കോയമ്പേട് | |
---|---|
ചെന്നൈയുടെ പരിസരപ്രദേശം | |
കോയമ്പേട് മാർക്കറ്റിന്റെ പ്രവേശനകവാടം | |
Country | India |
State | Tamil Nadu |
District | ചെന്നൈ |
മെട്രോ | ചെന്നൈ |
• ഭരണസമിതി | CMDA |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
Planning agency | CMDA |
കോയമ്പേട് ചെന്നൈ നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഒരു പരിസരപ്രദേശമാണ്.
വളരെ വിപുലമായ മാർക്കറ്റും, ചെന്നൈ മെട്രോ ബസ് ടെർമിനസും കോയമ്പേടിലാണുള്ളത്.
തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങളിലേക്കും, അന്യ സംസ്ഥാനങ്ങളിലേക്കുമുള്ള ബസ്സുകൾ പുറപ്പെടുന്ന സ്ഥലമായതു കൊണ്ട് കോയമ്പേട് രാപകൽ വ്യത്യാസമില്ലാതെ സദാ സജീവമായിരിക്കും.
ചെന്നൈ സെൻട്രൽ റയിൽവേ സ്റ്റേഷനിൽ നിന്നും പൂനമല്ലി ഹൈ റോഡ് വഴിയും, ചെന്നൈ വിമാനത്താവളത്തിൽ നിന്നും ജവഹർലാൽ നെഹ്രു റോഡ് (ഇന്നർ റിംഗ് റോഡ്) വഴിയും കോയമ്പേടിലെത്തിച്ചേരാനാകും.
വടപഴനി, അണ്ണാനഗർ, അരുമ്പാക്കം, അരുമ്പാക്കം എം.എം.ഡി.എ. കോളനി, അമിഞ്ചിക്കരൈ, വിരുഗമ്പാക്കം, നെർക്കുൻട്രം എന്നിവയാണ് കോടയമ്പേടിന്റെ പരിസര പ്രദേശങ്ങളിലുള്ള മറ്റു ചെറു പട്ടണങ്ങൾ.
കോയമ്പേട് മാർക്കറ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കോയമ്പേട് ഹോൾ സെയിൽ മാർക്കറ്റ് കോംപ്ലക്‌സിൽ പഴങ്ങളുടേയും, പച്ചക്കറികളുടേയും മൊത്ത വ്യാപാരം ചെയ്യുന്ന നിരവധി സ്ഥാപനങ്ങളുണ്ട്.
നഗരമദ്ധ്യത്തിൽ പാരീസിനടുത്ത കൊത്താൽ ചാവടി മാർക്കറ്റ് നിർത്തലാക്കിയ സാഹചര്യത്തിൽ 1996-ലാണ് കോയമ്പേട് മാർക്കറ്റ് സ്ഥാപിക്കപ്പെട്ടത്. ഏഷ്യയിലെ ഏറ്റവും വലിയ പഴം പച്ചക്കറി മൊത്തവ്യാപാര മാർക്കറ്റാണിത്.
പ്രതിദിനം 94 മില്ല്യൺ ലിറ്റർ മലിനജലം ശുദ്ധീകരിക്കുവാൻ പോന്ന രണ്ട് സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ കോയമ്പേടിൽ പ്രവർത്തിച്ചു വരുന്നു. ടി.നഗർ, കോടമ്പാക്കം, അണ്ണാനഗർ, വിരുഗമ്പാക്കം, മുഗപ്പെയർ തുടങ്ങിയ ചെന്നൈ നഗരത്തിന്റെ വിവിധ പരിസരപ്രദേശങ്ങളിൽ നിന്നുള്ള മലിനജലം ഈ പ്ലാന്റുകളിലാണ് ശുദ്ധീകരിക്കുന്നത്.
നിലവിലുള്ള ഈ രണ്ട് പ്ലാന്റുകൾക്ക് പുറമേ, പ്രതിദിനം 120 മില്ല്യൺ ലിറ്റർ മലിനജല ശുദ്ധീകരണം ചെയ്യാൻ പുതിയൊരു പ്ലാന്റ് നിർമ്മിക്കാനുള്ള പദ്ധതി നടപ്പിലായിക്കൊണ്ടിരിക്കുന്നു. രൂ. 1,160 മില്ല്യൺ ചെലവിൽ 25 ഏക്കർ വിസ്തൃതിയുള്ള കോമ്പൗണ്ടിൽ പുതിയ പ്ലാന്റ് പ്രവർത്തനസജ്ജമാകുന്നതോടെ മധുരവയൽ, അമ്പത്തൂർ, നെർക്കുൻട്രം തുടങ്ങിയ മറ്റു സമീപപ്രദേശങ്ങളിൽ നിന്നുള്ള മലിനജല ശുദ്ധീകരണവും സാധ്യമാകും.
ചെന്നൈ മൊഫുസിൽ ബസ് ടെർമിനസ് അഥവാ സി.എം.ബി.ടി. ഏഷ്യയിലെ ഏറ്റവും വലിയ ബസ് ടെർമിനസ് ആണ്.[1]
തമിഴ് നാടിന്റെ വിവിധ പ്രദേശങ്ങളിലേക്കും, കേരള, കർണ്ണാടക, ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലേക്കുമുള്ള ബസ്സുകൾ ഇവിടെ നിന്നും പുറപ്പെടുന്നു.
ഒരേ സമയം 270 ബസ്സുകൾക്ക് പ്രവേശിക്കാനാകുന്ന ഈ വലിയ ടെർമിനസ് വഴി പ്രതിദിനം 2000 ബസ് സർവീസുകൾ നടത്തി 2 ലക്ഷം യാത്രക്കാർക്ക് യാത്രാസൗകര്യമൊരുക്കുന്നു.
മുഗപ്പെയർ ഈസ്റ്റ് | തിരുമംഗലം | അരുമ്പാക്കം / അണ്ണാനഗർ | ||
നെർക്കുൻട്രം | അരുമ്പാക്കം | |||
കോയമ്പേട് | ||||
വിരുഗമ്പാക്കം | വടപഴനി | എം.എം.ഡി.എ. കോളനി / ചൂളൈമേട് |