ഒരു മലയാള ചലച്ചിത്രനടനായിരുന്നു ക്യാപ്റ്റൻ രാജു എന്ന സ്റ്റേജ് നാമത്തിൽ കൂടുതൽ അറിയപ്പെട്ടിരുന്ന രാജു ഡാനിയേൽ (ജീവിതകാലം: 27 ജൂൺ 1950 - 17 സെപ്റ്റംബർ 2018). സുവോളജിയിൽ പഠനം കഴിഞ്ഞതിനു ശേഷം രാജു തന്റെ 21-ആം വയസ്സിൽ ഇന്ത്യൻ പട്ടാളത്തിൽ ക്യാപ്റ്റനായി ചേർന്നു. പട്ടാളജീവിതത്തിനു ശേഷമാണ് രാജു ചലച്ചിത്രരംഗത്തേക്കു കടന്നത്. 600 ലധികം സിനിമകളിൽ ഇതുവരെ രാജു അഭിനയിച്ചിട്ടുണ്ട്. ഇതിൽ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകളും പെടും. ടെലിവിഷൻ സീരിയലുകളിലും പരസ്യങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.
സ്വഭാവ നടനായിട്ടൂം വില്ലൻ നടനായിട്ടുമാണ് കൂടൂതലും ക്യാപ്റ്റൻ രാജു അഭിനയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വില്ലൻ വേഷങ്ങൾ 1997 ൽ ഇതാ ഒരു സ്നേഹഗാഥ എന്ന സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. രാജു മലയാളം സീരിയലുകളിലും അഭിനയിക്കുന്നു. 1997 ൽ 'ഇതാ ഒരു സ്നേഹഗാഥ' എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനായും അരങ്ങേറി.
1950 ജൂൺ 27-ന് പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിൽ കെ.ജി. ഡാനിയേലിന്റെയും അന്നമ്മയുടെയും ഏഴു മക്കളിൽ മൂന്നാമത്തെ മകനായി ഓമല്ലൂരിൽ ജനിച്ച രാജു ഓമല്ലൂർ ഗവ: യു.പി. സ്കൂളിലും എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.[1] എലിസബത്ത്, സാജി, സോഫി, സുധ എന്നീ നാല് സഹോദരിമാരും ജോർജ്ജ്, മോഹൻ എന്നീ രണ്ട് സഹോദരന്മാരുമാരിന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ രണ്ടുപേരും ഓമല്ലൂർ സർക്കാർ യു.പി. സ്കൂളിലെ അധ്യാപകരായിരുന്നു.[2] യുപി സ്കൂൾ ഒമലൂർ. വിദ്യാഭ്യാസകാലത്ത് അദ്ദേഹം ഒരു മികച്ച വോളിബോൾ കളിക്കാരനായിരുന്നു.[3] പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജിൽ നിന്നാണ് അദ്ദേഹം സുവോളജിയിൽ ബിരുദം നേടിക്കൊണ്ടാണ് തന്റെ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.[4][4] ബിരുദാനന്തരം രാജു തന്റെ 21 ആമത്തെ വയസ്സിൽ ഇന്ത്യൻ ആർമിയിൽ ഒരു ഉദ്യോഗസ്ഥനായി ചേരുകയും ക്യപ്റ്റൻ റാങ്കുവരെ ഉയരുകയും ചെയ്തു. 5 വർഷം ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച അദ്ദേഹം കുറച്ചുകാലം മുംബൈയിലെ 'ലക്ഷ്മി സ്റ്റാർച്ച്' എന്ന കമ്പനിയിൽ മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്യുകയും പിന്നീട് സിനിമകളിൽ അഭിനയിക്കാനായി ജോലി ഉപേക്ഷിക്കുകയും ചെയ്തു.[5] കമ്പനിയിൽ ജോലി ചെയ്യുന്നതിനിടയിൽ മുംബൈയിലെ പ്രതിഭാ തിയേറ്ററുകൾ പോലുള്ള അമേച്വർ നാടകസംഘങ്ങളിൽ അഭിനയിക്കാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. പിന്നീടാണ് ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവന്നത്. ഇതാ ഒരു സ്നേഹഗാഥ എന്ന ആദ്യ ചിത്രത്തിനുശേഷം അദ്ദേഹം സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം മിസ്റ്റർ പവനായി 99.99 (2012) ആയിരുന്നു. 1987-ലെ മലയാളം ചലച്ചിത്രമായ നാടോടിക്കാറ്റിലെ മിസ്റ്റർ പവനായി (പി.വി. നാരായണൻ) എന്ന അദ്ദേഹത്തിന്റെ കഥാപാത്രത്തെ ഈ ചിത്രത്തിലൂടെ അദ്ദേഹം പുനരവതരിപ്പിച്ചു.
2003-ൽ തൃശ്ശൂർ ജില്ലയിലെ കുതിരാനിൽ വച്ചുണ്ടായ വാഹനാപകടത്തിനുശേഷം രാജുവിനെ വിവിധ രോഗങ്ങൾ പിടികൂടുകയുണ്ടായി. 2015 മാർച്ചിൽ അദ്ദേഹത്തിന് ഒരു ഹൃദയാഘാതം സംഭവിയ്ക്കുകയും അദ്ദേഹത്തെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. 2018 ജൂൺ 25-ന് ന്യൂയോർക്കിൽ താമസമുള്ള തന്റെ മകനെ സന്ദർശിക്കാൻ പോകവേ വിമാനത്തിൽ വെച്ച് അദേഹത്തിന് കടുത്ത മസ്തിഷ്കാഘാതം ഉണ്ടായി. തുടർന്ന് വിമാനം മസ്ക്കറ്റിൽ ഇറക്കി അദ്ദേഹത്തെ അവിടെയുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കൂടുതൽ ചികിത്സകൾക്കായി പിന്നീട് അദ്ദേഹത്തെ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആശുപത്രി വിട്ട അദ്ദേഹം രോഗം ഗുരുതരമായതിനെ തുടർന്ന് കൊച്ചി പാലാരിവട്ടത്തെ വസതിയിൽ വെച്ച് 2018 സെപ്റ്റംബർ 17-ന് നിര്യാതനായി.[6] സെപ്റ്റംബർ 21 ന് പത്തനംതിട്ട പുത്തൻപീടിക സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ അദ്ദേഹത്തെ പൂർണ്ണ സംസ്ഥാന ബഹുമതികളോടെ സംസ്‌കരിച്ചു.[7][8]
പ്രമീളയാണ് രാജുവിന്റെ ഭാര്യ. ഇവർക്ക് രവി എന്ന പേരിൽ ഒരു മകനുണ്ട്.[9][10] കൊച്ചി പാലാരിവട്ടത്ത് ആണ് അദ്ദേഹം താമസിച്ചിരുന്നത്. ഒരു ക്രിസ്തുമതവിശ്വാസിയായിരുന്ന രാജു, പക്ഷേ എല്ലാ മതങ്ങളെയും ബഹുമാനിയ്ക്കുകയും അവയിലെ തത്ത്വങ്ങൾ ഉൾക്കൊള്ളുകയും ചെയ്തിരുന്നു. അഭിമുഖങ്ങളിൽ പലതവണ അദ്ദേഹം അക്കാര്യം പറയുകയുണ്ടായിട്ടുണ്ട്.