ഒരു മുസ്ലീം സൂഫി സന്യാസിയും ഇപ്പോഴത്തെ ബംഗ്ലാദേശിലുള്ള ബഗേർഹാട് പ്രദേശത്തെ ഭരണാധികാരിയുമായിരുന്നു ഖാൻ ജഹൻ അലി (ഉസ്ബെക് ഭാഷ:ജഹനോലി ഖാൻ) (ബംഗാളി: খান জাহন আলি) (മരണം: 1459 ഒക്ടോബർ 25). ഇദ്ദേഹം ഉല്ലൂഖാൻ, ഖാൻ-ഇ-അസം എന്നീ പേരുകളിലും അറിയപ്പെടുന്നു. 'ഖാൻ-ഇ-അസം' എന്ന ഔദ്യോഗിക ബഹുമതി സൂചിപ്പിക്കുന്നത് ഇദ്ദേഹം ബംഗാൾ സുൽത്താനായിരുന്ന നസീറുദ്ദീൻ മുഹമ്മദ് ഷായുടെ (1437– 1459) ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നുവെന്നാണ്. 'ഉല്ലൂഘ് ഖാൻ' എന്ന പേരിലെ ആദ്യപദമായ 'ഉല്ലൂഘ്' എന്നത് ഉസ്ബെക് ഭാഷയിലെ പദമാണ്. പ്രശസ്തമായ സിക്സ്റ്റി ഡോം മോസ്ക് പണികഴിപ്പിച്ചത് ഖാൻ ജഹൻ അലിയാണെന്ന് കരുതപ്പെടുന്നു.
1398-ൽ തിമൂർ ഡെൽഹി പിടിച്ചെടുത്തപ്പോഴാണ് ഖാൻ ജഹൻ അലി ബംഗാളിലെത്തിയത്. ഡെൽഹി സുൽത്താനിൽ നിന്നും ബംഗാൾ സുൽത്താനിൽ നിന്നും സുന്ദർബൻസ് പ്രദേശത്തിന്റെ ഭരണം ഇദ്ദേഹത്തിനു ലഭിച്ചു. സുന്ദർബൻസ് പ്രദേശത്തെ കാടുകൾ വെട്ടിത്തെളിച്ച് ഇദ്ദേഹം അവിടെ വീടുകൾ നിർമ്മിച്ചു.
ഖലീഫത്താബാദ് എന്നുപേരായ സ്ഥലം മുതൽ വടക്കൻ നരായിൽ വരെയുള്ള പ്രദേശങ്ങൾ ഖാൻ ജഹൻ അലിയുടെ നിയന്ത്രണത്തിലായിരുന്നു.
പതിനഞ്ചാം നൂറ്റാണ്ടിൽ പത്മ നദിയുടെ ദക്ഷിണ ഡെൽറ്റാ പ്രദേശങ്ങൾ (സുന്ദർബൻ ഡെൽറ്റ) ഭരിച്ചിരുന്നത് ഖാൻ ജഹൻ അലിയായിരുന്നു. ബഗേർഹാട് ആയിരുന്നു ഇദ്ദേഹത്തിന്റെ ഭരണ തലസ്ഥാനം.[1] ഇന്നത്തെ ബംഗ്ലാദേശിലുള്ള ഖുൽന, ഗ്രേറ്റർ ജെസോർ ജില്ലകൾ നിലനിൽക്കുന്ന പ്രദേശത്ത് നിരവധി പട്ടണങ്ങൾ, മുസ്ലീം പള്ളികൾ, മദ്രസകൾ, സറായികൾ, റോഡുകൾ, ഹൈവേകൾ, പാലങ്ങൾ എന്നിവ ഇദ്ദേഹം പണികഴിപ്പിച്ചിട്ടുണ്ട്. ഈ നിർമ്മിതികളെല്ലാം ഉൾപ്പെടുന്നതാണ് ഇന്നത്തെ ബഗേർഹാട്ടിലുള്ള മോസ്ക് സിറ്റി. ഖലീഫത്താബാദിലുള്ള (ഇന്നത്തെ ബഗേർഹാട്) പട്ടണങ്ങൾ കൂടാതെ മാറുലി കസബ, പൈഗ്രാം കസ്ബ, ബാരാ കസ്ബ എന്നീ നഗരങ്ങളും ഖാൻ ജഹൻ അലി പണികഴിപ്പിച്ചവയിൽ ഉൾപ്പെടുന്നു. ബഗേർഹാട്ടിൽ നിന്നും ചിറ്റഗോങ്ങിലേക്ക് 32 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ഹൈവേയുടെ സമന്തസേന മുതൽ ബദ്ഖലി വരെയുള്ള ഭാഗവും ഖുൽന ജില്ലയിലെ ഷുവബാരാ മുതൽ ദൗലത്ത്പൂർ വരെയുള്ള റോഡും ഇദ്ദേഹമാണ് നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു.
