ബണ്ടൈൻ ഹൈവേയിൽ സ്ഥിതിചെയ്യുന്ന നോർത്തേൺ ടെറിട്ടറിയിലെ ഒരു ചെറിയ ടൗൺഷിപ്പാണ് കൽക്കരിന്ദ്‌ജി (മുമ്പ് വേവ് ഹിൽ എന്നറിയപ്പെട്ടിരുന്നു, കൽക്കിരിംഗി എന്നും എഴുതപ്പെടുന്നു). 2006 ലെ സെൻസസ് പ്രകാരം കൽഗരിന്ദ്‌ജിയും ഡാഗുരാഗുവിനും ചേർന്നുള്ള ആകെ ജനസംഖ്യ 544 ആയിരുന്നു.[1] 2016 ലെ സെൻസസ് പ്രകാരം കൽക്കരിന്ദ്‌ജിയുടെ മാത്രം ജനസംഖ്യ 334 ആയിരുന്നു.[2] ഡാഗുരാഗുവിലും കൽക്കരിന്ദ്‌ജിയിലും സമീപസ്ഥലങ്ങളും ചേർത്ത് 510 ആളുകളാണുണ്ടായിരുന്നത്.[3]
കാതറിനു തെക്ക് പടിഞ്ഞാറ് ഭാഗത്തായി 460 കിലോമീറ്റർ അകലെയാണ് കൽക്കരിംഗി നഗരം സ്ഥിതി ചെയ്യുന്നത്. 260 ഹെക്ടർ വിസ്തൃതിയുള്ള കൽക്കരിംഗി നഗരം 1976 സെപ്റ്റംബറിൽ ഒരു തുറന്ന പട്ടണമായി ഗസറ്റ് ചെയ്യപ്പെട്ടു. ഇത് ഒരു തുറന്ന പട്ടണമായതിനാൽ ഇവിടുത്തെ താമസക്കാർക്കോ സന്ദർശകർക്കോ പെർമിറ്റ് ആവശ്യമില്ല. ടാറിട്ട റോഡ് വഴി കൽകരിംഗിയിൽ നിന്ന് 8 കിലോമീറ്റർ വടക്കായാണ് ഡാഗുരാഗു സ്ഥിതി ചെയ്യുന്നത്. പരമ്പരാഗത ഉടമകളിൽ നിന്ന് സെൻട്രൽ ലാൻഡ് കൗൺസിൽ വഴി ഡാഗുരാഗു സന്ദർശിക്കാൻ അനുമതി ആവശ്യമാണ്.
വേവ് ഹിൽ കന്നുകാലി കേന്ദ്രത്തിനു കീഴിലുള്ള ഭൂമിയുടെ ജനസംഖ്യാകേന്ദ്രങ്ങളാണ് കൽക്കരിന്ദ്‌ജിയും സമീപത്തുള്ള ഡാഗുരാഗുവും. 1966-ൽ വിൻസെന്റ് ലിംഗാരിയുടെ നേതൃത്വത്തിൽ തദ്ദേശീയ തൊഴിലാളികൾ ഇവിടുത്തെ അടിച്ചമർത്തപ്പെടുന്ന തൊഴിൽ സമ്പ്രദായങ്ങൾക്കെതിരെ പ്രതിഷേധ ധർണ്ണ നടത്തി. 1975 ൽ യു.കെ. ആസ്ഥാനമായുള്ള സ്റ്റേഷൻ ഉടമകളായ വെസ്റ്റെ ഗ്രൂപ്പും ഓസ്‌ട്രേലിയൻ സർക്കാരും ഭൂമിയുടെ ഭൂരിഭാഗവും ഗുരിന്ദ്‌ജി ജനങ്ങൾക്ക് തിരിച്ചുനൽകി.
ഇവിടുത്തെ കാലാവസ്ഥ മൺസൂണിന്റെ സ്വാധീനത്തിനു വിധേയമാണ്. എന്നാൽ നനഞ്ഞതും വരണ്ടതുമായ കാലാവസ്ഥാ രീതികൾ സ്ഥിരമായി സംഭവിക്കുന്നില്ല. വാർഷിക മഴ 400 മുതൽ 500 മില്ലിമീറ്റർ വരെയാണ്. ഇതിൽ ഭൂരിഭാഗവും ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഉണ്ടാകുന്നത്. ഏറ്റവും ചൂടേറിയ മാസങ്ങൾ ഡിസംബർ, ജനുവരി മാസങ്ങളാണ്. ശരാശരി 36 - 39 ഡിഗ്രി വരെയാണ് ഈ പ്രദേശത്തെ താപനില. ജൂൺ, ജൂലൈ മാസങ്ങളിലെ തണുത്ത മാസങ്ങൾ വളരെ സുഖകരമാണ്. ശരാശരി താപനില 24 - 27 ഡിഗ്രിയും കുറഞ്ഞത് 9 - 12 ഡിഗ്രിയുമാണ്.