. ആൻറണി മന്ത്രിസഭയിലെ ധനകാര്യ-എക്സൈസ് വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചു.[11][12] 2006-ലെ നിയമസഭ തിരഞ്ഞെടുപ്പോടെ സജീവ രാഷ്ട്രീയത്തിൽ നിന്നൊഴിവായ ശങ്കരനാരായണൻ 6 സംസ്ഥാനങ്ങളുടെ ഗവർണറായും പ്രവർത്തിച്ചു.
വിവിധ ഘട്ടങ്ങളിലായി നാഗാലൻഡ്, ജാർഖണ്ഡ്, മഹാരാഷ്‌ട്ര, അസം, അരുണാചൽപ്രദേശ്, ഗോവ എന്നീ ആറു സംസ്‌ഥാനങ്ങളിൽ ഗവർണറായിരുന്ന ഏക മലയാളി എന്ന ബഹുമതി ഇദ്ദേഹത്തിന്റെ പേരിലാണ്. 2007-ലാണ് ആദ്യമായി ഗവർണറാവുന്നത്. അരുണാചൽ പ്രദേശ് സംസ്ഥാനത്തിന്റെ അധിക ചുമതലയും ഗവർണർ എസ്.കെ. സിങ്ങ് അവധിയിലായിരുന്നപ്പോൾ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ഇതിനായി ഇദ്ദേഹം സത്യപ്രതിജ്ഞയെടുത്തത് 2007 ഏപ്രിൽ 7-നായിരുന്നു. പിന്നീട് 2007 സെപ്റ്റംബർ 4-ന് ഇദ്ദേഹം അരുണാചൽ പ്രദേശ് ഗവർണറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. [13][14]2008 ജനുവരിയിൽ ജോഗീന്ദർ ജസ്വന്ത് സിങ്ങ് അരുണാചൽ പ്രദേശ് ഗവർണറാകുന്നതുവരെ ഇദ്ദേഹം ഈ അധിക ചുമതല വഹിച്ചു. 2010 ജനുവരി 22-ന് ഇദ്ദേഹം മഹാരാഷ്ട്ര ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. [15] 2011 ഓഗസ്റ്റ് 27-ന് ഇദ്ദേഹം ഗോവയുടെ ഗവർണർ എന്ന അധിക ചുമതല വഹിച്ചിരുന്നു. ഇത് 2012 മേയ് 4 വരെ തുടർന്നു.[16]
അനുപമം ജീവിതം[17][18] - ആത്മകഥ
2014-ൽ മഹാരാഷ്ട്ര ഗവർണർ സ്ഥാനമൊഴിഞ്ഞശേഷം ശങ്കരനാരായണൻ സജീവരാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. വാർദ്ധക്യസഹജമായ നിരവധി ബുദ്ധിമുട്ടുകൾ അദ്ദേഹത്തെ ഇക്കാലമത്രയും പിടികൂടി. 2021-ൽ ഗുരുതരമായ ഒരു പക്ഷാഘാതം അനുഭവപ്പെട്ട അദ്ദേഹം, അതുമായി ബന്ധപ്പെട്ട് ചികിത്സയിൽ തുടരവേ 2022 ഏപ്രിൽ 24ന് വൈകിട്ട് 8:55ന് പാലക്കാട്ടെ സ്വവസതിയിൽ വച്ച് അന്തരിച്ചു. 89 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്.[19]ഏപ്രിൽ 25ന് വൈകുന്നേരം ഏഴൂമണിയോടെ ഭാരതപ്പുഴയുടെ തീരത്തുള്ള ചെറുതുരുത്തി പൈങ്കുളം വാഴാലിക്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള കടീക്കൽ തറവാട്ടുവീട്ടുവളപ്പിൽ സംസ്കാരച്ചടങ്ങുകൾ നടന്നു.[20] അദ്ദേഹത്തിന്റെ ഭാര്യ രാധ നേരത്തേ മരിച്ചിരുന്നു. ഒരു മകളുണ്ട്.
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
2001 | പാലക്കാട് നിയമസഭാമണ്ഡലം | കെ.ശങ്കരനാരായണൻ | കോൺഗ്രസ് യു.ഡി.എഫ് | ടി.കെ.നൗഷാദ് | സി.പി.എം എൽ.ഡി.എഫ് |
1991 | ഒറ്റപ്പാലം നിയമസഭാമണ്ഡലം | വി.സി. കബീർ | ഐ.സി.എസ്., എൽ.ഡി.എഫ്. | കെ. ശങ്കരനാരായണൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1987 | ഒറ്റപ്പാലം നിയമസഭാമണ്ഡലം | കെ. ശങ്കരനാരായണൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | വി.സി. കബീർ | ഐ.സി.എസ്., എൽ.ഡി.എഫ്. |
1982 | ശ്രീകൃഷ്ണപുരം നിയമസഭാമണ്ഡലം | ഇ. പത്മനാഭൻ | സി.പി.എം എൽ.ഡി.എഫ് | കെ.ശങ്കരനാരായണൻ | കോൺഗ്രസ് (ഐ) യു.ഡി.എഫ് |
1980 | ശ്രീകൃഷ്ണപുരം നിയമസഭാമണ്ഡലം | കെ.ശങ്കരനാരായണൻ | കോൺഗ്രസ് (ഐ) | എം.പി.കുഞ്ഞ് | സി.പി.എം എൽ.ഡി.എഫ് |
1977 | തൃത്താല നിയമസഭാമണ്ഡലം | കെ.ശങ്കരനാരായണൻ | കോൺഗ്രസ് യു.ഡി.എഫ് | പി.പി.കൃഷ്ണൻ | സി.പി.എം എൽ.ഡി.എഫ് |