ബഗേർഹാട്ടിലെ ശത്ഗുംബജ് പള്ളി അഥവാ സിക്സ്റ്റി ഡോം മോസ്ക് (1459-ൽ നിർമ്മിച്ചു), മസ്ജിദ്കുർ മോസ്ക് എന്നിവ ഖാൻ ജഹൻ അലി പണികഴിപ്പിച്ച പ്രധാനപ്പെട്ട നിർമ്മിതികളിൽ ഉൾപ്പെടുന്നു. ഇദ്ദേഹത്തിന്റെ ശവകുടീരത്തിനു സമീപം സ്ഥിതിചെയ്യുന്ന ഒരു ഡോം മാത്രമുള്ള മുസ്ലീം പള്ളിയും പ്രശസ്തമാണ്. സിക്സ്റ്റി ഡോം മോസ്കിനു പടിഞ്ഞാറു വശത്ത് 460 മീറ്റർ നീളവും 230 മീറ്റർ വീതിയുമുള്ള ഒരു കുളം സ്ഥിതിചെയ്യുന്നുണ്ട്. ഘോരദിഘി എന്നറിയപ്പെടുന്ന ഈ കുളവും ശവകുടീരത്തിനു സമീപമുള്ള ഖഞ്ചാലി ദിഘി എന്ന കുളവും ഖാൻ ജഹൻ തന്നെയാണ് പണികഴിപ്പിച്ചിട്ടുള്ളത്. ഇദ്ദേഹത്തിന്റെ നിർമ്മിതികൾക്ക് തനതായ വാസ്തുവിദ്യാ ശൈലിയാണുള്ളത്. ഖാൻ ജഹന്റെ പേരിൽ ഈ വാസ്തുവിദ്യാ ശൈലി അറിയപ്പെടുന്നു. ഖുൽന, ജെസ്സോർ, ബരിസൽ എന്നീ ജില്ലകളിലെ നിരവധി കെട്ടിടങ്ങൾ ഖാൻ ജഹൻ ശൈലിയിലാണ് നിർമ്മിച്ചിട്ടുള്ളത്.
1459 ഒക്ടോബർ 25-ന് (ഹിജ്റ വർഷം 863, ദുൽഹജ്ജ് 27-ന്) ഖാൻ ജഹൻ അലി അന്തരിച്ചു. ഖാൻ ജഹൻ പണികഴിപ്പിച്ച ശവകുടീരത്തിൽ തന്നെയാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്നത്.[2]
ബംഗ്ലാദേശിലെ ബഗേർഹാട്ടിലെ മോംഗ്ലയിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു വിമാനത്താവളത്തിനു ഖാൻ ജഹൻ അലിയുടെ പേരാണ് നൽകിയിരിക്കുന്നത്.[3] ഖാൻ ജഹന്റെ ഭരണ തലസ്ഥാനമായിരുന്ന ബഗേർഹാട്ടിനെ 1985-ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
{{cite news}}
: Text "Bangladesh" ignored (help)