2009 മുതൽ 2014 വരെ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ജമ്മു & കാശ്മീരിൽ നിന്നുള്ള മുതിർന്ന മുൻ കോൺഗ്രസ് നേതാവാണ്[1] ഗുലാം നബി ആസാദ്.[2] (ജനനം: 7 മാർച്ച് 1949) [3][4][5] 2014 മുതൽ 2021 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന ആസാദ് അഞ്ച് തവണ രാജ്യസഭാംഗം, രണ്ട് തവണ ലോക്സഭാംഗം, 2005 മുതൽ 2008 വരെ ജമ്മു & കാശ്മീരിൻ്റെ മുഖ്യമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചു.[6][7][8][9][10][11][12]
ജമ്മു & കാശ്മീരിലെ ദോഡ ജില്ലയിലുള്ള ഭലീസയിൽ റഹ്മത്തുള്ള ഭട്ടിൻ്റെയും ബസ ബീവിയുടേയും മകനായി 1949 മാർച്ച് ഏഴിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഭദർവയിലുള്ള ഗവ. കോളേജിൽ നിന്ന് ബിരുദവും ജമ്മുവിലുള്ള ജി.ജി.എം സയൻസ് കോളേജിൽ നിന്ന് ബി.എസ്.സി ബിരുദവും കാശ്മീർ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ബിരുദവും നേടി പഠനം പൂർത്തിയാക്കി.
1973-ൽ ഭലീസയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായിട്ടാണ് പൊതുരംഗപ്രവേശനം. പിന്നീട് യൂത്ത് കോൺഗ്രസ് നേതാവായി മാറിയ അസാദ് 1980-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ വഷീം മണ്ഡലത്തിൽ നിന്ന് ആദ്യമായി മത്സരിച്ച് ജയിച്ച് 1982-ൽ കേന്ദ്രമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
1990-ൽ ആദ്യമായി രാജ്യസഭാംഗമായ ആസാദ് പിന്നീട് നാല് തവണ കൂടി രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2002-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം കിട്ടിയപ്പോൾ രണ്ടാം ടേമിൽ 2005-ൽ ആദ്യമായി ജമ്മു & കാശ്മീർ മുഖ്യമന്ത്രിയായി.
2006-ലെ നിയമസഭ ഉപ-തിരഞ്ഞെടുപ്പിൽ
ദദേർവ മണ്ഡലത്തിൽ നിന്നും നിയമസഭാംഗമായ ആസാദ് 2008-ലെ
നിയമസഭ തെരഞ്ഞെടുപ്പിലും ഭദേർവ
മണ്ഡലത്തിൽ നിന്നും വിജയിച്ചു.
2008-ൽ സഖ്യകക്ഷിയായ പി.ഡി.പി പിന്തുണ പിൻവലിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നൊഴിഞ്ഞ ആസാദ് 2009-ൽ വീണ്ടും രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന്
നിയമസഭാംഗത്വം രാജിവച്ചു.
2009 മുതൽ 2014 വരെ രണ്ടാം മൻമോഹൻ സിംഗ് സർക്കാരിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചു. 2015-ൽ അഞ്ചാം വട്ടം രാജ്യസഭയിലെത്തിയ ആസാദ് 2014 മുതൽ 2021 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. 2022 ഫെബ്രുവരിയിൽ രാജ്യസഭ കാലാവധി പൂർത്തിയായതിനെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു.
2022 ഓഗസ്റ്റ് 26ന് കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ചു.[13] 2022 സെപ്റ്റംബർ 26ന് പുതിയ രാഷ്ട്രീയ പാർട്ടിയായ ഡെമോക്രാറ്റിക് ആസാദ് പാർട്ടി രൂപീകരിച്ചു.[14]2022 ഡിസംബർ 27-ന് അദ്ദേഹം തന്റെ പാർട്ടിയുടെ പേര് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി എന്നാക്കി മാറ്റി.
പ്രധാന പദവികളിൽ
1973 : സെക്രട്ടറി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി, ഭലീസ
1975 : സംസ്ഥാന പ്രസിഡൻറ്, യൂത്ത് കോൺഗ്രസ്
1980 : ദേശീയ പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ്
1980 : ലോക്സഭാംഗം, വഷീം (1)
1982 : കേന്ദ്രമന്ത്രി
1984 : ലോക്സഭാംഗം, വഷീം (2)
1990-1996 : രാജ്യസഭാംഗം, (1)
1991-1996 : കേന്ദ്രമന്ത്രി
1996-2002 : രാജ്യസഭാംഗം, (2)
2002-2006 : രാജ്യസഭാംഗം, (3)
2004-2005 : കേന്ദ്രമന്ത്രി
2005-2008 : ജമ്മു & കാശ്മീർ മുഖ്യമന്ത്രി
2006-2008 : നിയമസഭാംഗം,ഭദേർവ (1)
2008-2009 : നിയമസഭാംഗം,ഭദേർവ (2)
2009-2015 : രാജ്യസഭാംഗം, (4)
2009-2014 : കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി
2014-2021 : രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്
2015-2021 : രാജ്യസഭാംഗം, (5)
2022 : കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ചു[15]പുതിയ രാഷ്ട്രീയ പാർട്ടിയായ ഡെമോക്രാറ്റിക് ആസാദ് പാർട്ടി രൂപീകരിച്ചു.[16]2022 ഡിസംബർ 27-ന് അദ്ദേഹം തന്റെ പാർട്ടിയുടെ പേര് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി എന്നാക്കി മാറ്റി.